എട്ടാം വയസ്സില്‍ ഐസ്വാളിലെ ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നതാണ് ജെറെമിയുടെ ജീവിതത്തിലെ വഴിത്തിരിവ്. പരിശീലകന്‍ മാല്‍സാവ്മ അവനെ ഇന്ന് കാണുന്ന തരത്തിലേക്ക് പരുവപ്പെടുത്തി.
ബെര്‍മിംഗ്ഹാം: ഭാരോദ്വഹനത്തില്‍ ഒളിംപിക് സ്വര്‍ണമെന്ന ഇന്ത്യന്‍ സ്വപ്നത്തിലേക്കുള്ള നീക്കിയിരുപ്പാണ് ജെറെമി ലാല്‍റിന്നുംഗയെ (Jeremy Lalrinnunga) എന്ന 19കാരന്‍. കോമണ്‍വെല്‍ത്ത് ഗെയിംസിലും (CWG 2022) സ്വര്‍ണമണിഞ്ഞ് ജെറെമി ആ പ്രതീക്ഷ വീണ്ടും ഉയര്‍ത്തുകയാണ്. ബോക്‌സിംഗില്‍ ഏഴ് തവണ ദേശീയ തലത്തില്‍ സ്വര്‍ണമണിഞ്ഞ ലാല്‍ നെയ്റ്റ്‌ലുവാംഗയുടെ മകന്‍ ജെറെമിയും ഇടിച്ചിടിച്ച് പേരെടുക്കുമെന്നാണ് കുടുംബത്തിലെല്ലാവരും കരുതിയിരുന്നത്.
എന്നാല്‍ ഭാരമേറിയ മുളങ്കമ്പും ഇരുമ്പ് പൈപ്പുമെല്ലാം തൂക്കി തന്റെ വഴി വേറെയെന്ന് ജെറെമി പറഞ്ഞു. എട്ടാം വയസ്സില്‍ ഐസ്വാളിലെ ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നതാണ് ജെറെമിയുടെ ജീവിതത്തിലെ വഴിത്തിരിവ്. പരിശീലകന്‍ മാല്‍സാവ്മ അവനെ ഇന്ന് കാണുന്ന തരത്തിലേക്ക് പരുവപ്പെടുത്തി. അവിടെവച്ചാണ് ഒളിംപിക്‌സില്‍ മെഡലെന്ന സ്വപ്നം അവനില്‍ മുളച്ചതും അതിനുള്ള പടികള്‍ ചവിട്ടാന്‍ തുടങ്ങിയതും. ദേശീയ യൂത്ത് ചാംപ്യന്‍ഷിപ്പിലെ സ്വര്‍ണമായിരുന്നു ആദ്യ പ്രധാനനേട്ടം. ലോകയൂത്ത് ചാംപ്യന്‍ഷിപ്പില്‍ അത് വെള്ളിയായി.
'യുവതാരങ്ങള്‍ ചരിത്രം രചിക്കുന്നു'; ജെറെമി ലാല്‍റിന്നുംഗയെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി
62 കിലോ ഗ്രാമിലേക്ക് ചുവട് മാറ്റി. യൂത്ത് കോമണ്‍വെല്‍ത്തില്‍ സ്വര്‍ണവും നേടി. 2018ലാണ് ആ ചരിത്ര നിമിഷം പിറക്കുന്നത്. യൂത്ത് ഒളിംപിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ജെറമി മാറി. ഒളിംപിക് സ്വര്‍ണവും അപ്രാപ്യമല്ലെന്ന് ഇന്ത്യ തിരിച്ചറിഞ്ഞ നിമിഷം. കോമണ്‍വെല്‍ത്ത് കൂടി കഴിയുമ്പോള്‍ അത് അടിവരയിടുന്നു. കാത്തിരിക്കുകയാണ് ഇന്ത്യ. പാരീസില്‍ ജെറമിയുടെ പേരില്‍ ദേശീയ ഗാനം ഉയര്‍ന്നുകേള്‍ക്കുന്നതിനായി.
കരിയറിലെ തന്റെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തന്നെ ജെറെമി ലാല്‍റിന്നുംഗ സ്വര്‍ണവുമായി വിസ്മയിപ്പിക്കുകയായിരുന്നു. സ്നാച്ചില്‍ 140 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 160 കിലോയുമായി ആകെ 300 കിലോയാണ് ജെറെമി ലാല്‍റിന്നുംഗ ഉയര്‍ത്തിയത്. ജെറെമി ഉയര്‍ത്തിയ 300 കിലോ ഗെയിംസ് റെക്കോര്‍ഡാണ്. സ്നാച്ചിലെ ജെറെമിയുടെ 140 കിലോയും പുതിയ ഗെയിംസ് റെക്കോര്‍ഡായി മാറി. എന്നാല്‍ മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ ജെറെമിക്ക് പരിക്കേറ്റത് ആശങ്കയാണ്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇതുവരെ അഞ്ച് മെഡലുകളാണ് ഇന്ത്യ നേടിയിട്ടുള്ളത്. വനിതകളുടെ ഭാരദ്വേഹനത്തില്‍ 49 കിലോഗ്രാം വിഭാഗത്തില്‍ മീരാബായി ചനുവിലൂടെയാണ് ആദ്യ സ്വര്‍ണമെത്തിയത്. ഗെയിംസ് റെക്കോര്‍ഡോടെയാണ് മീരാബായി സ്വര്‍ണം നിലനിര്‍ത്തിയത്.
