മാർച്ച് 31 ന് ഇനി ദിവസങ്ങൾ മാത്രം. പിഴയടക്കൽ ഒഴിവാക്കാൻ ചെയ്ത് തീർക്കേണ്ട 8 കാര്യങ്ങൾ ഇവയാണ്
നിലവിലെ സാമ്പത്തികവർഷം അവസാനിക്കാൻ ഇനി ആഴ്ചകൾ മാത്രമേ ബാക്കിയുള്ളു. നിരവധി കാര്യങ്ങൾ ചെയ്ത് തീർക്കുന്നതിനുള്ള സമയപരിധി കൂടിയാണ് മാർച്ച് 31. ചെയ്യേണ്ട കാര്യങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ പിഴയടച്ച് നിങ്ങളുടെ പോക്കറ്റ് കാലിയാവുക തന്നെ ചെയ്യും. മാർച്ച് 31 ന് മുൻപ് പൂർത്തിയാക്കേണ്ട പ്രധാന കാര്യങ്ങളിതാ..
1. ആധാർ പാൻകാർഡ് ലിങ്കിങ്
മാർച്ച് 31 നകം പാൻകാർഡും ആധാർ കാർഡും ലിങ്ക് ചെയ്തില്ലെങ്കിൽ പാൻകാർഡ് പ്രവർത്തനരഹിതമാകുമെന്ന് മാത്രമല്ല 1000 രൂപ പിഴയും ഈടാക്കും. കൂടാതെ പാൻ കാർഡ് വീണ്ടും ആക്ടിവേറ്റ് ചെയ്യണമെങ്കിൽ 10,000 രൂപ പിഴ ഒടുക്കേണ്ടിയും വരും.
2. ടാക്സ് സേവിംഗ്സ് നിക്ഷേപങ്ങൾ
പിപിഎഫ്, സുകന്യ സമൃദ്ധി യോജന, ടാക്സ് സേവിംഗ് സ്ഥിരനിക്ഷേപം തുടങ്ങി നികുതി ഇളവ് ലഭിക്കുന്നതിനുളള നിക്ഷേപങ്ങൾക്കുള്ള അവസാന തിയ്യതിയും മാർച്ച് 31 ആണ്. 80 സി പ്രകാരം നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപങ്ങളാണിത്.
ALSO READ: ജിയോയെ വിജയിപ്പിച്ച അതേ തന്ത്രവുമായി മുകേഷ് അംബാനി; പെപ്‌സികോയെയും കൊക്കകോളയെയും വെല്ലുവിളിച്ച് കാമ്പ കോള
3. മ്യൂച്വൽ ഫണ്ട് നോമിനേഷൻ പ്രൊസസ്സ് പൂർത്തിയാക്കുക:
സെബിയുടെ സർക്കുലർ പ്രകാരം, മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നവർ മാർച്ച് 31-നകം നാമനിർദ്ദേശ നടപടികൾ പൂർത്തിയാക്കേണ്ടത് അത്യാവശ്യമാണ്. നാമനിർദ്ദേശ നടപടികൾ പൂർത്തിയാക്കാത്തവരുടെ അക്കൗണ്ടുകൾ ഏപ്രിൽ മുതൽ പ്രവർത്തനരഹിതമാകും.
4. വ്യക്തിഗത വിവരങ്ങൾ സ്ഥിരീകരിക്കുക
ഉപഭോകതാക്കൾ എൻഎസ്ഇ എൻഎംഎഫ് പ്ലാറ്റ്‌ഫോമിൽ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും സ്ഥിരീകരിക്കേണ്ടത് അത്യാവശ്യമാണ്. മാർക്കറ്റ് റെഗുലേറ്റർ പ്രകാരം, മാർച്ച് 31-നകം എൻഎസ്ഇ എൻഎംഎഫ് പ്ലാറ്റ്‌ഫോമിൽ നിങ്ങളുടെ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും പരിശോധിച്ച് നിർബന്ധമായും വെരിഫൈ ചെയ്യുക
5. പിപിഎഫിലേക്ക് 500 രൂപ
പിപിഎഫ് അക്കൗണ്ട് സജീവമായി നിലനിർത്തുന്നതിന്, എല്ലാ സാമ്പത്തിക വർഷവും നിങ്ങളുടെ പിപിഎഫ് (പബ്ലിക് പ്രൊവിഡന്റ് ഫണ്ട്) അക്കൗണ്ടിൽ കുറഞ്ഞത് 500 രൂപ നിക്ഷേപിക്കേണ്ടതുണ്ട്. മ്ിനിമം തുക നിക്ഷേപിക്കാൻ കഴിഞ്ഞില്ലെങകിൽ നിങ്ങളുടെ അക്കൗണ്ട് പ്രവർത്തനരഹിതമാകും.മാത്രമല്ല, അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തുന്നതിൽ വീഴ്ച വരുത്തിയാൽ ഓരോ വർഷവും 50 രൂപ പിഴയും ഈടാക്കും. പിഴ അടച്ച്, ആവശ്യമായ ഏറ്റവും കുറഞ്ഞ തുക നിക്ഷേപിക്കുകയും ചെയ്താൽ അക്കൗണ്ട് വീണ്ടും സജീവമാകും.
ALSO READ: മുകേഷ് അംബാനിയുടെ 592 കോടിയുടെ ആഡംബര ഭവനം; ബ്രിട്ടനിലെ ചരിത്രപരമായ സ്വത്തുക്കളിലൊന്ന്
6. എൻപിഎസിലേക്കുള്ള മിനിമം തുക നിക്ഷേപിക്കാം
എൻപിഎസ് വരിക്കാർ അക്കൗണ്ട് ആക്ടീവായി നിലനിർത്തുന്നതിനായി എൻപിഎസ് (നാഷണൽ പെൻഷൻ സിസ്റ്റം) ടയർ 1 അക്കൗണ്ടിൽ കുറഞ്ഞത് 500 രൂപ നൽകണം, എന്നാൽ ടയർ 2 അക്കൗണ്ടിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 250 രൂപയാണ്. മിനിമം നിക്ഷേപതുക നൽകിയില്ലെങ്കിൽ അക്കൗണ്ട് പ്രവർത്തനരഹിതമാകും. സാമ്പത്തിക വർഷത്തിൽ അക്കൗണ്ട് വീണ്ടും സജീവമാക്കുന്നതിന്, വരിക്കാരൻ ഏറ്റവും കുറഞ്ഞ സംഭാവനയായ 500 രൂപ അടയ്‌ക്കേണ്ടതുണ്ട്.
7. പോസ്റ്റ് ഓഫീസ് ആർഡി
നിങ്ങൾ പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് (ആർഡി) അക്കൗണ്ട് ഉടമയാണെങ്കിൽ മാസത്തിലെ ഒന്നാം തീയതിക്കും പതിനഞ്ചാം തീയതിക്കും ഇടയിൽ ഓപ്പൺ ചെയ്യുന്ന അക്കൗണ്ടുകൾക്ക് അതത് മാസത്തിലെ പതിനഞ്ചാം തീയതിക്ക് മുമ്പ് തന്നെ പ്രതിമാസ വിഹിതം നിക്ഷേപിക്കേണ്ടതാണ്. പതിനാറാം തീയതിയും അതിനുശേഷവും തുറക്കുന്ന അക്കൗണ്ടുകൾക്ക് മാസാവസാന ദിവസത്തിനുള്ളിലും വിഹിതം നിക്ഷേപിക്കണം. ഏതെങ്കിലും മാസത്തിൽ തുക ക്രെഡിറ്റ് ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ, വീഴ്ച വരുത്തുന്ന ഓരോ മാസത്തിനും 100 രൂപ നിക്ഷേപിക്കണം, കുറഞ്ഞത് നാല് ഡിഫോൾട്ടുകൾ ആണ് അനുവദിക്കുക. അതിനാൽ, നിങ്ങളുടെ ആർഡി ഇൻസ്റ്റാൾമെന്റ് നിക്ഷേപിച്ചിട്ടില്ലെങ്കിൽ, മാർച്ച് 31-നകം തന്നെ ചെയ്യുക.
ALSO READ:മണിക്കൂറുകൾക്കുള്ളിൽ നഷ്ടപ്പെട്ടത് കോടികൾ; ഹിൻഡൻബെർഗ് റിപ്പോർട്ടിൽ കുരുങ്ങി ജാക്ക് ഡോർസി
8. ആദായനികുതി റിട്ടേൺ സമർപ്പിക്കുക
2020 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ നിങ്ങൾ ഫയൽ ചെയ്തിട്ടില്ലെങ്കിൽ, അവസാന തീയതി മാർച്ച് 31 ആണെന്ന് ഓർ്ക്കുക. റിട്ടേൺ ഫയൽ ചെയ്യുന്നത് വൈകിയാൽ 10,000 രൂപ പിഴ അടയ്‌ക്കേണ്ടി വരും. ഈ തീയതിക്ക് ശേഷം ഐടിആർ ഫയൽ ചെയ്യുന്നത് ബുദ്ധിമുട്ടായിരിക്കും. നിങ്ങളുടെ ഐടിആർ ഫയൽ ചെയ്യാത്തതിന്, പിഴയ്ക്ക് പുറമെ, ഐടിആർ ഫയൽ ചെയ്യുന്ന തീയതി വരെയുള്ള പലിശ അടയ്ക്കേണ്ടിയും വരും. മാത്രമല്ല ഐടിആർ ഫയൽ ചെയ്യാത്തതിന് ആദായനികുതി വകുപ്പിന്റെ വകയായി പ്രോസിക്യൂഷൻ നടപടികളുമുണ്ടാകും.
