ഫാമിൽ പ്രവർത്തിച്ചിരുന്ന രഹസ്യ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രത്തിൽ ആഭ്യന്തര മന്ത്രാലയം റെയ്ഡ് നടത്തി. നിയമവിരുദ്ധമായി താമസിച്ചിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും അഞ്ച് ലക്ഷം ദിനാർ വിലമതിക്കുന്ന ഒരു ലക്ഷത്തോളം ക്യാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുക്കുകയും ചെയ്തു.
കുവൈത്ത് സിറ്റി: കുവൈത്തിലെ കബ്ദ് മേഖലയിലെ ഒരു ഫാമിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന മയക്കുമരുന്ന് നിർമ്മാണ കേന്ദ്രത്തിൽ മിന്നൽ റെയ്ഡ്. ക്യാപ്റ്റഗൺ ഗുളികകൾ നിർമ്മിച്ചിരുന്ന കേന്ദ്രത്തിലാണ് പരിശോധന നടത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കൺട്രോൾ ആണ് മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തി പിടിച്ചെടുത്തത്. കേസുമായി ബന്ധപ്പെട്ട് രാജ്യത്ത് നിയമവിരുദ്ധമായി താമസിച്ചിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു.
പ്രതികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് ആവശ്യമായ വിവരങ്ങൾ ശേഖരിച്ച ശേഷമാണ് സുരക്ഷാസേന ഫാമിൽ റെയ്ഡ് നടത്തിയത്. അറസ്റ്റ് ഒഴിവാക്കാൻ പ്രതികൾ ശക്തമായി പ്രതിരോധിച്ചെങ്കിലും സുരക്ഷാസേനയുടെ ജാഗ്രത മൂലം രക്ഷപ്പെടാനായില്ലെന്ന് മന്ത്രാലയം അറിയിച്ചു. പരിശോധനയിൽ അഞ്ച് കിലോഗ്രാം ക്യാപ്റ്റഗൺ നിർമ്മിക്കാനുള്ള അസംസ്കൃത പൊടി, ഗുളികകൾ നിർമ്മിക്കാനുള്ള യന്ത്രം, ഡിജിറ്റൽ ത്രാസ്സ്, പാക്കിംഗ് ഉപകരണങ്ങൾ, വിതരണത്തിനുള്ള സാമഗ്രികൾ, ഒഴിഞ്ഞ ബാഗുകൾ എന്നിവ കണ്ടെത്തി. തുടരന്വേഷണത്തിൽ വിതരണം ചെയ്യാൻ തയ്യാറാക്കിയ വലിയ തോതിലുള്ള ക്യാപ്റ്റഗൺ ഗുളികകൾ ഭൂമിക്കടിയിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ അവയും കണ്ടെടുത്തു.
ആകെ ഏകദേശം ഒരു ലക്ഷം ക്യാപ്റ്റഗൺ ഗുളികകളാണ് പിടിച്ചെടുത്തത്. ഇവയുടെ വിപണി വില അഞ്ച് ലക്ഷം ദിനാറിലധികം വരുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. അറസ്റ്റിലായ രണ്ട് പ്രതികളെയും പിടിച്ചെടുത്ത മയക്കുമരുന്നുകളും ഉപകരണങ്ങളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


