Asianet News MalayalamAsianet News Malayalam

പെട്രോള്‍, ഡീസല്‍ വില കുറച്ച് പഞ്ചാബ്; നികുതി കുറയ്ക്കുന്ന കോൺഗ്രസ് ഭരിക്കുന്ന ആദ്യ സംസ്ഥാനം

എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ കേന്ദ്ര ആഹ്വാനം അനുസരിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മൂല്യവർധിത നികുതി കുറിച്ചിരുന്നു. എൻഡിഎ ഭരണത്തിലുള്ള ബിഹാറും പുതുച്ചേരിയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും തീരുമാനം പിന്തുടർന്നു. 

Punjab slashed tax on petrol and diesel price
Author
Delhi, First Published Nov 7, 2021, 3:12 PM IST

ദില്ലി: പഞ്ചാബില്‍ പെട്രോളിനും (petrol)  ഡീസലിനുമുള്ള (diesel) മൂല്യവര്‍ദ്ധിത നികുതി കുറച്ചു. പെട്രോളിന് പത്ത് രൂപയും ഡീസലിന് അ‍ഞ്ച് രൂപയുമാണ് കുറച്ചത്. ഇതോടെ സംസ്ഥാനത്ത്  നൂറിന് മുകളില്‍ ആയിരുന്ന പെട്രോളിന് 96 രൂപയും 89 രൂപ ആയിരുന്ന ഡീസലിന് 84 രൂപയായും കുറയും. കേന്ദ്രം എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ മൂല്യവര്‍ദ്ധിത നികുതി കുറയ്ക്കുന്ന ആദ്യ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. എഴുപത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തീരുമാനമാണെന്നും സംസ്ഥാനത്തിന് പ്രതിവർഷം ആയിരം കോടിയുടെ നഷ്ടമുണ്ടാകുമെന്നും മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി പറഞ്ഞു. നികുതി കുറയ്ക്കാനുള്ള പഞ്ചാബിന്‍റെ തീരുമാനത്തോടെ പ്രതിപക്ഷ പാര്‍ട്ടികൾ ഭരിക്കുന്ന കൂടുതല്‍ സംസ്ഥാനങ്ങളും നിരക്ക് ഇളവിന് തയ്യാറായേക്കും.

എൻഡിഎ ഇതര സംസ്ഥാനങ്ങളിൽ പഞ്ചാബിന് പുറമേ ഒഡീഷ മാത്രമാണ് മൂല്യവർധിത നികുതി കുറക്കാൻ തയ്യാറായിട്ടുള്ളു. ബിജെപിയുടെ സമ്മർദ്ദത്തിന് വഴങ്ങി നികുതി കുറയ്‍ക്കേണ്ടന്ന നിലപാടിലാണ് പൊതുവേ പ്രതിപക്ഷ പാർട്ടികളുടേത്. 18 മാസത്തിനിടെ മാത്രം 35 രൂപയുടെ വ‍ർധന പെട്രോളിനും 26 രൂപയുടെ വർധന ഡീസിലിനും ഉണ്ടായിട്ടുണ്ടെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. അതിനാൽ അ‍ഞ്ച് രൂപയുടെയും പത്ത് രൂപയുടെയും മാത്രം ഇളവ് ഒട്ടും ആശ്വാസകരമല്ലെന്ന നിലപാടിലാണ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ.

എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ കേന്ദ്ര ആഹ്വാനം അനുസരിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മൂല്യവർധിത നികുതി കുറിച്ചിരുന്നു. എൻഡിഎ ഭരണത്തിലുള്ള ബിഹാറും പുതുച്ചേരിയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും തീരുമാനം പിന്തുടർന്നു. 18 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും വില കുറച്ചു. യുപിയും ഹരിയാനയും കേന്ദ്ര നികുതി കൂടി ഉൾപ്പെടുത്തി 12 രൂപ കുറച്ചെന്നും കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു. 

പെട്രോള്‍, ഡീസല്‍ വില രാജ്യത്ത് വരുന്ന മാസങ്ങളില്‍ കുതിച്ചുയരുമെന്നാണ് ഊര്‍ജ്ജ വിദഗ്ധരുടെ അഭിപ്രായം. ഉപഭോഗം കൂടിയതുകൊണ്ടാണ് കേന്ദ്രം എക്‌സൈസ് നികുതിയില്‍ ഇളവ് വരുത്തിയതെന്നും ഊര്‍ജ്ജ രംഗത്തെ വിദഗ്ധന്‍ നരേന്ദ്ര തനേജ അഭിപ്രായപ്പെട്ടു. ഇന്ത്യ ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുകയാണെന്ന കാര്യം പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Follow Us:
Download App:
  • android
  • ios