പാം ജബൽ അലിയിലെ ഫ്രൈഡേ മസ്ജിദിന്‍റെ രൂപകൽപ്പന പുറത്തിറക്കി. 1,000 പേർക്ക് നമസ്‌കരിക്കാൻ സൗകര്യമുള്ള രീതിയിലാണ് പള്ളിയുടെ രൂപകൽപ്പന. ദ്വീപിന്‍റെ മധ്യഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

ദുബൈ: പാം ജബൽ അലിയിലെ പുതിയ ലാൻഡ്മാർക്കായ ഫ്രൈഡേ മസ്ജിദിന്‍റെ രൂപരേഖ ഡെവലപ്പർമാരായ നഖീൽ പുറത്തിറക്കി. ഈ ദ്വീപ് വികസനത്തിന്റെ ‘ആത്മീയ-സാംസ്കാരിക ഹൃദയമായി’ ഈ പള്ളി പ്രവർത്തിക്കും. 1,000 പേർക്ക് നമസ്‌കരിക്കാൻ സൗകര്യമുള്ള രീതിയിലാണ് പള്ളിയുടെ രൂപകൽപ്പന.

ദ്വീപിന്‍റെ മധ്യഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ആർക്കിടെക്ചർ സ്ഥാപനമായ സ്കിഡ്മോർ, ഓവിംഗ്സ് & മെറിൽ ആണ് മസ്ജിദ് രൂപകൽപ്പന ചെയ്തത്. മസ്ജിദിന്‍റെ മിനാരത്തിന് 40 മീറ്റർ ഉയരമുണ്ടാകും. ഇസ്ലാമിക വാസ്തുവിദ്യയിൽ സാധാരണയായി കാണപ്പെടുന്ന ജ്യാമിതീയ രൂപങ്ങളാണ് ഇതിന് നൽകിയിരിക്കുന്നത്. പരമ്പരാഗത ഇസ്‌ലാമിക വാസ്തുവിദ്യാ ഘടകങ്ങൾ ഉൾക്കൊണ്ട് സമകാലിക രൂപത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് നഖീൽ അറിയിച്ചു.

മേൽക്കൂരയിൽ നിന്ന് മുറ്റത്തേക്ക് നീളുന്ന, തുണികൊണ്ടുള്ളതുപോലെ തോന്നിക്കുന്ന ഒരു മേലാപ്പ് തണൽ നൽകുകയും കെട്ടിടത്തെ ചുറ്റുപാടുമായി ദൃശ്യപരമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. മസ്ജിദിന്‍റെ അകത്ത് പ്രാർത്ഥനാ സ്ഥലങ്ങളിലേക്ക് പ്രകൃതിദത്തമായ വെളിച്ചം ലഭിക്കുന്ന രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു. ലാൻഡ്‌സ്‌കേപ്പ് ചെയ്ത നടപ്പാതകൾ, സഞ്ചാര മാർഗ്ഗങ്ങൾ, അംഗശുദ്ധി വരുത്തുന്നതിനുള്ള പ്രത്യേക സ്ഥലങ്ങൾ എന്നിവയും ഇതിന്‍റെ രൂപരേഖയിൽ ഉൾപ്പെടുന്നു.

ഈ പള്ളി ഒരു വാസ്തുവിദ്യാപരമായ വിസ്മയമായിരിക്കുമെന്നും താമസക്കാർക്കും സന്ദർശകർക്കും ആരാധനയ്ക്കും സമാധാനത്തിനുമുള്ള ഇടമായി മാറുമെന്നും ദുബായ് ഹോൾഡിങ് റിയൽ എസ്റ്റേറ്റ് സിഇഒ ഖാലിദ് അൽ മാലിക് പറഞ്ഞു. 13.4 കിലോമീറ്റർ വിസ്തൃതിയിൽ ഏഴ് ദ്വീപുകളിലായി വ്യാപിച്ചുകിടക്കുന്ന പാം ജബൽ അലിയിൽ 16 ഫ്രോണ്ടുകളിലായി 90 കിലോമീറ്ററിലധികം കടൽത്തീരവുമുണ്ട്.