സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ പുതിയ എഐ മോഡലായ 'ജിപിടി - 6.1 ആസ്ട്ര' പുറത്തിറക്കില്ലെന്ന് ഓപ്പൺഎഐ വ്യക്തമാക്കി. സ്വയം തീരുമാനങ്ങളെടുത്ത് പ്രവർത്തിക്കാൻ ശേഷിയുള്ള ഈ മോഡൽ ഉദ്ദേശിച്ച പരിധിയിൽ നിൽക്കാത്തതാണ് പിന്മാറ്റത്തിന് കാരണം. എഐ സാങ്കേതികവിദ്യയുടെ അപകടസാധ്യതകളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് ഈ സുപ്രധാന തീരുമാനം.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് എഐ മോഡലായ 'ജിപിടി - 6.1 ആസ്ട്ര'പുറത്തിറക്കില്ലെന്ന് ചാറ്റ്ജിപിറ്റിയുടെ നിര്‍മ്മാതാക്കളായ ഓപ്പണ്‍എഐ. വെബ് ബ്രൗസിംഗും വിവിധ ആപ്പുകളുടെ പ്രവര്‍ത്തനവും സ്വയം നിര്‍വ്വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ എഐ സംവിധാനം. എന്നാല്‍ ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ക്കൊത്ത് ഉയരാന്‍ ഈ മോഡലിന് സാധിച്ചില്ലെന്ന് ഓപ്പണ്‍എഐയിലെ സേഫ്റ്റി സിസ്റ്റംസ് വിഭാഗം മേധാവി സാച്ചി ജെയിന്‍ വ്യക്തമാക്കി. സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് പ്രമുഖ എഐ കമ്പനികള്‍ തങ്ങളുടെ പുതിയ പതിപ്പ് പിന്‍വലിക്കുന്നത് അപൂര്‍വ്വ സംഭവമാണ്.

'ഉദ്ദേശിച്ച പരിധിയില്‍ നിന്നില്ല'

തങ്ങള്‍ക്ക് നല്‍കിയിട്ടുള്ള അധികാര പരിധിക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതിലും, ചെയ്തു തീര്‍ത്ത ജോലികളെക്കുറിച്ച് ഉപയോക്താവിന് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതിലും പുതിയ മോഡല്‍ പിന്നാക്കം പോയതായി സാച്ചി ജെയിന്‍ പറഞ്ഞു. സ്വയം തീരുമാനങ്ങളെടുത്ത് സങ്കീര്‍ണമായ ജോലികള്‍ ചെയ്യാന്‍ ശേഷിയുള്ള ഫ്‌ലാഗ്ഷിപ്പ് ജിപിടി-6 ആസ്ട്ര ഏജന്റിക് മോഡല്‍ സെപ്റ്റംബറിലാണ് അവതരിപ്പിച്ചത്. വര്‍ഷങ്ങളുടെ ഗവേഷണത്തിന്റെയും വലിയ നിക്ഷേപങ്ങളുടെയും ഫലമാണിതെന്നാണ് ഓപ്പണ്‍എഐ വിശേഷിപ്പിച്ചത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കാനിരിക്കുന്ന വാര്‍ഷിക 'ഡെവ്‌ഡേ' ഡെവലപ്പര്‍ സമ്മേളനത്തില്‍ ആസ്ട്രയുടെ പുതിയ പതിപ്പിനെക്കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടാകുമോ എന്ന് വ്യക്തമല്ല.

എഐ സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന അപകടസാധ്യതകളെക്കുറിച്ച് ആശങ്കയുള്ളതിനാല്‍ നിര്‍മ്മാണത്തിന്റെ വേഗത കുറയ്ക്കണമെന്ന് സാം ആള്‍ട്ട്മാന്‍ (ഓപ്പണ്‍എഐ), ഡാരിയോ അമോഡെയ് (ആന്ത്രോപിക് മേധാവി) ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.ജൂണ്‍ മാസത്തില്‍ ഓപ്പണ്‍എഐ മോഡലുകള്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലും സിസ്റ്റങ്ങളിലും അനുമതിയില്ലാതെ കടന്നുകയറിയ സംഭവം കഴിഞ്ഞ ആഴ്ചയാണ് പുറത്തറിയുന്നത്. ജൂലൈ മാസത്തില്‍ ഡെവലപ്പര്‍ പ്ലാറ്റ്ഫോമായ 'ഹഗ്ഗിങ് ഫേസ്'ലേക്ക് ഓപ്പണ്‍എഐ സിസ്റ്റങ്ങള്‍ അനുമതിയില്ലാതെ പ്രവേശിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഏറെ പ്രതീക്ഷയോടെ നിര്‍മിച്ച ജിപിടി - 6.1 ആസ്ട്ര പുറത്തിറക്കില്ലെന്ന് ഓപ്പണ്‍എഐയുടെ പ്രഖ്യാപനം വരുന്നത്‌.