യുഎഇ, ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലെല്ലാം കൊവിഡിന് ശേഷമുള്ള പെരുന്നാളിന്റെ സന്തോഷം പ്രകടമായിരുന്നു. പുലര്‍ച്ചെ പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ ആശംസകളറിയിച്ച് വീടുകളിലേക്ക് മടങ്ങിയ വിശ്വാസികള്‍ ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച ശേഷം വൈകുന്നേരം പാര്‍ക്കുകളിലും ബീച്ചുകളിലും അവധി ആഘോഷിക്കാനെത്തി.

റിയാദ്: ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതി വീണ്ടുമൊരു ബലിപെരുന്നാള്‍ കൂടി വന്നെത്തിയിരിക്കുകയാണ്. ബലിപെരുന്നാള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വിപുലമായി ആഘോഷിച്ചു. കൊവിഡ് മഹാമാരിക്ക് ശേഷം ഒത്തുചേരലിന്റെയും സന്തോഷത്തിന്റെയും പെരുന്നാള്‍ കൂടിയാണ് ഇത്തവണത്തേത്. 

സൗദി അറേബ്യയില്‍ മക്ക, മദീന ഹറമുകളിലും രാജ്യത്തെ മറ്റ് പള്ളികളിലും ഈദ് ഗാഹുകളിലും ബലിപെരുന്നാള്‍ നമസ്‌കാരം നടന്നു. മസ്ജിദുല്‍ ഹറാമില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തില്‍ ഹജ്ജ് തീര്‍ത്ഥാടകരും പങ്കെടുത്തു. പള്ളികളിലും ഈദ്ഗാഹുകളിലും നടന്ന നമസ്‌കാരത്തില്‍ പങ്കുചേര്‍ന്നും സൗഹൃദം പങ്കുവെച്ചും ബഹ്‌റൈനിലെ സ്വദേശികളും പ്രവാസികളും ബലിപെരുന്നാള്‍ ആഘോഷത്തില്‍ പങ്കാളികളായി. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ സഖീര്‍ പാലസ് മസ്ജിദില്‍ ഈദുല്‍ അദ്ഹ പ്രാര്‍ത്ഥന നടത്തി. 

ബലിപെരുന്നാളിനെ വരവേല്‍ക്കാന്‍ അബുദാബി ഒരുങ്ങി; നഗരത്തില്‍ വര്‍ണാഭമായ ആഘോഷം

ഖത്തറില്‍ പുലര്‍ച്ചെ 5.05ന് വിവിധ ഭാഗങ്ങളിലായി 588 പള്ളികളിലും ഈദ്ഗാഹുകളിലുമായി നമസ്‌കാരം നടന്നു. പള്ളികളില്‍ മാസ്‌ക് ധരിച്ചാണ് വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അല്‍ വജ്ബ പാലസില്‍ ഈദ് നമസ്‌കാരം നിര്‍വ്വഹിച്ചു.

യുഎഇ, ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലെല്ലാം കൊവിഡിന് ശേഷമുള്ള പെരുന്നാളിന്റെ സന്തോഷം പ്രകടമായിരുന്നു. പുലര്‍ച്ചെ പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ ആശംസകളറിയിച്ച് വീടുകളിലേക്ക് മടങ്ങിയ വിശ്വാസികള്‍ ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച ശേഷം വൈകുന്നേരം പാര്‍ക്കുകളിലും ബീച്ചുകളിലും അവധി ആഘോഷിക്കാനെത്തി. വിവിധ പരിപാടികളും പെരുന്നാള്‍ അവധി ആഘോഷിക്കാനായി സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി ഒരുക്കിയിട്ടുണ്ട്. യുഎഇയില്‍ പലയിടങ്ങളിലും വെടിക്കെട്ട് ഉള്‍പ്പെടെ സംഘടിപ്പിച്ചിട്ടുണ്ട്. 

ബലിപെരുന്നാള്‍ ആഘോഷം സുരക്ഷിതമാക്കാന്‍ റാക് പൊലീസിന്റെ 89 വാഹനങ്ങള്‍