35 മില്ല്യൺ ഒമാൻ റിയാൽ ചെലവുവരുന്ന റൈസൂത്ത് അൽ മു​ഗ്സൈൽ റോഡിൽ ഇരട്ടപ്പാത നിർമിക്കാനുള്ള കരാറിൽ ഒപ്പുവെച്ചു. ദോഫാർ ​ഗവർണറേറ്റിലെ ​ഗതാ​ഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പദ്ധതി 

മസ്കത്ത്: ഒമാനിൽ റൈസൂത്ത് അൽ മു​ഗ്സൈൽ റോഡിൽ ഇരട്ടപ്പാത നിർമിക്കാനുള്ള കരാറിൽ ഒപ്പുവെച്ചതായി ​ഗതാ​ഗത മന്ത്രാലയം അറിയിച്ചു. ​ഗതാ​ഗത മന്ത്രാലയം അണ്ടർസെക്രട്ടറി എൻജിനീയർ ഖാമിസ് ബിൻ മുഹമ്മദ് അൽ ഷമ്മാഖി, ഒമാൻ കൺസ്ട്രക്ഷൻ കമ്പനി ചെയർമാൻ സയീദ് ബിൻ മുസ്ലിം അൽ കതിരി, ഫ്യൂച്ചർ ഇന്നൊവേഷൻ കമ്പനി സിഇഓ ഡോ.മിശ്ഹാൽ ബിൻത് അവാദ് മുഹമ്മദ് അൽ സയാരി എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. ഏകദേശം 35 മില്ല്യൺ ഒമാൻ റിയാൽ ചെലവുവരുന്ന ഈ പദ്ധതി ദോഫാർ ​ഗവർണറേറ്റിലെ ​ഗതാ​ഗത സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്തും.

Read also: പ്രവാസികൾക്ക് ആശ്വാസം, കുവൈത്തിലെ ബാങ്കുകളിൽ അക്കൗണ്ട് തുറക്കാനുള്ള മിനിമം വേതന നിയന്ത്രണങ്ങൾ ഒഴിവാക്കി

ഒരേ ദിശയിൽ രണ്ട് പാതകൾ, 6 മേൽപ്പാതകൾ, അടിപ്പാതകൾ, അനിമൽ ക്രോസിങ്ങുകൾ, റെസൂത്ത് മുതൽ മു​ഗ്സൈൽ വരെ ബന്ധിപ്പിച്ചു കൊണ്ടുള്ള റൗണ്ട് എബൗട്ടുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് റൈസൂത്ത് അൽ മു​ഗ്സൈൽ ഇരട്ടപ്പാത നിർമാണ പദ്ധതി. പതിനെട്ടാമത് നവംബർ റോഡിനെ സലാല സെന്ററുമായും യമനുമായുള്ള സർഫൈത്ത് അതിർത്തിയുമായും ബന്ധിപ്പിക്കുകയും ചെയ്യും. ദോഫാർ ​ഗവർണറേറ്റിലെ പ്രധാന റോഡുകൾ, ​​ഗതാ​ഗത സംവിധാനം, ട്രാഫിക്, സുരക്ഷ എന്നിവ വർധിപ്പിക്കുന്നതിലുള്ള പദ്ധതിയുടെ പങ്കിനെ എൻജിനീയർ ഖാമിസ് എടുത്തുപറഞ്ഞു.