കുവൈത്തിലെ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാ​ഗമായി പുതിയ ഭവന ചട്ടങ്ങൾ പ്രഖ്യാപിച്ചു. പുതിയ നിർദേശ പ്രകാരം ഒരു മുറിയിൽ നാല് പേർക്ക് മാത്രമാണ് താമസിക്കാൻ കഴിയുക.

കുവൈത്ത് സിറ്റി: രാജ്യത്തെ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാ​ഗമായി പുതിയ ഭവന ചട്ടങ്ങൾ പ്രഖ്യാപിച്ച് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ. പാർപ്പിട നിലവാരം ഉയർത്തുന്നതിനും തൊഴിലാളികൾ തിങ്ങി പാർപ്പിക്കുന്നത് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നത്. 

പുതിയ മാർ​​​​​ഗനിർദേശങ്ങൾ അനുസരിച്ച് ഒരു മുറിയിൽ നാല് പേർക്ക് മാത്രമാണ് താമസിക്കാൻ കഴിയുക. കൂടാതെ ഓരോ തൊഴിലാളിക്കും നിർദ്ദിഷ്ട ചതുരശ്ര അടി വിസ്തീർണത്തിൽ സ്ഥലം നൽകിയിട്ടുണ്ടെന്ന് തൊഴിലുടമ ഉറപ്പാക്കുകയും വേണം. ഒരു മുറിയിൽത്തന്നെ ഇരുപതോളം തൊഴിലാളികൾ തിങ്ങിപ്പാർക്കേണ്ടി വരുന്ന അവസ്ഥക്ക് ഇതോടെ അറുതിയാകും. പാർപ്പിട സൗകര്യം ഒരുക്കാൻ കഴിയാത്ത തൊഴിലുടമകൾ തൊഴിലാളികൾക്ക് അലവൻസ് നൽകണം. മിനിമം വേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് അവരുടെ ശമ്പളത്തിന്റെ 25 ശതമാനത്തിന് സമാനമായ തുകയാണ് അലവൻസായി നൽകേണ്ടത്. അതേസമയം, മിനിമം വേതനത്തിന് മുകളിൽ ശമ്പളം വാങ്ങുന്നവർ 15 ശതമാനം അലവൻസിനും അർഹരാണ്. 

read also: പ്രവാസികൾക്ക് തിരിച്ചടി: നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള നിർദേശത്തിന്മേൽ ബഹ്റൈനിൽ ഇന്ന് ചർച്ച

കൂടാതെ, തൊഴിലാളികൾക്ക് ഭവന സൗകര്യം ഏർപ്പെടുന്നതിന് മുൻപ് ബന്ധപ്പെട്ട അധികാരികളിൽ നിന്നും തൊഴിലുടമകൾ അനുമതി നേടിയിരിക്കണം. താമസസൗകര്യങ്ങൾ ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും സ്ഥലം താമസിക്കാനുതകുന്നതാണെന്ന് ഉറപ്പാക്കാനുമാണ് ഇത്തരത്തിൽ നടപടിയെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ വ്യക്തമാക്കി. തൊഴിലാളി സമൂഹത്തിന് സുരക്ഷിതവും ആരോ​ഗ്യപരവുമായ ഒരു അന്തരീക്ഷം വളർത്തിയെടുക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബന്ധതയ്ക്ക് അടിവരയിടുന്നതാണ് മാൻപവർ അതോറിറ്റിയുടെ ഈ തീരുമാനം.