പസിഫിക് സമുദ്രത്തിൽ ചൈന ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ അമേരിക്കൻ നാവികസേനയ്ക്കായി പുതിയ സ്റ്റെൽത്ത് പോർവിമാനങ്ങൾ വരുന്നു. 20 ബില്യൺ ഡോളറിന്റെ ഈ വമ്പൻ നിർമാണ കരാർ പ്രമുഖ കമ്പനിയായ ബോയിങ് സ്വന്തമാക്കി. വ്യോമസേനയ്ക്കും നാവികസേനയ്ക്കും വേണ്ടി അത്യാധുനിക വിമാനങ്ങൾ നിർമിക്കാൻ ഇതോടെ ബോയിങ്ങിന് സാധിക്കും.

പസിഫിക് സമുദ്രത്തില്‍ ചൈന ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുക എന്ന അമേരിക്കയുടെ നിര്‍ണായക തന്ത്രത്തിന്റെ ഭാഗമായി നാവികസേനയ്ക്ക് പുതിയ പോര്‍വിമാനങ്ങള്‍ വരുന്നു. നാവികസേനയുടെ അടുത്ത തലമുറയില്‍പ്പെട്ട അത്യാധുനിക 'സ്റ്റെല്‍ത്ത്' പോര്‍വിമാനങ്ങള്‍ നിര്‍മിക്കാനുള്ള വമ്പന്‍ കരാര്‍ പ്രമുഖ വിമാന നിര്‍മാതാക്കളായ ബോയിങ് സ്വന്തമാക്കിയതായി പെന്റഗണ്‍ അറിയിച്ചു. പോര്‍വിമാന നിര്‍മാണത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് ബോയിങ് ഈ വമ്പന്‍ നേട്ടം സ്വന്തമാക്കുന്നത്. നോര്‍ത്ത്റോപ്പ് ഗ്രുമ്മനെന്ന കമ്പനിയെ പിന്തള്ളിയാണ് ബോയിങ് ഈ നേട്ടം കൊയ്തത്. പ്രാഥമിക പരീക്ഷണ വിമാനങ്ങള്‍ നിര്‍മിക്കാന്‍ 20 ബില്യണ്‍ ഡോളറിന്റെ (1.92 ലക്ഷം കോടി രൂപ) കരാറാണ് കമ്പനിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഭാവിയില്‍ ഉല്‍പ്പാദനം വര്‍ധിക്കുകയും മറ്റു രാജ്യങ്ങള്‍ ഓര്‍ഡര്‍ നല്‍കുകയും ചെയ്യുന്നതോടെ പദ്ധതിയുടെ മൂല്യം കോടിക്കണക്കിന് ഡോളറായി ഉയരും.

ബോയിങ്ങിന്റെ ഇരട്ട നേട്ടം

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അമേരിക്കന്‍ വ്യോമസേനയ്ക്ക് വേണ്ടി പുതിയ സ്റ്റെല്‍ത്ത് 'എഫ്-47' പോര്‍വിമാനങ്ങള്‍ നിര്‍മിക്കാനുള്ള കരാറും ബോയിങ് നേടിയിരുന്നു. നാവികസേനയ്ക്ക് വേണ്ടി വര്‍ഷങ്ങളായി എഫ്/എ-18ഇ/എഫ് സൂപ്പര്‍ ഹോര്‍ണറ്റ് പോലുള്ള വിമാനങ്ങള്‍ നിര്‍മിച്ച പാരമ്പര്യമാണ് കമ്പനിക്ക് തുണയായത്. ഒരേസമയം വ്യോമസേനയ്ക്കും നാവികസേനയ്ക്കും വേണ്ടി അത്യാധുനിക വിമാനങ്ങള്‍ നിര്‍മിക്കാന്‍ ഇതോടെ ബോയിങ്ങിന് സാധിക്കും.

പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളാന്‍ തക്കവണ്ണം പ്ലാന്റില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും കമ്പനി ഈ നിര്‍ണായക പദ്ധതിക്കായി സജ്ജമാണെന്നും ബോയിങ് ഡിഫന്‍സ് സിഇഒ സ്റ്റീവ് പാര്‍ക്കര്‍ വ്യക്തമാക്കി. പുതിയ പോര്‍വിമാനങ്ങള്‍ നിര്‍മിക്കുന്ന മേഖലയില്‍ നിന്നും ബോയിങ് ഏറെക്കുറെ പിന്മാറിയിരുന്ന സമയത്താണ് എഫ്-47, എഫ് എന്നീ വലിയ കരാറുകള്‍ ലഭിക്കുന്നത്.

ആറാം തലമുറ പോര്‍വിമാനങ്ങള്‍ ചൈന അതിവേഗം വികസിപ്പിക്കുന്ന സാഹചര്യത്തില്‍, പുതിയ പോര്‍വിമാനങ്ങള്‍ വൈകുന്നത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാകുമായിരുന്നു. ഈ ആശങ്കയാണ് നടപടികള്‍ വേഗത്തിലാക്കാന്‍ നാവികസേനയെ പ്രേരിപ്പിച്ചത്. വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് 2025 മാര്‍ച്ചില്‍ നടന്ന പരിശോധനയില്‍ പ്രമുഖ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍ മത്സരത്തില്‍ നിന്ന് പുറത്തായിരുന്നു. ഇതോടെയാണ് നോര്‍ത്ത്റോപ്പും ബോയിങ്ങും അവസാന ചുറ്റിലെത്തിയത്.