തിരുവനന്തപുരം: കോവളത്ത് തെരുവുനായയുടെ കടിയേറ്റ് ചികിത്സ തേടിയ പതിനാലുകാരി മരിച്ചു. കോവളം ബീച്ച് റോഡ് പുത്തന്‍വീട്ടില്‍ ഹര്‍ഷകുമാറിന്റെ മകള്‍ അനീഷയാണ് മരിച്ചത്. പേവിഷബാധയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. രണ്ടാഴ്ച മുമ്പാണ് അനീഷയ്ക്ക് തെരുവില്‍ നിന്ന് വീട്ടില്‍ കൊണ്ടുവന്ന പട്ടിക്കുട്ടിയുടെ കടിയേറ്റത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം കടുത്ത പനിയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലാക്കി. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴി വൈകിട്ടോടെ മരണം സംഭവിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം ഇപ്പോള്‍. നാളെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ പേ വിഷബാധയാണോ മരണ കാരണം എന്ന് സ്ഥിരീകരിക്കാനാകൂ.