നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ഇന്നലെ അപ്പീൽ ഫയൽ ചെയ്തെങ്കിലും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മുൻപിൽ ഇന്നും കേസ് പരാമർശിച്ചില്ല.

ചെന്നൈ: വിജയ് ആരാധകർക്ക് നിരാശ. 'ജനനായകൻ ' പൊങ്കലിന് മുൻപ് റിലീസ് ചെയ്യാനുള്ള എല്ലാ വഴിയും അടഞ്ഞു. മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധിക്കെതിരായ അപ്പീൽ സുപ്രീം കോടതി ഇന്നും പരിഗണിച്ചില്ല. നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ഇന്നലെ അപ്പീൽ ഫയൽ ചെയ്തെങ്കിലും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മുൻപിൽ ഇന്നും കേസ് പരാമർശിച്ചില്ല. നാളെ മകര സംക്രാന്തി കാരണം കോടതിക്ക് അവധിയായതിനാൽ ഇനി മറ്റന്നാൾ കേസ് പരിഗണിക്കാനാണ് സാധ്യത. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെയാണ് തമിഴ്നാട്ടിൽ പൊങ്കൽ അവധി. കേസിൽ തങ്ങളുടെ ഭാഗം കേൾക്കാതെ ഉത്തരവ് ഇറക്കിറക്കരുതെന്ന് ആവശ്യപ്പെട്ട്, സെൻസർ ബോർഡും തടസ്സഹർജി നൽകിയിരുന്നു. ഈ മാസം 9ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കേറ്റ് നിഷേധിച്ചതോടെയാണ് പ്രതിസന്ധിയിലായത്. 

അതേ സമയം, ' ജനനായകൻ ' വിവാദത്തിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ചിത്രത്തിന്‍റെ റിലീസ് തടഞ്ഞ കേന്ദ്ര നടപടി, തമിഴ് സംസ്കാരത്തിന് മേലുള്ള ആക്രമണം ആണെന്ന് രാഹുൽ എക്സിൽ കുറിച്ചു. തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്താൻ മോദിക്ക് കഴിയില്ലെന്നും രാഹുൽ പറഞ്ഞു. ഡിഎംകെ , കോൺഗ്രസ് ബന്ധം വഷളായിരിക്കെയാണ് രാഹുലിന്‍റെ പ്രതികരണം. പോസ്റ്റിൽ വിജയ് യെ കുറിച്ച് പരാമർശമില്ല. അതേസമയം ബിജെപിയുമായുള്ള സമീപനത്തിൽ ടിവികെ നിലപാട് മാറില്ലെന്ന് ജോയിന്‍റ് ജനറൽ സെക്രട്ടറി സി.ടി.ആർ. നിർമൽ കുമാർ പറഞ്ഞു. സിബിഐക്ക് മൊഴി നൽകിയതിന് ശേഷം വിജയ്ക്കൊപ്പം ചെന്നൈയിൽ തിരിച്ചെത്തിയപ്പോഴാണ് പ്രതികരണം.