Asianet News MalayalamAsianet News Malayalam

പെട്രോളിനും ഡീസലിനും കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കൂട്ടി

ലിറ്ററിന് കുറഞ്ഞ് 5 രൂപയെങ്കിലും  ഉടന്‍ കുറയേണ്ട സാഹചര്യമാണ് ഉണ്ടായിരുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കൂട്ടിയതോടെ  വിലക്കുറവിന്‍റെ ആനുകൂല്യം ഉപഭോക്താവിന് നഷ്ടമാകുകയാണ്.

PETROL DIESEL PRICE HIKE AS CENTRE  INCREASES TAX
Author
Delhi, First Published Mar 14, 2020, 9:49 AM IST

ദില്ലി: പെട്രോളിനും ഡീസലിനും കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കൂട്ടി. റോഡ് സെസ് അടക്കം ലിറ്ററിന് 3 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞു നില്‍ക്കുന്നതിനാല്‍ തീരുവ വര്‍ദ്ധിപ്പിച്ചുവെങ്കിലും എണ്ണക്കമ്പനികള്‍ പെട്രോളിനും ഡീസലിനും വില കൂട്ടാനുള്ള സാധ്യത കുറവാണ്. 

രാജ്യാന്തര വിപണിയിലെ എണ്ണവിലക്ക് അനുസരിച്ച് രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില നിശ്ചയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്കാണ്. കോവിഡ് 19 ഭീഷണിയും രാജ്യാന്തര വിപണിയില്‍ സൗദി അറേബ്യ സ്വീകരിച്ച നടപടികള്‍ മൂലവും  എണ്ണ വില ഇപ്പോള്‍ 33 ഡോളറിനരികെയാണ്. സമീപകാലത്തൊന്നും എണ്ണവില ഇത്രയും താഴ്ന്നിട്ടില്ല. അതു കൊണ്ടു തന്നെ രാജ്യത്ത്  പെട്രോളിന്‍റേയും ഡീസലിന്‍റെയും വില  എണ്ണക്കമ്പനികള്‍ ആനുപാതികമായി കുറക്കേണ്ടതായിരുന്നു. 

ലിറ്ററിന് കുറഞ്ഞ് 5 രൂപയെങ്കിലും  ഉടന്‍ കുറയേണ്ട സാഹചര്യമാണ് ഉണ്ടായിരുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കൂട്ടിയതോടെ  വിലക്കുറവിന്‍റെ ആനുകൂല്യം ഉപഭോക്താവിന് നഷ്ടമാകുകയാണ്. ലിറ്ററിന് 3 രൂപയാണ് തീരുവയായും റോഡ് സെസായും കേന്ദ്ര സര്‍ക്കാര്‍ കൂട്ടിയത്. ഇതോടെ വിലക്കുറവിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ട  ആനുകൂല്യം ഇല്ലാതായി. 

ഈ പണം നേരെ കേന്ദ്ര സര്‍ക്കാരിലേക്ക് പോകും. ഫലത്തില്‍ രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞതിന്‍റെ നേട്ടം സാധാരണക്കാര്‍ക്ക് നേരിട്ട് ലഭിക്കില്ല. ഇന്ധന വില കുറഞ്ഞാല്‍ വിലക്കയറ്റവും കുറയേണ്ടതായിരുന്നു.  എന്നാല്‍ എക്സൈസ് തീരുവ 3 രൂപ കൂട്ടിയതിന്‍റെ പേരില്‍ പെട്രോള്‍ ഡീസല്‍ വില ഉയരില്ലെന്നു  മാത്രം. രാജ്യാന്തര വിപണിയില്‍ എണ്ണവില കുറയുമ്പോള്‍ എക്സൈസ് തീരുവ കൂട്ടുന്നത് സര്‍ക്കാരിന്‍റെ  പതിവ് രീതിയാണ്. രണ്ടാം മോദി സര്‍ക്കാരിന്‍റെ  ആദ്യ ബജറ്റിലും എക്സൈസ് തീരുവ ലിറ്ററിന് 1 രൂപ കൂട്ടിയിരുന്നു. പെട്രോളിന് ലിറ്ററിന് 19 രൂപ 98 പൈസയും ഡീസലിന് 15 രൂപ 83 പൈസയുമാണ് നിലവിലെ എക്സൈസ് തീരുവ.

Read more at: അന്താരാഷ്ട്രവിപണിയിൽ ക്രൂഡോയിൽ വിലയിടിഞ്ഞിട്ടും നാട്ടിൽ പെട്രോൾ വില കുറയാത്തതെന്ത്? ...

 

Follow Us:
Download App:
  • android
  • ios