തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തിലൂടെ ആചാരാനുഷ്‌ഠാനങ്ങള്‍ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനാണ്‌ സര്‍ക്കാര്‍ ഭാഗത്തു നിന്നും ശ്രമിക്കുന്നതെന്ന എന്‍ എസ്‌ എസ്‌ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്‌താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വിശ്വാസികളുടെ പേരില്‍ വര്‍ഗ്ഗീയത പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ബി ജെ പിയെ സഹായിക്കാനുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു. രണ്ടാം വിമോചന സമരം നടത്തണമെന്ന ഹിന്ദു ഐക്യവേദിയുടെ ആഹ്വാനത്തെ സഹായിക്കാനാണ്‌ എല്ലാ മതവിശ്വാസികളും, സംഘടനകളും സര്‍ക്കാരിനെതിരെ പ്രതികരിക്കണമെന്ന്‌ ആഹ്വാനം ചെയ്‌തിട്ടുള്ളത്‌. ഇത്‌ ആര്‍ എസ്‌ എസ്സുകാര്‍ നടത്തിവരുന്ന കലാപശ്രമങ്ങള്‍ക്ക്‌ ഉത്തേജനം നല്‍കാനുള്ള ഉദ്ദേശത്തോടെയുള്ള സമീപനമാണെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.

വിശ്വാസികളുടെ വിശ്വാസത്തെ സംരക്ഷിക്കുന്ന പ്രവര്‍ത്തനം മാത്രമേ സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടാവുകയുള്ളു. 1957 ന്‌ ശേഷം വിവിധ സന്ദര്‍ഭങ്ങളില്‍ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്ന കാലത്തെല്ലാം നിരീശ്വരവാദികളെന്ന്‌ മുദ്രകുത്തി പാര്‍ടിയെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍, ജനങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ചും വിശ്വാസി സമൂഹത്തില്‍ പാര്‍ടിയുടെ വിശ്വാസ്യത വര്‍ദ്ധിക്കുകയാണുണ്ടായതെന്നും കോടിയേരി വിശദീകരിച്ചു.

ആചാരനാനുഷ്‌ഠാനങ്ങളെല്ലാം ഭരണഘടനയ്‌ക്ക്‌ വിധേയമാണെന്ന്‌ പ്രഖ്യാപിച്ചു കൊണ്ടാണ്‌ സുപ്രീകോടതി വിധിയുണ്ടായത്‌. ശബരിമലയില്‍ തന്നെ നേരത്തെയുണ്ടായിരുന്ന നിരവധി ആചാരങ്ങളില്‍ മാറ്റം വന്നിട്ടുണ്ട്‌. മകരവിളക്ക്‌ കൊളുത്താനും, തേനഭിഷേകം നടത്താനും മലയരയന്മാര്‍ക്കുണ്ടായിരുന്ന അവകാശവും, വെടിവഴിപാടിന്റെ നടത്തിപ്പിന്‌ ഈഴവ കുടുംബത്തിനുണ്ടായിരുന്ന അവകാശവും എടുത്ത്‌ കളഞ്ഞപ്പോള്‍ ആചാരലംഘനമുണ്ടായിയെന്ന്‌ തോന്നാതിരുന്നത്‌ എന്തുകൊണ്ടാണെന്നും കോടിയേരി ചോദിച്ചു.

വിശ്വാസത്തിന്‍റെയും ആചാരത്തിന്‍റെയും പേരുപറഞ്ഞ്‌ ഇടതുപക്ഷ സര്‍ക്കാരിനെതിരായ പടയൊരുക്കം ആര്‍ എസ്‌ എസ്സിനെ സഹായിക്കാന്‍ മാത്രമേ ഇടയാക്കുകയുള്ളു. സുപ്രീംകോടതിയിലുണ്ടായ വിധി മാറ്റാന്‍ നിയമപരമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിന്‌ പകരം തെരുവിലിറങ്ങി സര്‍ക്കാരിനെതിരെ കലാപം നടത്തുന്നതിന്‌ പ്രോത്സാഹിപ്പിക്കുകയല്ല ചെയ്യേണ്ടത്‌. ഇത്തരം നീക്കം വിജയിക്കാന്‍ പോകുന്നില്ലെന്നും സിപിഎം സെക്രട്ടറി പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു.