Asianet News MalayalamAsianet News Malayalam

ഹർത്താൽ സമയം അവസാനിച്ചിട്ടും അക്രമം തുടരുന്നു; രാഷ്ട്രീയസംഘർഷങ്ങൾ വ്യാപകം; നിശ്ചലമായി കേരളം

രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയായിരുന്നു ഹർത്താൽ. എന്നാൽ ഇത് കഴിഞ്ഞും അക്രമം തുടരുകയാണ്. വിവിധ പാർട്ടി ഓഫീസുകൾക്ക് നേരെ അക്രമപരമ്പര തുടരുന്നു.

clashes and attacks to continue even after declared harthal kerala turned a violence hit land massive destruction of public properties
Author
Thiruvananthapuram, First Published Jan 3, 2019, 7:45 PM IST

ശബരിമല കർമ്മസമിതിയുടെ ഹർത്താലിൽ കേരളം കണ്ടത് സമാനതകളില്ലാത്ത അക്രമം. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിൽ ബോംബെറിഞ്ഞും അക്രമം നടത്തിയും കലാപകാരികൾ അഴിഞ്ഞാടി. 

തിരുവനന്തപുരം നെടുമങ്ങാടും കണ്ണൂർ തലശ്ശേരിയിലും ബോംബേറ്. തൃശ്ശൂർ വാടാനപ്പള്ളിയിലും കാസർകോടും കത്തിക്കുത്ത്. അടുത്ത കാലത്തൊന്നും കാണാത്ത അക്രമങ്ങളാണ് ശബരിമല കർമ്മസമിതിയുടെ ഹർത്താലിനെ തുടർന്ന് കേരളത്തിലുണ്ടായത്. 

ബിജെപി - ആർഎസ്എസ് പ്രവർത്തകർ നടത്തിയ മാർച്ചുകൾ പല സ്ഥലത്തും അക്രമാസക്തമായി. പല സ്ഥലത്തും ഇടതുപാർട്ടികളുടെ ഓഫീസുകൾക്ക് നേരെ പ്രകടനക്കാർ തിരിഞ്ഞു. 

ഇവരെ പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിച്ചത് ഒരുപാടിടങ്ങളിൽ സംഘർഷത്തിൽ കലാശിച്ചു. പ്രക്ഷോഭകർക്കും നിരവധി പൊലീസുകാർക്കും പരിക്കേറ്റു. 

വ്യാപാര സ്ഥാപനങ്ങൾ തുറക്കുമെന്ന വ്യാപാര സംഘടനകളുടെ പ്രഖ്യാപനം നടപ്പിലാക്കാൻ ആയില്ല. തുറന്ന കടകൾ ബലം പ്രയോഗിച്ച് അടപ്പിച്ചു. പല സ്ഥലത്തും പൊലീസും പ്രതിഷേധക്കാരും ഇതിന്‍റെ പേരിലും ഏറ്റുമുട്ടി. 

സർക്കാർ ഓഫീസുകളും അക്രമിക്കപ്പെട്ടു. കെഎസ്ആർടിസി ബസുകളും പൊലീസ് വാഹനങ്ങളും വ്യാപകമായി തകർത്തു. 

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസും കല്ലേറിൽ തകർത്തു. സംസ്ഥാനത്തിന്റെ എല്ലായിടത്തും ഗതാഗതം താറുമാറായി. പമ്പയിലേക്ക് ചെങ്ങന്നൂരിൽ നിന്നും പത്തനംതിട്ടയിൽ നിന്നും കെഎസ്ആർടിസി സ‍ർവീസുകൾ നടന്നു. പൊലീസ് സംരക്ഷണത്തിലായിരുന്നു ബസുകൾ ഓടിയത്. 

