ആദ്യ രണ്ട് സെറ്റുകൾ നഷ്ടപ്പെട്ട ശേഷം ശക്തമായി തിരിച്ചടിച്ച ചെന്നൈ, അഞ്ച് സെറ്റ് നീണ്ട ത്രില്ലറിൽ 13-15, 14-16, 15-11, 15-11, 15-12 എന്ന സ്കോറിന് മത്സരം സ്വന്തമാക്കി. ജെറോം വിനീതാണ് കളിയിലെ താരം.

ഹൈദരാബാദ്: പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണില്‍ ചെന്നൈ ബ്ലിറ്റ്‌സിന് ആവേശകരമായ ജയം. ആദ്യ രണ്ട് സെറ്റ് നഷ്ടമായ ശേഷം മൂന്നെണ്ണം നേടി കൊച്ചി ബ്ലു സ്‌പൈക്കേഴ്‌സിനെ തോല്‍പ്പിച്ചു. സ്‌കോര്‍: 13-15, 14-16, 15-11, 15-11, 15-12. ജെറോം വിനീത് ആണ് കളിയിലെ താരം. ജെറോം വിനീതിന്റെ മിന്നുന്ന സ്പൈക്കുകള്‍ ആദ്യ സെറ്റില്‍ തന്നെ ചെന്നൈക്ക് മുന്‍തൂക്കം നല്‍കുകയായിരുന്നു. മറുവശത്തു എറിന്‍ വര്‍ഗീസ് കൊച്ചിയെ തിരികെ കൊണ്ടുവന്നു. ഒപ്പത്തിനൊപ്പം ഇരു ടീമുകളും മുന്നേറി. ക്യാപ്റ്റന്‍ വിനീത് കുമാര്‍ കൊച്ചിക്ക് പ്രതീക്ഷ നല്‍കി. ചെന്നൈ ജെറോമിലൂടെ തിരിച്ചടിച്ചു. സൂപ്പര്‍ പോയിന്റിലൂടെ വിനിത് കുമാര്‍ കൊച്ചിക്ക് ലീഡ് നല്‍കി. പിന്നാലെ ഒന്നാന്തരം ബ്ലോക്കില്‍ ആദ്യ സെറ്റിനു അരികെയെത്തി. ഒടുവില്‍ ബൈറന്‍ കെട്ടുറക്കിസ് കൊച്ചിക്ക് സെറ്റ് പോയിന്റും നല്‍കി.

ചെന്നൈയുടെ രണ്ടാം സെറ്റിലെ തുടക്കവും ജെറോമിന്റെ പോയിന്റിലൂടെയായിരുന്നു. വിനീതിന്റെ ക്രോസ് കോര്‍ട്ടിലൂടെ കൊച്ചി മറുപടി നല്‍കി. പിന്നാലെ എറിനും തൊടുത്തു. മനോഹരമായ ഒരു റാലിക്ക് പിന്നാലെ എറിന്റെ മറ്റൊരു സ്പൈക്കും ലക്ഷ്യം കണ്ടു. ജെറോമിന്റെ സെര്‍വ് വലയില്‍ തട്ടിയതോടെ ചെന്നൈ സമ്മര്‍ദ്ദത്തിലായി. എന്നാല്‍ ലൂയിസ് ഫിലിപ്പെ പെറോറ്റോയുടെ സ്മാഷില്‍ ചെന്നൈ തിരിച്ചു വന്നു.അശ്വിന്‍ രാജിന്റെ കിടിലന്‍ സ്മാഷും ചെന്നൈക്ക് ലീഡ് നല്‍കി. ബൈരന്റെ സൂപ്പര്‍ സെര്‍വുകള്‍ കൊച്ചിക്ക് തുണയായി. ജെസ്‌ജോത് സിങ് ലീഡും നല്‍കി. മറുവശത്തു സൂപ്പര്‍ പോയിന്റലൂടെ ജെറോം വിനീത് ചെന്നൈക്ക് തിരിച്ചുവരാന്‍ അവസരമൊരുക്കി. എന്നാല്‍ നിര്‍ണായക സമയത്തുള്ള വിനീതിന്റെ ബ്ലോക്ക് സെറ്റ് കൊച്ചിക്ക് അനുകൂലമാക്കി. ജെറോമിന്റെ ക്രോസ്സ് കോര്‍ട്ട് സ്മാഷ് പുറത്തേക്ക് പോയതോടെ രണ്ടാം സെറ്റും കൊച്ചി നേടി.

മൂന്നാം സെറ്റില്‍ തുടക്കം മുതല്‍ ഒപ്പത്തിനൊപ്പമായി കളി. നിക്കോളാസ് മറച്ചല്‍ മികച്ചൊരു സെര്‍വിലൂടെ കൊച്ചിയെ മുന്നിലെത്തിച്ചു. എന്നാല്‍ ജെറോമിന്റെ ഉശിരന്‍ നീക്കങ്ങള്‍ ചെന്നൈയെ കളിയിലേക്ക് തിരികെ എത്തിച്ചു. പെറോറ്റോ തുടര്‍ച്ചയായ രണ്ട് പോയിന്റുകള്‍ നേടി. ദിലീപ് കുമാറിന്റെ ഒന്നാന്തരം സെര്‍വും കൂടിയായപ്പോള്‍ മൂന്നാം സെറ്റ് ചെന്നൈയുടെ ഭാഗത്തേക്ക് നീങ്ങി.സൂപ്പര്‍ പോയിന്റ് അവസരം കൊച്ചി മുതലാക്കിയതോടെ കളി ആവേശകരമായി. ഒടുവില്‍ സെറ്റ് ചെന്നൈ സ്വന്തമാക്കി.

നാലാം സെറ്റില്‍ പെറോട്ടോയുടെ സ്മാഷ് ബ്ലോക്ക് ചെയ്ത് അമരീന്ദര്‍ പാല്‍ കൊച്ചിക്ക് തുടക്കത്തിലേ മേധാവിത്തം നല്‍കി. ജെറോമായിരുന്നു ചെന്നൈയുടെ ആശ്രയം. തുടര്‍ച്ചയായി രണ്ട് പോയിന്റുകള്‍ നേടി അവര്‍ ഒപ്പമെത്തി. ജെറോമിന്റെ സ്മാഷുകള്‍ രണ്ട് പോയിന്റ് ലീഡുമൊരുക്കി. കൊച്ചിയുടെ സൂപ്പര്‍ പോയിന്റ് അവസരം പാഴായതോടെ നാലാം സെറ്റും ചെന്നൈ പിടിച്ചു.

അവസാന സെറ്റില്‍ തരുണ്‍ ഗൗഡയുടെ സൂപ്പര്‍ സെര്‍വില്‍ ചെന്നൈ മികച്ച തുടക്കം കുറിച്ചു. ലീഡ് കൈ വിട്ടതേയില്ല. സുരാജ്, ജെറോം, പെറോറ്റോ എന്നിവര്‍ ചേര്‍ന്ന് ആവേശകരമായ ജയമൊരുക്കി. സൂപ്പര്‍ പോയിന്റ് നേടി കൊച്ചി തിരിച്ചു വരാന്‍ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. ഒടുവില്‍ ജെറോമിന്റെ തകര്‍പ്പന്‍ സ്പൈക്കില്‍ ചെന്നൈ ജയം കുറിച്ചു.

YouTube video player