മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മിനി മാരത്തൺ, വാക്കത്തോൺ, കലാപരിപാടികൾ എന്നിവ ഉൾപ്പെട്ടിരുന്നു.
കാസര്‍ക്കോട്: സംസ്ഥാന കായിക വകുപ്പ് ആരംഭിച്ച 'കിക്ക് ഡ്രഗ്സ് സേ യെസ് ടു സ്‌പോര്‍ട്‌സ്' കാമ്പയിന് കാസര്‍കോട് ഉജ്ജ്വല തുടക്കമായി. കായികമന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ച ലഹരി വിരുദ്ധ സന്ദേശയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മിനി മാരത്തോണോടെയാണ് കാസര്‍കോട് 'കിക്ക് ഡ്രഗ്സ്' കാമ്പയിന്‍ പരിപാടികള്‍ക്ക് തുടക്കമായത്. ഉദുമ പാലക്കുന്നില്‍ നിന്ന് ആരംഭിച്ച മാരത്തോണ്‍ ജില്ലാ പോലീസ് മേധാവി ബി. വി. വിജയ ഭരത് ഫ്‌ലാഗ് ഓഫ് ചെയ്തു. ഏകദേശം 13 കിലോമീറ്റര്‍ ദൂരമുള്ള മാരത്തോണ്‍ കാസര്‍കോട് കളക്ടറേറ്റിലാണ് സമാപിച്ചത്.
കുട്ടികളും മുതിര്‍ന്നവരുമായി നൂറിലധികം പേര്‍ മാരത്തോണില്‍ പങ്കെടുത്തു. തുടര്‍ന്ന്, അവിടെ നിന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത വാക്കത്തോണ്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ അവസാനിച്ചു. 1500 ഓളം പേര്‍ അണിനിരന്ന വാക്കത്തോണ്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് സുംബ നൃത്തവും കളരി മുതല്‍ തായ്‌കൊണ്ടോ വരെയുള്ള പ്രദര്‍ശനങ്ങളും അരങ്ങേറി. വേദിയിലും സദസ്സിലുമുള്ളവര്‍ ഏക സ്വരത്തില്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.ലഹരിയുടെ കരാളഹസ്തങ്ങളില്‍ അമര്‍ന്നു താളം തെറ്റിയ കുടുംബത്തെയും സാമൂഹികാന്തരീക്ഷത്തെയും ജ്യോതിര്‍ഗമയ എന്ന നൃത്തശില്പത്തിലൂടെ അരങ്ങിലവതരിപ്പിച്ചത് ഉദ്ഘാടന വേദിയിലെ ത്രസിപ്പിക്കുന്ന കാഴ്ചയായി. മാരത്തോണിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു.
കായികതാരങ്ങള്‍, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, എന്‍.എസ്.എസ്, കായിക അസോസിയേഷനുകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, ബഹുജന സംഘടനകള്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ക്യാമ്പയിനിന്റെ ഭാഗമായത് ലഹരിക്കെതിരായ പോരാട്ടത്തില്‍ ഒറ്റക്കെട്ടാണെന്ന സന്ദേശം വിളിച്ചോതി. മടിക്കൈയില്‍ സ്‌പോര്‍ട്‌സ് കിറ്റ് വിതരണവും ഉച്ചയ്ക്ക് ശേഷം ചെറുവത്തൂര്‍ കുറ്റിവയല്‍ മുതല്‍ കാലിക്കടവ് വരെയുള്ള 3.50 കിലോമീറ്റര്‍ രണ്ടാംഘട്ട വാക്കത്തോണും സംഘടിപ്പിച്ചു. വൈകിട്ട് അഞ്ചിന് കാലിക്കടവ് നടന്ന സമാപന സമ്മേളനത്തില്‍ സാമൂഹ്യ രാഷ്ട്രീയ കായിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി.
കാസര്‍കോട് നിന്ന് ആരംഭിച്ച പ്രചാരണ യാത്ര വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ 14 ജില്ലകളിലൂടെയും കടന്നുപോകും. ഓരോ ജില്ലയിലും വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എം.എല്‍.എമാരായ എം. രാജഗോപാലന്‍, സി.എച്ച് കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരന്‍, സ്‌പോര്‍ട്‌സ് കൌണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് യു.ഷറഫലി, അന്താരാഷ്ട്ര കായിക താരവും സ്‌പോര്‍ട്‌സ് കൌണ്‍സില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗവുമായ കെ.സി. ലേഖ, കാസര്‍ക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ലാ കളക്ടര്‍ കെ. ഇന്‍പശേഖര്‍, ജില്ലാ പൊലീസ് മേധാവി ബി.വി വിജയ് ഭരത് റെഡ്ഡി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പി.ഹബീബ് റഹ്മാന്‍, നീലേശ്വരം നഗരസഭാ അധ്യക്ഷ ടി.വി ശാന്ത, വി.വി രമേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


