അണ്ടർ 19 വിഭാഗത്തിൽ മത്സരിപ്പിച്ചത് 21കാരിയെ എന്നാണ് പരാതി. ഇത് സംബന്ധിച്ച രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയിൽ പ്രായത്തട്ടിപ്പെന്ന് പരാതി. 21 വയസുള്ള മറുനാടൻ താരത്തെ അണ്ടര്‍ 19 വിഭാഗത്തിൽ മത്സരിപ്പിച്ചു എന്നാണ് പരാതി. അത്ലറ്റിക് ഫെഡറേഷൻ രേഖകളിൽ താരത്തിന്‍റെ പ്രായം കൂടുതലെന്ന് തെളിഞ്ഞു. ഇതോടെ മത്സരഫലം തടഞ്ഞുവെച്ചിരിക്കുകയാണ്. കോഴിക്കോട് പുല്ലൂരാംപാറ സ്കൂളിന്റെ താരത്തിനെതിരെയാണ് പരാതി. ഉത്തർപ്രദേശ് സ്വദേശിയായ മത്സരാർത്ഥിക്ക് പ്രായം 21 വയസും 5 മാസവുമെന്ന് അത്ലറ്റിക് ഫെഡറേഷൻ രേഖകൾ. മത്സരിച്ചത് 19വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ. ഇതോടെ സീനിയർ പെൺകുട്ടികളുടെ നൂറിലും 200ലും രണ്ടാം സ്ഥാനം നേടിയ താരത്തിനെതിരെ മറ്റു സ്കൂളുകൾ പരാതിയുമായി എത്തി.
താരത്തിന്റെ പ്രായം 21 എന്ന് തെളിയിക്കുന്ന രേഖകൾ ഏഷ്യാനെറ്റ് ന്യൂസിനും ലഭിച്ചു. ഏതാനും മാസങ്ങൾക്ക് മുൻപാണ് കുട്ടി സ്കൂളിൽ പ്രവേശനം നേടിയത്. സ്കൂൾ സമർപ്പിച്ച രേഖകൾ പ്രകാരം എട്ടാം ക്ലാസ്സിൽ പഠിക്കുന്ന 18 കാരി. വാർത്തയ്ക്ക് പിന്നാലെ വിദ്യാഭ്യാസ മന്ത്രി ഇടപെട്ടു. പരാതി വന്ന മത്സര ഫലങ്ങൾ തടഞ്ഞു വച്ചു. കേരള അത്ലറ്റിക് അസോസിയേഷനും അന്വേഷണം തുടങ്ങി. അണ്ടർ -19 വിഭാഗത്തിൽ മത്സരിക്കാൻ കുട്ടിക്ക് യോഗ്യത ഉണ്ടെന്നും ആധാർ രേഖയുണ്ടെന്നുമാണ് സ്കൂൾ വിശദീകരണം. കൂടുതൽ മറുനാടൻ താരങ്ങൾ പ്രായതട്ടിപ്പ് നടത്തി മത്സരിച്ചതായി ആരോപണമുണ്ട്. ഇതും പരിശോധിക്കുമെന്ന് സംഘടകർ വ്യക്തമാക്കി.


