നുഴഞ്ഞു കയറ്റക്കാരായ പത്ത് യെമന്‍ സ്വദേശികളെ കടത്തുന്നതിനിടെയാണ് യുവാവ് പിടിയിലായത്.

റിയാദ് : സൗദി അറേബ്യയില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് സഹായം നല്‍കിയ സ്വദേശി യുവാവ് അറസ്റ്റില്‍. നുഴഞ്ഞുകയറ്റക്കാര്‍ക്ക് യാത്രാ സൗകര്യം നല്‍കിയ സൗദി യുവാവിനെ മക്ക പ്രവിശ്യയില്‍പ്പെട്ട ഖുന്‍ഫുദയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. 

നുഴഞ്ഞു കയറ്റക്കാരായ പത്ത് യെമന്‍ സ്വദേശികളെ കടത്തുന്നതിനിടെയാണ് യുവാവ് പിടിയിലായത്. നുഴഞ്ഞുകയറ്റക്കാരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ച ശേഷം നാടുകടത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. സൗദി യുവാവിനെ വിചാരണ ചെയ്ത് ശിക്ഷ വിധിക്കാന്‍ പബ്ലിക് പ്രോസിക്യൂഷനും കൈമാറിയതായി മക്ക പ്രവിശ്യ പൊലീസ് വ്യക്തമാക്കി.

Read More - വന്‍ മദ്യ ശേഖരവുമായി മൂന്ന് പ്രവാസികള്‍ പരിശോധനകള്‍ക്കിടെ പിടിയില്‍

അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന് ഗതാഗതമോ പാര്‍പ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ പരമാവധി 15 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ, ഒരു ദശലക്ഷം റിയാല്‍ വരെ പിഴ, വാഹനങ്ങള്‍ അഭയം നല്‍കിയ സ്ഥലം എന്നിവ കണ്ടുകെട്ടല്‍ എന്നീ നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കുമെന്നും അവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ വെളിപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്. നിയമ ലംഘനം ശ്രദ്ധയിൽ പെടുന്നവർ മക്ക, റിയാദ് മേഖലയിലുള്ളവർ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 996, 999 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. 

Read More - കാറിടിച്ച് വീഴ്ത്തി പ്രവാസിയുടെ പണം കവർന്നവർക്കെതിരെ കൊലപാതക കുറ്റം

സൗദി അറേബ്യയെ അപമാനിച്ച കുവൈത്തി പൗരന് ജയില്‍ ശിക്ഷ

കുവൈത്ത് സിറ്റി: സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ സൗദി അറേബ്യയെ അപമാനിച്ച കുവൈത്തി പൗരന് മൂന്ന് വര്‍ഷം കഠിന തടവ്. കേസ് പരിഗണിച്ച കുവൈത്ത് ക്രിമിനല്‍ കോടതിയാണ് കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചതെന്ന് പ്രാദേശിക മാധ്യമമായ അല്‍ സിയാസ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു.

സൗദി അറേബ്യയെ അപമാനിച്ചതിനും മറ്റൊരു രാജ്യവുമായുള്ള കുവൈത്തിന്റെ ബന്ധം മോശമാക്കാന്‍ ശ്രമിച്ചുകൊണ്ടുള്ള ഇടപെടല്‍ നടത്തിയതിന് ഫോറിന്‍ സ്റ്റേറ്റ് സെക്യൂരിറ്റി ക്രൈംസ് നിയമം 30/1970ലെ നാലാം വകുപ്പ് പ്രകാരവുമാണ് പബ്ലിക് പ്രോസിക്യൂഷന്‍ കുറ്റം ചുമത്തിയിരുന്നത്. വിചാരണ പൂര്‍ത്തിയാക്കിയ ക്രിമിനല്‍ കോടതി കഴിഞ്ഞ ദിവസം മൂന്ന് വര്‍ഷത്തെ കഠിന് തടവാണ് പ്രതിക്ക് വിധിച്ചത്.