സിപിഎം ഓഫീസുകൾക്ക് നേരെ ആക്രമണം ഉണ്ടായി. ചിലയിടങ്ങളിൽ ഓഫീസുകൾക്ക് തീയിട്ടു. ബിജെപി ഓഫീസുകളും ആക്രമിക്കപ്പെട്ടു. ബിജെപി നേതാക്കളുടെ വീടുകൾക്ക് നേരെ സിപിഎമ്മുകാരും സിപിഎം നേതാക്കളുടെ വീടുകൾക്ക് നേരെ ബിജെപിക്കാരും അക്രമം അഴിച്ചുവിട്ടു. 

തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലുൾപ്പെടെ മാധ്യമപ്രവർത്തകർ മർദ്ദനത്തിന് ഇരയായി. 

Read More: ഹർത്താലിൽ മാധ്യമപ്രവർത്തകരെ ഉന്നമിട്ട് അക്രമികൾ; ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാനടക്കം പരിക്ക്

ഹർത്താലിനെ കർശനമായി നേരിടുമെന്ന സർക്കാരിന്‍റെ പ്രഖ്യാപനം വെറുംവാക്കായി. മറ്റേതൊരു ഹർത്താലിനെക്കാളും കേരളത്തിന് എല്ലാ അർത്ഥത്തിലും നാശം വരുത്തിയൊരു ഹർത്താൽ ദിനമാണ് കടന്നുപോയത്. അക്രമങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടുമില്ല.

സംഘർഷഭൂമിയായി സെക്രട്ടേറിയറ്റ്; പൊലീസ് സ്റ്റേഷന് നേരെ ബോംബേറ് 

സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്ന് തെരുവുയുദ്ധമാണ് അരങ്ങേറിയത്. ബിജെപിയുടെ നിരാഹാസമരപ്പന്തലിന് മുന്നിൽ പ്രവർത്തകർ മാർച്ചുമായി എത്തുന്നതിനിടെ സിപിഎമ്മിന്‍റെ ഫ്ലക്സുകളും പന്തലുകളും വലിച്ചു കീറാൻ ശ്രമിക്കുന്നത് ചിത്രീകരിച്ച മാധ്യമപ്രവർത്തകർക്ക് നേരെയായിരുന്നു ആദ്യ ആക്രമണം. പിന്നീട് പ്രവർത്തകർ പരക്കെ അക്രമം അഴിച്ചുവിട്ടു. ആക്രമണത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ ബൈജു വി മാത്യുവിന്‍റെ കൈ ഒടിഞ്ഞു.

നെടുമങ്ങാട് പൊലീസ് സ്റ്റേഷന് മുന്നിൽ ബോംബെറിഞ്ഞു. പൊലീസുകാർ നിന്ന ഭാഗത്തേക്കാണ് ബോംബെറിഞ്ഞത്. മൂന്ന് ബോംബുകൾ പൊലീസ് സ്റ്റേഷന് മുന്നിലേക്ക് അക്രമികൾ എറിഞ്ഞു. സംഘർഷം നിയന്ത്രിക്കാൻ നിന്ന പൊലീസുകാരുടെ തൊട്ടുമുമ്പിലാണ് ബോംബുകൾ വീണ് പൊട്ടിയത്. ഇതോടെ പൊലീസുകാർ ചിതറിയോടി. ബഹളത്തിനിടെ നെടുമങ്ങാട് എസ്ഐയുടെ കൈ ഒടിഞ്ഞു.

നെടുമങ്ങാട്ടെ സിപിഎം കൗൺസിലർമാരുടേയും സിപിഎം നേതാക്കളുടേയും വീടുകൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. തുടർന്ന് ബിജെപി കൗൺസില‍ർമാരുടെ വീടുകളും ആക്രമിക്കപ്പെട്ടു. ഇരുവിഭാഗത്തിന്‍റേയും വീടുകൾക്ക് നേരെ പരക്കെ ആക്രമണം നടന്നു. സംഘർഷം പരിസരപ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ്. ആക്രമണ പരമ്പര തുടരുന്നു. വൻ പൊലീസ് സംഘത്തെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.  

