ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കെ. മുരളീധരൻ വള്ളസദ്യയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഇതുവരെ 502 വള്ളസദ്യകളാണ് ഭക്തർ ബുക്ക് ചെയ്തിട്ടുള്ളത്.
ആറന്മുള: ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കെ. മുരളീധരൻ വള്ളസദ്യയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
ഭക്തർ വഴിപാടായി സമർപ്പിക്കുന്ന വള്ളസദ്യക്ക് ഇത്തവണ വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ 502 വള്ളസദ്യകളാണ് ഭക്തർ ബുക്ക് ചെയ്തിട്ടുള്ളത്. സെപ്റ്റംബർ 16 വരെ നീളുന്ന വള്ളസദ്യയിൽ, ഇടക്കുളം മുതൽ ചെന്നിത്തല വരെയുള്ള 52 കരകളിലെ പള്ളിയോടങ്ങൾ വഴിപാട് അനുസരിച്ച് ഓരോ ദിവസങ്ങളിലായി പങ്കെടുക്കും.
വഴിപാട് കഴിക്കുന്നവർക്ക് പുറമെ സാധാരണക്കാർക്കും വള്ളസദ്യയിൽ പങ്കെടുക്കാൻ ഇത്തവണ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഓൺലൈൻ വഴിയും അല്ലാതെയും ലഭ്യമാകുന്ന സ്പെഷ്യൽ പാസുകൾ മുഖേന വഴിപാടുകാരല്ലാത്ത ഭക്തർക്കും വള്ളസദ്യയിൽ പങ്കുചേരാവുന്നതാണ്.
കെ.എസ്.ആർ.ടി.സി.യുടെ 500 ബജറ്റ് ടൂറിസം സർവീസുകൾ
വള്ളസദ്യക്കെത്തുന്ന ഭക്തർക്കായി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ പ്രത്യേക യാത്രാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വിവിധ ഡിപ്പോകളിൽ നിന്നായി ആറന്മുള ക്ഷേത്രത്തിലേക്ക് 500 സ്പെഷ്യൽ സർവീസുകളാണ് കെ.എസ്.ആർ.ടി.സി. ക്രമീകരിക്കുന്നത്.


