മുഖ്യമന്ത്രിയായി സിദ്ധരാമയ്യ രണ്ടര കൊല്ലം കൂടി തുടർന്നേക്കും എന്നാണ് സൂചന.
ബംഗളൂരു: അധികാര കൈമാറ്റ ചർച്ചകളിൽ ആടിയുലഞ്ഞ കർണാടക കോൺഗ്രസിൽ താൽക്കാലിക വെടിനിർത്തൽ. അടുത്തമാസം എട്ടിന് തുടങ്ങുന്ന കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം പൂർത്തിയാകും വരെ മുഖ്യമന്ത്രി പദവി കൈമാറ്റവുമായി ബന്ധപ്പെട്ട് ചർച്ചകളോ പരസ്യമായ അഭിപ്രായപ്രകടനങ്ങളോ ഉണ്ടാകില്ല. മുഖ്യമന്ത്രിയായി സിദ്ധരാമയ്യ രണ്ടര കൊല്ലം കൂടി തുടർന്നേക്കും എന്നാണ് സൂചന.
കോൺഗ്രസ് ഹൈക്കമാന്റിന്റെ നിർദ്ദേശപ്രകാരം നടത്തിയ പ്രാതൽ ചർച്ച. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ 40 മിനിറ്റോളം നീണ്ടുനിന്ന ഈ ചർച്ചയിലാണ് കർണാടക കോൺഗ്രസിനെ ഉലച്ച അധികാര കൈമാറ്റ തർക്കത്തിൽ താൽക്കാലിക വെടിനിർത്തൽ ഉണ്ടായിരിക്കുന്നത്. കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം ഡിസംബർ എട്ടിന് തുടങ്ങാനിരിക്കേ പ്രതിപക്ഷത്തിന് അനാവശ്യ ആയുധം നൽകരുതെന്ന ഹൈക്കമാന്റിന്റെ നിർദ്ദേശം നേതാക്കൾ അംഗീകരിച്ചു. ഇത് പ്രകാരം അനാവശ്യ പ്രസ്താവനകളോ സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ഒളിപ്പോരോ നേതാക്കളുടെ ദില്ലി യാത്രയോ തൽക്കാലം ഉണ്ടാകില്ല. സംസ്ഥാന താൽപര്യം മുൻനിർത്തി ഉചിതമായ തീരുമാനമെടുക്കാൻ ഈ സമയത്തിനുള്ളിൽ കഴിയും എന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പ്രതീക്ഷ. പ്രധാനമന്ത്രിയാകാൻ കഴിയുമായിരുന്നിട്ടും പാർട്ടിക്കുവേണ്ടി സോണിയാഗാന്ധി ത്യാഗം ചെയ്തത് ഡികെ ഇന്നലെ ഒരു പ്രസംഗ മധ്യേ ചൂണ്ടിക്കാട്ടിയതോടെ തന്നെ സമവായ നീക്കത്തിന്റെ സൂചന വെളിപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇന്നലെ ഇരു നേതാക്കളെയും ഫോണിൽ വിളിച്ചത്. കെസിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഇന്നത്തെ പ്രാതൽ ചർച്ച. തങ്ങൾ ഒറ്റക്കെട്ടാണെന്നും നേരത്തെയും ഇപ്പോഴും അഭിപ്രായവ്യത്യാസങ്ങൾ ഇല്ലായിരുന്നു എന്നും നേതാക്കൾ പ്രസ്താവന നടത്തുമ്പോഴും കാര്യങ്ങൾ അത്ര സുഗമമാകില്ല
ഹൈക്കമാന്റിന്. മുഖ്യമന്ത്രി പദവി ഒഴിയില്ല എന്ന് അസന്ദിഗ്ദ്ധമായി തന്നെ സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുമുണ്ട്. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുള്ള മുഖ്യമന്ത്രിയെ പിണക്കാൻ തൽക്കാലത്തേക്ക് നേതൃത്വം തയ്യാറായെക്കില്ല എന്ന് ഡി കെ വിഭാഗത്തിനും ഉറപ്പായിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് സമവായ ചർച്ചകൾക്ക് ഡി കെ തയ്യാറായത്. ദില്ലിയിലേക്ക് വിളിച്ചുവരുത്തി തീരുമാനങ്ങൾ അടിച്ചേൽപ്പിച്ചാൽ അണികളെയും സാമുദായിക നേതാക്കളെയും അത് പ്രകോപിപ്പിക്കും എന്ന് മനസ്സിലാക്കിയാണ് സംസ്ഥാനത്തു തന്നെ ഒരു സമവായനീക്കം ഹൈക്കമാൻഡ് ഇടപെട്ട് നടത്തിയതും.

