യുഎഇയുടെ 55-ാമത് ദേശീയ ദിനമായ 'ഈദ് അൽ ഇത്തിഹാദിനോടനുബന്ധിച്ച്' ദുബായിലെ സ്വകാര്യ സ്കൂളുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുമുള്ള അവധി ദിനങ്ങളും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ദുബായ്: യുഎഇയുടെ 55-ാമത് ദേശീയ ദിനമായ 'ഈദ് അൽ ഇത്തിഹാദിനോടനുബന്ധിച്ച്' ദുബായിലെ സ്വകാര്യ സ്കൂളുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്ട്മെന്റാണ് അവധി തീയതികൾ പ്രഖ്യാപിച്ചത്.
2026 ഡിസംബർ 2 ബുധനാഴ്ച മുതൽ ഡിസംബർ 4 വെള്ളിയാഴ്ച വരെയാണ് സ്വകാര്യ സ്കൂളുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. വാരാന്ത്യ അവധി ദിവസങ്ങളായ ശനി, ഞായർ ദിവസങ്ങൾ കൂടി ചേരുന്നതോടെ വിദ്യാർത്ഥികൾക്ക് തുടർച്ചയായി അഞ്ച് ദിവസത്തെ അവധി ലഭിക്കും. ഡിസംബർ 7 തിങ്കളാഴ്ച ക്ലാസുകളും സാധാരണ പ്രവർത്തനങ്ങളും പുനരാരംഭിക്കും.
അതേസമയം, ദുബായിലെ ഏർലി ചൈൽഡ്ഹുഡ് സെന്ററുകൾക്ക് ഡിസംബർ 2 ബുധൻ, ഡിസംബർ 3 വ്യാഴം ദിവസങ്ങളിലാണ് അവധി. രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും ആവശ്യകത പരിഗണിച്ച് ഡിസംബർ 4 വെള്ളിയാഴ്ചയും പ്രവർത്തിക്കണമോ വേണ്ടയോ എന്ന് സ്ഥാപനങ്ങൾക്ക് തീരുമാനിക്കാവുന്നതാണ്. ഇവിടെയും ഡിസംബർ 7 തിങ്കളാഴ്ച പ്രവർത്തനം പുനരാരംഭിക്കും.
ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്കും ദുബായ് സർക്കാർ ജീവനക്കാർക്കും ഡിസംബർ 2 ബുധൻ മുതൽ ഡിസംബർ 4 വെള്ളി വരെയാണ് ഔദ്യോഗിക അവധി. വാരാന്ത്യ അവധി ഉൾപ്പെടെ ഡിസംബർ 2 മുതൽ 6 വരെ തുടർച്ചയായി അഞ്ച് ദിവസത്തെ അവധി ഇവർക്ക് ലഭിക്കും. ഡിസംബർ 7 തിങ്കളാഴ്ച ഓഫീസുകൾ തുറക്കും.
ഷാർജയിലെ സർക്കാർ ജീവനക്കാർക്കും അഞ്ച് ദിവസത്തെ അവധി ലഭിക്കുമെന്ന് ഷാർജ ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഡിസംബർ 2 ബുധൻ, ഡിസംബർ 3 വ്യാഴം ദിവസങ്ങളിലാണ് ഔദ്യോഗിക അവധി. ഷാർജയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ വാരാന്ത്യ അവധിയായതിനാൽ ജീവനക്കാർക്ക് ഡിസംബർ 2 മുതൽ 6 വരെ തുടർച്ചയായി അഞ്ച് ദിവസം അവധി ലഭിക്കും. ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇത് ബാധകമല്ല.
രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഡിസംബർ 2 ബുധൻ, ഡിസംബർ 3 വ്യാഴം ദിവസങ്ങളിൽ ശമ്പളത്തോടു കൂടിയ രണ്ട് ദിവസത്തെ അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം സ്ഥിരീകരിച്ചു. 1971 ഡിസംബർ 2-ന് ആറ് എമിറേറ്റുകൾ ഒത്തുചേർന്ന് യു.എ.ഇ രൂപീകരിച്ചതിന്റെ ഓർമ്മ പുതുക്കിയാണ് എല്ലാ വർഷവും ഈദ് അൽ ഇത്തിഹാദ് ആഘോഷിക്കുന്നത്. 1972 ഫെബ്രുവരിയിൽ റാസൽഖൈമ കൂടി ചേർന്നതോടെ ഏഴ് എമിറേറ്റുകളുടെ ഐക്യം പൂർത്തിയായി. യുഎഇയുടെ 'കുടുംബ വർഷത്തിലാണ്' ഇത്തവണത്തെ ആഘോഷങ്ങൾ നടക്കുന്നത്. കഴിഞ്ഞ 55 വർഷമായി രാജ്യത്തെ കെട്ടിപ്പടുത്ത കുടുംബങ്ങൾക്കും തലമുറകൾക്കും പ്രാധാന്യം നൽകിക്കൊണ്ട് 'കുടുംബങ്ങളുടെ കുടുംബം' എന്ന പ്രമേയത്തിലാണ് 55-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷിക്കുന്നത്.














