വിസാ കാലാവധി കഴിഞ്ഞും രാജ്യം വിടാത്ത സന്ദര്‍ശകരുടെ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള റെസിഡന്‍സ് അഫയേഴ്‍സ് സെക്ടര്‍ മേധാവി ബ്രിഗേഡിയര്‍ ജനറല്‍ വാലിദ് അല്‍ തറാവയാണ് സമര്‍പ്പിച്ചത്.

കുവൈത്ത് സിറ്റി: സന്ദര്‍ശക വിസയിലെത്തിയ 14,653 പേര്‍ വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ട് പോയിട്ടില്ലെന്ന് കുവൈത്ത് താമസകാര്യ വകുപ്പ് അറിയിച്ചു. ഇവരുടെ സ്‍പോണ്‍സര്‍മാര്‍ക്കെതിരെ ഉള്‍പ്പെടെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. അതേസമയം അനധികൃത താമസക്കാരെ പിടികൂടാന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ രാജ്യമെമ്പാടും പുരോഗമിക്കുകയാണ്.

വിസാ കാലാവധി കഴിഞ്ഞും രാജ്യം വിടാത്ത സന്ദര്‍ശകരുടെ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള റെസിഡന്‍സ് അഫയേഴ്‍സ് സെക്ടര്‍ മേധാവി ബ്രിഗേഡിയര്‍ ജനറല്‍ വാലിദ് അല്‍ തറാവയാണ് സമര്‍പ്പിച്ചത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അഹ‍മദ് അല്‍ നവാഫിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുകളാണ് മന്ത്രാലയം നല്‍കിയത്. 

2022 മേയ് മാസം ആദ്യം വരെ 14,653 പേര്‍ സന്ദര്‍ശക വിസകളുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തു നിന്ന് പുറത്തുപോയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ വിസകള്‍ സ്‍പോണ്‍സര്‍ ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം. ശിക്ഷാ നടപടിയായി ഫാമിലി വിസകള്‍ ഉള്‍പ്പെടെ ഒരു തരത്തിലുമുള്ള വിസകള്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് ഇവര്‍ക്ക് സ്‍പോണ്‍സര്‍ ചെയ്യാനാവില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Read also: മകളുടെ മൃതദേഹം വീട്ടിലെ ബാത്ത്റൂമില്‍ അഞ്ച് വര്‍ഷം ഒളിപ്പിച്ചുവെച്ച 60 വയസുകാരിക്ക് ജീവപര്യന്തം

വ്യാപക പരിശോധന തുടരുന്നു; നിരവധി പ്രവാസികള്‍ അറസ്റ്റിലായി
കുവൈത്ത് സിറ്റി: നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധന തുടരുന്നു. കഴി‌ഞ്ഞ ദിവസം 13 പ്രവാസികളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള റെസിഡന്‍സി അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് (Residency Affairs Department) അറസ്റ്റ് ചെയ്തു. ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്.

പിടിയിലായവരില്‍ വിവിധ രാജ്യക്കാരായ പ്രവാസികളുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്യുന്നവരെയും താമസ നിയമ ലംഘകരെയും കണ്ടെത്താന്‍ ലക്ഷ്യമിട്ട് കുവൈത്തിലെ വിവിധ വകുപ്പുകള്‍ രാജ്യത്തുടനീളം വ്യാപക പരിശോധന നടത്തിവരികയാണ്. ആയിരക്കണക്കിന് പ്രവാസികളെ ഇതിന്റെ ഭാഗമായി അറസ്റ്റ് ചെയ്യുകയും നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തുകയും ചെയ്‍തു.

കൊവിഡ് പ്രതിസന്ധിക്കാലത്ത് അനധികൃത താമസക്കാരായ പ്രവാസികള്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ നേരത്തെ അവസരം നല്‍കിയിരുന്നു. എന്നാല്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് ഈ സൗകര്യം അന്ന് ഉപയോഗപ്പെടുത്തിയിരുന്നത്. വിമാന സര്‍വീസുകള്‍ക്ക് വിലക്കുള്ളതും കൊവിഡ് പ്രതിസന്ധിയും കണക്കിലെടുത്ത് ആ സമയത്ത് പരിശോധനകളും നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ പിന്നീട് കൊവിഡ് പ്രതിസന്ധിക്ക് അയവ് വരികയും വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുകയും ചെയ്തതോടെ വ്യാപക പരിശോധനകള്‍ ആരംഭിച്ചു. നിലവില്‍ വിവിധ വകുപ്പുകള്‍ സഹകരിച്ച് രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകള്‍ നടന്നുവരുന്നുണ്ട്.