ടാറ്റാ സണ്‍സിന്റെ മൂന്നില്‍ രണ്ട് ഓഹരികളും കൈവശം വെക്കുന്ന ടാറ്റ ട്രസ്റ്റിലെ നിര്‍ണ്ണായക തീരുമാനങ്ങളില്‍ ഇന്ന് 73-കാരനായ ഈ 'നിശ്ശബ്ദ എന്‍ജിനീയര്‍' സുപ്രധാന പങ്ക് വഹിക്കുന്നു.

ഇന്ത്യയുടെ കോര്‍പ്പറേറ്റ് ലോകത്തെ ഏറ്റവും വലിയ സംരംഭമായ ടാറ്റാ ട്രസ്റ്റ്സിനുള്ളിലെ സമീപകാല പ്രശ്നങ്ങളിലും നേതൃമാറ്റ ചര്‍ച്ചകളിലും ഒരു പേര് മുഴങ്ങിക്കേള്‍ക്കുന്നു: വേണു ശ്രീനിവാസന്‍. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ വ്യവസായി, അഞ്ച് പതിറ്റൊണ്ട് കൊണ്ട് ടിവിഎസ് മോട്ടോഴ്സിനെ ഒരു അന്താരാഷ്ട്ര ബ്രാന്‍ഡാക്കി വളര്‍ത്തിയെടുത്തതിനു പിന്നിലെ ശക്തിയാണ്. ടാറ്റാ സണ്‍സിന്റെ മൂന്നില്‍ രണ്ട് ഓഹരികളും കൈവശം വെക്കുന്ന ടാറ്റ ട്രസ്റ്റിലെ നിര്‍ണ്ണായക തീരുമാനങ്ങളില്‍ ഇന്ന് 73-കാരനായ ഈ 'നിശ്ശബ്ദ എന്‍ജിനീയര്‍' സുപ്രധാന പങ്ക് വഹിക്കുന്നു.

കഴിഞ്ഞ ഒക്ടോബര്‍ ആദ്യവാരം ചേര്‍ന്ന ടാറ്റാ ട്രസ്റ്റ്സ് ബോര്‍ഡ് യോഗത്തില്‍, ഒരു നിയമനം യാതൊരു ചര്‍ച്ചയുമില്ലാതെ അംഗീകരിക്കപ്പെട്ടു . അത് വേണു ശ്രീനിവാസന്‍ ആയിരുന്നു. ട്രസ്റ്റ്സിന്റെ ആജീവനാന്ത ട്രസ്റ്റിയായും വൈസ് ചെയര്‍മാനായും അദ്ദേഹം തുടരും. ട്രസ്റ്റില്‍ നിന്ന് മെഹ്ലി മിസ്ത്രിയെ പുറത്താക്കാന്‍ അനുകൂലമായി നിലകൊണ്ട മൂന്ന് ട്രസ്റ്റിമാരില്‍ ഒരാളും ശ്രീനിവാസനാണ്. ഇന്ത്യന്‍ കോര്‍പ്പറേറ്റ് വര്‍ത്തമാനങ്ങളില്‍ അധികമാരും കേള്‍ക്കാത്ത പേരാണ് ഇദ്ദേഹത്തിന്റേത്. നിലവില്‍ റിസര്‍വ് ബാങ്ക് സെന്‍ട്രല്‍ ബോര്‍ഡ് അംഗവും, ഇന്ത്യയിലെ ഏറ്റവും വലിയ സിഎസ്ആര്‍ ശൃംഖലകളില്‍ ഒന്നിന്റെ തലവനുമാണ് അദ്ദേഹം.

ഗാരേജില്‍ നിന്ന് ആരംഭിച്ച് ജാപ്പനീസ് നിലവാരത്തിലേക്ക്

1952 ഡിസംബറില്‍ ജനിച്ച വേണു ശ്രീനിവാസന്റെ കരിയര്‍ ആരംഭിക്കുന്നത് ഗാരേജുകളില്‍ എഞ്ചിന്‍ റിപ്പയര്‍ ചെയ്താണ്. എന്‍ജിനീയറിങ് പഠനത്തിന് ശേഷം യുഎസിലെ പര്‍ഡ്യൂ സര്‍വകലാശാലയില്‍ നിന്ന് മാനേജ്മെന്റില്‍ മാസ്റ്റേഴ്‌സ് നേടിയ അദ്ദേഹം, ഇന്ത്യന്‍ ഉല്‍പാദന മേഖലയ്ക്ക് ജപ്പാന്റെ അച്ചടക്കത്തെയും ഗുണമേന്മയെയും മറികടക്കാന്‍ കഴിയുമെന്ന് ഉറച്ച് വിശ്വസിച്ചു. 1979-ല്‍, 27-ാം വയസ്സില്‍ അദ്ദേഹം ടിവിഎസ് ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ സുന്ദരം-ക്ലേട്ടന്റെ ചുമതലയേറ്റു. 1980-കളുടെ അവസാനത്തില്‍ ഹോസൂരിലെ ടിവിഎസ് പ്ലാന്റിലുണ്ടായ തൊഴിലാളി പ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയും അദ്ദേഹത്തിന്റെ നേതൃത്വത്തിന് അഗ്‌നിപരീക്ഷണമായി. 1990-ല്‍, മൂന്ന് മാസത്തേക്ക് ഫാക്ടറി പൂട്ടിയിടാനുള്ള അദ്ദേഹത്തിന്റെ ധീരമായ തീരുമാനം തൊഴിലാളി യൂണിയനുകളെ ചര്‍ച്ചയ്ക്ക് കൊണ്ടുവരാനും, സഹകരണാടിസ്ഥാനത്തിലുള്ള പുതിയ വ്യാവസായിക ബന്ധങ്ങള്‍ സ്ഥാപിക്കാനും വഴിയൊരുക്കി.

