Asianet News MalayalamAsianet News Malayalam

തന്ത്രിക്കെതിരെ ആഞ്ഞടിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്; 15 ദിവസത്തിനകം വിശദീകരണം വേണം

ശബരിമലയില്‍ യുവതീപ്രവേശനം നടന്നതിന് പിന്നാലെ ശുദ്ധിക്രിയ നടത്തിയതിന് തന്ത്രി കണ്ഠരര് രാജീവരോട്  വിശദീകരണം ചോദിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍.

dewasom board presidenta against thanthri rajeevare
Author
Thiruvananthapuram, First Published Jan 4, 2019, 3:47 PM IST

തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനം നടന്നതിന് പിന്നാലെ ശുദ്ധിക്രിയ നടത്തിയതിന് തന്ത്രി കണ്ഠരര് രാജീവരോട്  വിശദീകരണം ചോദിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍. 15 ദിവസത്തിനകം തന്ത്രി മറുപടി നല്‍കണം.  ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിന് ശേഷമാണ് പ്രസിഡന്‍റിന്‍റെ  പ്രതികരണം.

തന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് എ പത്മകുമാര്‍ ഉയര്‍ത്തിയത്. ശുദ്ധിക്രിയ ചെയ്ത തന്ത്രിയുടെ നിലപാട് സുപ്രീം കോടതി വിധിയുടെ അന്തഃസത്തയ്ക്ക് ചേരാത്ത നടപടിയാണ്. ഇത് കോടതി അലക്ഷ്യമാണ്. ഇക്കാര്യം വിശദമാക്കി ദേവസ്വം കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. തന്ത്രിയുടെ മറുപടി കേട്ടതിന് ശേഷം ബാക്കി നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

സുപ്രീം കോടതി വിധി അനുസരിക്കാന്‍ ബോര്‍ഡിന് ബാധ്യസ്ഥതയുണ്ട്. അത് അനുസരിച്ചേ കാര്യങ്ങള്‍ ചെയ്യൂ എന്നും പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

 

ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് യുവതികള്‍ ദര്‍ശനം നടത്തിയത്. പൊലീസ് സുരക്ഷയിൽ മലകയറാൻ ഒരുങ്ങി ആദ്യ ശ്രമം പരാജയപ്പെട്ട ശേഷമാണ് ബിന്ദുവും കനകദുര്‍ഗയും സംഘവും വീണ്ടും ശബരിമലയിലെത്തിയത്.  അധികമാരും അറിയാതെ ഇവര്‍ വീണ്ടുമെത്തി ദര്‍ശനം നടത്തി മടങ്ങുങ്ങകയായിരുന്നു. തുടര്‍ന്ന് ശുദ്ധിക്രിയ വേണമെന്ന് തന്ത്രിയും മേല്‍ശാന്തിയും തീരുമാനിച്ചതോടെയാണ് പരിഹാരക്രിയ നടന്നത്. ഒരു മണിക്കൂര്‍ നീണ്ടുനിന്ന ശുദ്ധിക്രിയയ്ക്ക് ശേഷമാണ് അന്ന് നട തുറന്നത്.

പരിഹാര ക്രിയ നടന്ന സമയത്ത് സന്നിധാനത്ത് നിന്ന് തീര്‍ത്ഥാടകരെ മാറ്റിയിരുന്നു. തന്ത്രിയും മേൽശാന്തിയുമാണ് തീരുമാനം എടുത്തതെന്നും ഇക്കാര്യത്തിൽ ബോര്‍ഡിന്‍റെ അനുമതി വാങ്ങിയിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് അന്ന് തന്നെ വിശദമാക്കിയിരുന്നു.

ജനുവരി രണ്ടിന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. ഇവര്‍ മഫ്ടി പോലീസിന്‍റെ സുരക്ഷയിലായിരുന്നു ദര്‍ശനം നടത്തിയത്. 42ഉം 44ഉം വയസാണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും.

പതിനെട്ടാം പടി ഒഴിവാക്കിയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ശബരിമലയില്‍ നടതുറക്കുന്നത്. ഇരുവരും മൂന്നേ മുക്കാലോടെ ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും വിശദമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios