Asianet News MalayalamAsianet News Malayalam

ജീവനക്കാർക്ക് ആശ്വസിക്കാം, ക്ഷാമബത്ത ഉയർത്തിയേക്കും; എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കില്ലെന്ന് കേന്ദ്രം

എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കാൻ  ഉദ്ദേശിക്കുന്നില്ല. എന്നാൽ ക്ഷാമബത്ത ഉയർത്തിയേക്കും, വ്യക്തത വരുത്തി കേന്ദ്ര സർക്കാർ 
 

not considering setting up 8th Pay Commission
Author
Trivandrum, First Published Aug 9, 2022, 12:28 PM IST

ദില്ലി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നതിന് എട്ടാം ശമ്പള കമ്മീഷനെ നിയമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. ലോക്സഭയിൽ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2026 ജനുവരി ഒന്നിന് പരിഷ്കരിച്ച ശമ്പളം നൽകണം എന്നുണ്ടെങ്കിൽ ഇപ്പോൾ ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിക്കേണ്ട സമയമാണ്. കേന്ദ്ര സർക്കാർ ജീവനക്കാർക്കായി എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിനായി അത്തരത്തിലുള്ള ഒരു നിർദ്ദേശവും സർക്കാരിന്റെ പരിഗണനയിലില്ല എന്ന് പങ്കജ് ചൗധരി വ്യക്തമാക്കി.  

ലോക്സഭയിൽ എഴുതി നൽകിയ മറുപടിയിലാണ് ശമ്പള കമ്മീഷനെ നിയമിക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര സഹമന്ത്രി പറഞ്ഞത്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ ഉണ്ടാകുന്ന മൂല്യച്യുതി പരിഹരിക്കുന്നതിനായി ക്ഷാമബത്ത ഉയർത്തുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ ആറു മാസത്തിലും രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം അടിസ്ഥാനമാക്കി ക്ഷാമബത്ത ഉയർത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്.

Read Also: ഒരു രൂപ പോലും ശമ്പളം വേണ്ട; ഇത്തവണയും 15 കോടി വേണ്ടെന്ന് വെച്ച് മുകേഷ് അംബാനി, കാരണം ഇതാണ്

ഇതിനു മുൻപ് 2014ലാണ് കേന്ദ്ര സർക്കാർ ഒരു ശമ്പള പരിഷ്ക്കരണ കമ്മീഷന് രൂപം നൽകിയത്. 2014 ഫെബ്രുവരി മാസത്തിലായിരുന്നു ഈ കമ്മീഷൻ നിലവിൽ വന്നത്. ഈ കമ്മീഷൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി 2016 ജനുവരി ഒന്നു മുതൽ കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചിരുന്നു. 

എന്താണ് ശമ്പള കമ്മീഷൻ?

സർക്കാർ ജീവനക്കാരുടെ ശമ്പള ഘടനയിൽ മാറ്റം വരുത്താൻ ശുപാർശ ചെയ്യുന്നതിനായി സർക്കാർ രൂപീകരിച്ച ഒരു ബോഡിയാണ് ശമ്പള കമ്മീഷൻ. ഇത് ആദ്യമായി 1946 ജനുവരിയിൽ രൂപീകരിച്ചു. 1947 മെയ് മാസത്തിൽ ശ്രീനിവാസ വരദാചാര്യരുടെ അധ്യക്ഷതയിൽ ആദ്യ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

ശുപാർശകൾ സമർപ്പിക്കാൻ കമ്മിഷന് സാധാരണയായി 18 മാസത്തെ സമയം നൽകും. കമ്മിഷൻ ഇന്ത്യൻ ഗവൺമെന്റിന്റെ സിവിൽ, സൈനിക വിഭാഗങ്ങളുടെ ശമ്പള ഘടന അവലോകനം ചെയ്യുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. ന്യൂ ഡൽഹിയിലാണ് ശമ്പള കമ്മീഷന്റെ ആസ്ഥാനം.

Read Also: ചൈനയെ മലർത്തിയടിക്കാൻ ഇന്ത്യ; 12,000 രൂപയിൽ താഴെയുള്ള സ്മാർട്ടഫോണുകൾ ഇനി വേണ്ട

വിലക്കയറ്റം ഉൾപ്പെടെയുള്ള നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് കമ്മീഷൻ  ശുപാർശകൾ നൽകുക. ക്ഷാമബത്ത (ഡിഎ), ഫിറ്റ്‌മെന്റ് ഘടകം, അടിസ്ഥാന ശമ്പളം എന്നിവ കമ്മീഷൻ  ചർച്ചചെയ്യുന്നു.

2013ൽ അന്നത്തെ ധനമന്ത്രി പി ചിദംബരം ഏഴാം ശമ്പള കമ്മീഷൻ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജസ്റ്റിസ് എ കെ മാത്തൂരിനെയാണ് കമ്മീഷൻ അധ്യക്ഷനായി തിരഞ്ഞെടുത്തത്. 2016 ജൂൺ 29 ന്, നരേന്ദ്ര മോഡി സർക്കാർ ജീവനക്കാരുടെ ശമ്പളം 14 ശതമാനം വർധിപ്പിക്കാനുള്ള കമ്മീഷന്റെ ശുപാർശകൾ അംഗീകരിച്ചു. 2017 നവംബർ 9-ന്, സർക്കാർ ജീവനക്കാർക്ക് വീട് വാങ്ങുന്നതിന് വായ്പയെടുക്കുന്നതിനുള്ള പരമാവധി പരിധി നേരത്തെ 7.5 ലക്ഷം രൂപയിൽ നിന്ന് 2.5 ദശലക്ഷമായി ഉയർത്തി. കടമെടുത്ത തുകയുടെ പലിശ നിരക്ക് 8.5 ശതമാനമായി നിശ്ചയിച്ചു.സായുധ സേനകൾക്ക്, സായുധ സേനകൾക്കും സിവിൽ ഡിഫൻസ് സേനകൾക്കും പ്രത്യേക ശമ്പള മെട്രിക്സും അലവൻസ് സംവിധാനങ്ങളും ഏഴാം ശമ്പള കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. 

Read Also: ക്രെഡിറ്റ് സ്‌കോറിൽ സംശയങ്ങളുണ്ടോ? പരാതികൾ പരിഹരിക്കപ്പെടുന്നില്ലെങ്കിൽ നേരിട്ട് ആർബിഐയെ സമീപിക്കാം

Follow Us:
Download App:
  • android
  • ios