നിശ്ചലമായി കൊച്ചി; തൃശ്ശൂരിൽ കത്തിക്കുത്ത്

വാടാനപ്പള്ളി ഗണേശമംഗലത്ത് ഹോട്ടല്‍ അടപ്പിക്കാനുള്ള ഹർത്താൽ അനുകൂലികളുടെ ശ്രമം എസ്ഡിപിഐ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കുത്തേറ്റ മൂന്ന് ബിജെപി പ്രവര്‍ത്തകരും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരുടേയും നില ഗുരുതരമല്ല. 

Read More: ഹർത്താലിനിടെ ബിജെപി - എസ്ഡിപിഐ സംഘർഷം; മൂന്ന് ബിജെപി പ്രവർത്തകർക്ക് പരിക്ക്

ആലുവയില്‍ കടയപ്പിക്കാനെത്തിയ ഹര്‍ത്താല്‍ അനുകൂലികളും വ്യാപാരികളും തമ്മില്‍ ഏറ്റുമുട്ടി. 6 പേര്‍ക്ക് പരിക്കേറ്റു. നാനൂറ് പേര്‍ക്കെതിരെ കേസ് എടുത്തു. വ്യാപാരികള്‍ക്കൊപ്പം സിപിഎം, എസ്ഡിപിഐ പ്രവര്‍ത്തകരും ഹര്‍ത്താല്‍ അനുകൂലികളെ തടഞ്ഞു.

പറവൂരില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിനു നേരെ കല്ലേറുണ്ടായി. കോതമംഗലത്ത് കടയടപ്പിക്കാന്‍ ശ്രമിച്ച 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂരിലും ഹര്‍ത്താല്‍ അനുകൂലികളും വ്യാപാരികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊന്‍കുന്നത്തും കടയടപ്പിക്കാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. പോലീസ് ലാത്തി വീശി. 

പാമ്പാടിയില്‍ ബിജെപി സിപിഎം സംഘര്‍ഷത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സിപിഎം ഏരിയ കമ്മിറ്റി ഓഫീസിനു നേരെ കല്ലേറുണ്ടായി. ചങ്ങനാശ്ശേരിയില്‍ സിഐടിയു ഓഫീസ് ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചു തകര്‍ത്തു. തിരുവല്ല പുല്ലാട് സിപിഎം ഓഫീസിനു നേരെ ആക്രമണമുണ്ടായി. 

തൃശൂരില്‍ ഹര്‍ത്താല്‍ അനുകൂലികളുടെ പ്രകടനം അക്രമാസക്തമായി. നിരവധി ബോര്‍ഡുകള്‍ തകര്‍ത്തു. വടക്കേക്കരയില്‍ പോലീസ് സ്റ്റേഷനു നേരെ കല്ലേറുണ്ടായി. കളമശ്ശേരിയില്‍ കടയടപ്പിക്കാന്‍ ശ്രമിച്ച 55 ഹര്‍ത്താല്‍ അനുകൂലികളെ അറസ്റ്റ് ചെയ്തു. 

ആലപ്പുഴയിലും തൃശൂരിലും കര്‍ണ്ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ ബസ്സിനു നേരെ കല്ലേറുണ്ടായി. ഏലൂരില്‍ 3 കാറുകള്‍ക്ക് നേരേയും കല്ലേറുണ്ടായി. 