പ്രതിസന്ധിക്ക് ശേഷം, അതിജീവനം സാധ്യമാക്കാന്‍ ശ്രീനിവാസന്‍ ജപ്പാനിലെ ടോട്ടല്‍ ക്വാളിറ്റി മാനേജ്മെന്റ് തത്വങ്ങള്‍ ടിവിഎസില്‍ നടപ്പാക്കി. 1998-ല്‍ സുന്ദരം-ക്ലേട്ടന്‍ ഡെമിംഗ് അപ്ലിക്കേഷന്‍ പ്രൈസ് നേടുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി. നാല് വര്‍ഷത്തിന് ശേഷം, ടിവിഎസ് മോട്ടോര്‍ ലോകത്തിലെ തന്നെ ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇരുചക്ര വാഹന നിര്‍മ്മാതാവായി മാറി.

സ്വന്തം കരുത്തില്‍ മുന്നോട്ട്

1990-കളില്‍ സുസുക്കിയുമായുള്ള സംയുക്ത സംരംഭം പിരിഞ്ഞപ്പോള്‍, സ്വന്തമായി ഒരു ബദല്‍ കണ്ടെത്താന്‍ ശ്രീനിവാസന്‍ തീരുമാനിച്ചു. അതിന്റെ ഫലമായി, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഫോര്‍-സ്‌ട്രോക്ക് മോട്ടോര്‍സൈക്കിളായ ടിവിഎസ് വിക്ടര്‍ 2001-ല്‍ പുറത്തിറങ്ങി. പിന്നീട്, ബിഎംഡബ്ല്യു മോട്ടോറാഡുമായുള്ള സാങ്കേതിക പങ്കാളിത്തത്തിലൂടെ അദ്ദേഹം ടിവിഎസിനെ ആഗോളതലത്തില്‍ ശ്രദ്ധേയമാക്കി. 2020-ല്‍ നോര്‍ട്ടണ്‍ എന്ന ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡിനെ ഏറ്റെടുത്തതോടെ ടിവിഎസ് ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്നു.

ടാറ്റാ ട്രസ്റ്റിലെ 'ഗവേണന്‍സ് ടെക്‌നോക്രാറ്റ്'

സൈറസ് മിസ്ത്രി - ടാറ്റാ തര്‍ക്കത്തിന് പിന്നാലെ 2016-ലാണ് ശ്രീനിവാസന്‍ ടാറ്റാ ട്രസ്റ്റ്സ് ബോര്‍ഡില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ അളന്നുമുറിച്ച സമീപനവും, അനാവശ്യ പ്രശസ്തികളോടുള്ള വിമുഖതയുമാണ് രത്തന്‍ ടാറ്റയെ ആകര്‍ഷിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രസ്റ്റുകളില്‍ ഗവേണന്‍സ് പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിലും, പ്രതിവര്‍ഷം 1,000 കോടിയിലധികം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. ട്രസ്റ്റിന്റെ നിയന്ത്രണത്തിലുള്ള 30 ട്രില്യണ്‍ രൂപയിലധികം വരുന്ന ആസ്തികളുടെയും, ടാറ്റാ സണ്‍സിലെ ഓഹരികളുടെയും മേല്‍നോട്ടം വഹിക്കുന്ന ഈ നിര്‍ണ്ണായക ഘട്ടത്തില്‍ അദ്ദേഹത്തിന് നല്‍കിയ ആജീവനാന്ത പുനര്‍നിയമനം അദ്ദേഹത്തിന്റെ കഴിവിനുള്ള അംഗീകാരം കൂടിയാണ്.

ശ്രീനിവാസന്‍ സര്‍വീസസ് ട്രസ്റ്റ് എന്ന അദ്ദേഹത്തിന്റെ ജീവകാരുണ്യ സ്ഥാപനം 2,500 ഗ്രാമങ്ങളില്‍ ജലസംരക്ഷണം, ആരോഗ്യം, സ്ത്രീ ശാക്തീകരണം എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്നു. ടിവിഎസ് മോട്ടോറിലെ ചെയര്‍മാന്‍ എമറിറ്റസ് പദവിയിലിരുന്ന്, മകന്‍ സുദര്‍ശന്‍ വേണുവിനും മകള്‍ ലക്ഷ്മിക്കും അദ്ദേഹം പ്രവര്‍ത്തന ചുമതലകള്‍ കൈമാറിയിരിക്കുകയാണ്. അച്ചടക്കത്തിലൂടെയും സ്വന്തം ശൈലിയിലൂടെയും ഒരു സാധാരണ കുടുംബ ബിസിനസിനെ ലോകോത്തര സ്ഥാപനമാക്കി മാറ്റിയ ഈ എന്‍ജിനീയര്‍, ടാറ്റാ ട്രസ്റ്റ്സിനുള്ളിലെ പ്രശ്നങ്ങളെയും തന്റെ ശാന്തമായ ശൈലിയില്‍, ഉറച്ച തീരുമാനങ്ങളോടെ പരിഹരിക്കുമെന്നാണ് വ്യവസായ ലോകം പ്രതീക്ഷിക്കുന്നത്