കാമുകനിൽ നിന്നാണ് ഗർഭിണിയായതെന്നും ഇക്കാര്യം കുടുംബാംഗങ്ങളോട് മറച്ചുവെച്ചതായും യുവതി പൊലീസിനോട് വെളിപ്പെടുത്തി.
പത്തനംതിട്ട: പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കാമുകനിൽ നിന്നാണ് ഗർഭിണിയായതെന്നും ഇക്കാര്യം കുടുംബാംഗങ്ങളോട് മറച്ചുവെച്ചതായും യുവതി പൊലീസിനോട് വെളിപ്പെടുത്തി. കരഞ്ഞ കുഞ്ഞിന്റെ വായ പൊത്തിപ്പിടിച്ചെന്നും യുവതി പൊലീസിന് മൊഴി നൽകി. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് പെൺകുഞ്ഞിനെ പ്രസവിച്ചത്. പൊക്കിൾകൊടി യുവതി തന്നെ മുറിച്ച് നീക്കിയതിന് ശേഷം കുഞ്ഞിനെ ശുചിമുറിയിൽ വെച്ചു. മൃതശരീരം ചേമ്പിലയിൽ പൊതിഞ്ഞ് അയൽ വീടിന്റെ പരിസരത്ത് വെച്ചത് താൻ തന്നെയാണെന്നും യുവതി പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി.
കുഞ്ഞിന്റെ പോസ്റ്റുമോർട്ടം നാളെ നടത്തുമെന്ന് പൊലീസ് അറിയിച്ചു. അവിവാഹിതയായ 21 കാരി പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയതിനു പിന്നാലെയാണ് പ്രസവിച്ച വിവരം പുറത്തുവന്നതും പൊലീസ് മൃതദേഹം കണ്ടെത്തുകയും ചെയ്തത്.
ആൾതാമസമില്ലാതിരുന്ന വീടിന്‍റെ പറമ്പിലാണ് പെൺകുഞ്ഞിന്‍റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. രക്തസ്രാവത്തെ തുടർന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ അവിവാഹിതയായ 21 കാരി രാവിലെ ചികിത്സയ്ക്കെത്തി. പരിശോധനയിൽ യുവതി പ്രസവിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. കുഞ്ഞിനെ കുറിച്ച് ചോദിച്ചപ്പോൾ പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്.
ഇതോടെ, ഇലവുംതിട്ട പൊലീസിനെ ആശുപത്രി അധികൃതർ വിവരമറിച്ചു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതിയുടെ അയൽപക്കത്തെ വീട്ടുപറമ്പിൽ നിന്ന് തന്നെ മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ രക്തക്കറയും കണ്ടെത്തിയിരുന്നു. യുവതിയെ വിശദമായി ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഭവത്തെക്കുറിച്ച് യുവതി മൊഴി നൽകിയത്.
ബിരുദപഠനം പൂർത്തിയാക്കിയ 21 കാരി നിർധന കുടുംബത്തിലെ ഇളയമകളാണ്. അമ്മയിൽ നിന്നും മൂത്ത സഹോദരിയിൽ നിന്നും പൊലീസ് പ്രാഥമിക വിവരങ്ങൾ തേടിയിരുന്നു. ചികിത്സയിലുള്ള യുവതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം കേസിൽ വ്യക്തത വരുമെന്നും പൊലീസ് അറിയിച്ചിരുന്നു. നവജാതശിശുവിന്‍റെ മരണകാരണം അടക്കം തിരിച്ചറിയാൻ നാളെ കോന്നി മെഡി. കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും. കുഞ്ഞിനെ അപായപ്പെടുത്തിയതെന്ന് ബോധ്യമായാൽ യുവതിയെ കൂടാതെ മൃതദേഹം ഉപേക്ഷിക്കാൻ കൂട്ടുനിന്നവരും പ്രതികളാകുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.