കൊച്ചി നഗരത്തിലും ഹര്‍ത്താല്‍ ഏറെക്കുറെ പൂര്‍ണ്ണമായിരുന്നു. ഹര്‍ത്താലിനെതിരെ വാണിജ്യ സംഘടനകളുടെ കൂട്ടായ്മ രംഗത്തു വന്നിരുന്നുവെങ്കിലും ഭൂരിഭാഗം കടകളും അടഞ്ഞുകിടന്നു. ബ്രോഡ് വേയില്‍ പോലീസ് സംരക്ഷണത്തില്‍ വ്യാപാരികള്‍ കടകള്‍ തുറന്നു. സംരക്ഷണം ഒരുക്കാന്‍ ജില്ലാ കളക്ടറും ബ്രോഡ് വേയില്‍ എത്തിയിരുന്നു. മധ്യ കേരളത്തില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് പൂര്‍ണ്ണമായും മുടങ്ങി. നിലക്കലിലേക്ക് കോട്ടയത്തു നിന്ന് കെഎസ്ആര്‍ടിസി കോണ്‍വോയ് അടിസ്ഥാനത്തില്‍ സര്‍വ്വീസ് നടത്തി. 

മിഠായിത്തെരുവ് യുദ്ധക്കളം; പാലക്കാട് അക്രമപരമ്പര

കോഴിക്കോട് മിഠായിത്തെരുവില്‍ തുറന്ന കടകളടപ്പിക്കാന്‍ സംഘടിച്ചെത്തിയ ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകർ വ്യാപകമായ അക്രമമാണഴിച്ചുവിട്ടത്. ഗ്രനേഡ് എറിഞ്ഞാണ് പൊലീസ് ഇവരെ തുരത്തിയത്. ഇരുപതിലേറെ കടകള്‍ തകര്‍ത്താണ് അക്രമിസംഘം മടങ്ങിയത്.

ഇവര്‍ പിന്നീട് മാരിയമ്മന്‍ കോവിലനകത്ത് തമ്പടിച്ച് പോലീസിന് നേരെ കല്ലെറിഞ്ഞു. ക്ഷേത്രവളപ്പില്‍ നിന്ന് കൊടുവാളടക്കമുള്ള ആയുധങ്ങളുമായി 4 പേരെ അറസ്റ്റ് ചെയ്തു.

Read More: മിഠായിത്തെരുവിൽ ക്ഷേത്രത്തിൽ നിന്ന് ആയുധങ്ങൾ പിടിച്ചു; അക്രമികൾ അറസ്റ്റിൽ

താമരശ്ശേരി ചമലില്‍‍ ജീപ്പാക്രമിച്ച് നാല് പേരെ ആക്രമിച്ച് പരിക്കേൽപിച്ചു. വടകരയില്‍ ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് കെ പി വിജയലക്ഷിയുടെ വീടിന്‍റെ ജനല്‍ചില്ലുകളെറിഞ്ഞു തകര്‍ത്തു. സിപിഎം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് ബിജെപി ആരോപിച്ചു. 

കാസര്‍കോട്ട് ബിജെപി നേതാവ് ഗണേഷിനെ ബൈക്കിലെത്തിയ സംഘം കുത്തിപ്പരുക്കേൽപ്പിച്ചു. കാസറഗോഡ് കന്യപ്പാടി റോഡിൽ ഗതാഗതം തടസ്സപ്പെടുത്തി നിരത്തിയ കല്ലിൽ തട്ടി വാഹനം മറിഞ്ഞ് ബദിയടുക്ക സ്വദേശി ഐത്തപ്പ, ഭാര്യ സുശീല എന്നിവർക്ക് പരിക്കേറ്റു. 

കാസർകോട് നഗരത്തിലും കാഞ്ഞങ്ങാടും മഞ്ചേശ്വരത്തും അക്രമങ്ങളുണ്ടായി. കാഞ്ഞങ്ങാട് പോലീസ് ഗ്രനേഡ് ഉപയോഗിച്ചാണ് അക്രമികളെ പിരിച്ചുവിട്ടത്. കാസറഗോഡ് ശബരിമല കർമ സമിതി നടത്തിയ പ്രകടനത്തിൽ കല്ലേറിൽ രണ്ട് പേർക്ക് പരിക്കേറ്റു. മഞ്ചേശ്വരം ബന്ദിയോട് രണ്ട് കാറും ഇരുപതോളം കടകളും തകർത്തു. ബേക്കൽ പള്ളിക്കരയിൽ സിപിഎം കൂട്ടക്കനി ബ്രാഞ്ച് ഓഫീസ് തകർത്തു. കാസറഗോഡ് വിനോദസഞ്ചാരികൾക്ക് നേരെ അക്രമമുണ്ടായി. 

മലപ്പുറം എടപ്പാളില്‍ ബൈക്കില്‍ സംഘടിച്ചെത്തിയ ഹര്‍ത്താല്‍ അനുകൂലികളെ സിപിഎമ്മുകാര്‍ തടഞ്ഞ് തിരിച്ചോടിച്ചു. പൊന്നാനി, എടപ്പാള്‍, തവനൂര്‍ എന്നിവിടങ്ങളില്‍ പല തവണ ലാത്തിച്ചാര്‍‍‍ജ്ജും കണ്ണൂര്‍ വാതകപ്രയോഗവുമുണ്ടായി.തിരൂരില്‍ രണ്ട് കടകള്‍ കത്തിച്ചു. തവനൂരിലെ കാവിലക്കാട് ലോക്കല്‍ കമ്മിറ്റി ഓഫിസിനും തീയിട്ടു. വാഴക്കാട് എസ് ഐ അടക്കം 3 പൊലീസുകാരെ ആക്രമിച്ച് പരിക്കേല്‍പിച്ചു. 

തലശ്ശേരി കൊളശ്ശേരിയില്‍ സിപിഎം - ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ച് സംഘര്‍ഷത്തിനിടെ രണ്ട്ബോംബെറിഞ്ഞെങ്കിലും പൊട്ടിയില്ല. തലശ്ശേരി കല്ലായിത്തെരുവില്‍ സിപിഎം പ്രവർത്തകൻ എൻ സി ബാലന്‍റെ വീട് തകർത്തു. 

Read More: ഹർത്താലിനിടെ തലശ്ശേരിയിൽ ബോംബേറ്

പാലക്കാട് വിക്ടോറിയ കോളേജിന് മുന്നിൽ പൊലീസും പ്രകടനക്കാരും തമ്മിൽ സംഘര്‍ഷമുണ്ടായി സിപിഐ ജില്ലാ കമ്മറ്റി ഓഫിസ് തകര്‍ത്തു. ഓഫിസിന് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകളും ബൈക്കുകളും തകര്‍ത്തു. സിപിഎം ജില്ലാ കമ്മറ്റി ഓഫിസ് ബിജെപി  പ്രവര്‍ത്തകര്‍ ആക്രമിച്ചതോടെ ഇരുവിഭാഗവും ഏറ്റുമുട്ടി. വിക്ടോറിയ കോളേജിന്‍റെ കമാനത്തിൽ കാവിക്കൊടി നാട്ടി.

ഒറ്റപ്പാലത്ത് നടന്ന സംഘർഷത്തിൽ അഞ്ച് പോലീസുകാർക്ക് പരിക്കേറ്റു. പാലക്കാട് വെണ്ണക്കരയിൽ സിപിഎം നിയന്ത്രണത്തിലുള്ള വായനശാല തീവെച്ചു നശിപ്പിച്ചു. പാലക്കാട് മരുതറോഡ് പഞ്ചായത്ത് ഓഫീസിനും പുറത്ത് നിർത്തിയിട്ടിരുന്ന ആംബുലൻസിനും നേരെ കല്ലേറ്. 

വയനാട് പുൽപ്പള്ളിയിൽ തുണിക്കട ഹർത്താലനുകൂലികൾ അടിച്ചുതകർത്തു മൂന്നുപേരെ അറസ്റ്റ് ചെയ്തു. കണ്ണൂരിൽനിന്നും ബത്തേരിക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിന്റെ ചില്ല് ബത്തേരിയിൽ വച്ച് ഹർത്താലനുകൂലികൾ എറിഞ്ഞുതകർത്തു.

Follow Us:
Download App:
  • android
  • ios