നിലവിലെ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം കാലാവധി കഴിഞ്ഞ് ഉടൻ മടങ്ങും

റിയാദ്: ഇന്ത്യന്‍ കോണ്‍സുലേറ്റിൽ പുതിയ കോണ്‍സല്‍ ജനറലായി ആന്ധ്രപ്രദേശ് കുര്‍ണൂല്‍ സ്വദേശി ഫഹദ് അഹമ്മദ് ഖാന്‍ സുരി ചുമതല ഏൽക്കുമെന്ന് സൂചന. നിലവിലെ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം കാലാവധി കഴിഞ്ഞു മടങ്ങുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. ഇന്ത്യൻ ഫോറിൻ സർവീസിൽ (ഐ.എഫ്.എസ്) 2014 ബാച്ചുകാരനായ ഫഹദ് അഹമ്മദ് ഖാന്‍ സുരി വാണിജ്യ മന്ത്രാലയത്തില്‍ അണ്ടർ സെക്രട്ടറി, ഇന്ത്യ ഹൗസ് ഫസ്റ്റ് സെക്രട്ടറി, കുവൈത്ത് എംബസി ഫസ്റ്റ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കോവിഡ് കാലത്ത് കുവൈത്തില്‍ ഫസ്റ്റ് സെക്രട്ടറിയായിരിക്കുമ്പോൾ എയര്‍ ബബ്ള്‍ വന്ദേഭാരത് മിഷന് കീഴിൽ ഒന്നര ലക്ഷം ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് ഇദ്ദേഹം നേതൃത്വം വഹിച്ചിരുന്നു.
ജാര്‍ഖണ്ഡ് സ്വദേശിയായ നിലവിലെ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം 2010 ഐ.എഫ്.എസ് ബാച്ചുകാരനാണ്. ന്യൂഡൽഹിയിലെ ജാമിഅ മില്ലിയ യൂനിവേഴ്‌സിറ്റിയിൽ നിന്നാണ് ജിയോഗ്രഫിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയത്. 2012 മുതൽ രണ്ട് വർഷക്കാലം കെയ്‌റോയിലെ ഇന്ത്യൻ എംബസിയില്‍ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കെ മുഹമ്മദ് ഷാഹിദ് ആലം അറബി ഭാഷയില്‍ പ്രത്യേകം പ്രവീണ്യം നേടിയിരുന്നു. 2014-15 ല്‍ അബുദാബി ഇന്ത്യൻ എംബസിയില്‍ സെക്കന്റ് സെക്രട്ടറിയായി ജോലി ചെയ്തുകൊണ്ടിരിക്കെയാണ് 2015 സെപ്റ്റംബറില്‍ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ആദ്യമായി ഹജ്ജ് കോണ്‍സലായി ചുമതലയേൽക്കുന്നത്.

Read Also - ലഗേജിൽ അബദ്ധത്തിൽ പെട്ടു പോയെന്ന് വാദം; നിഷേധിച്ച് കോടതി, 25കാരനായ യുവാവിന് 'എട്ടിന്‍റെ പണി', വൻ തുക പിഴ

പിന്നീട് ഡപ്യൂട്ടി കോണ്‍സല്‍ ജനറലായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. കോണ്സുലേറ്റിലെ സേവനത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെങ്കിലും 2020 ഒക്ടോബറിൽ അന്നത്തെ കോൺസുൽ ജനറൽ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖിന് പകരക്കാരനായി വീണ്ടും കോൺസുൽ ജനറൽ ആയി ഇദ്ദേഹം ജിദ്ദയിലേക്ക് തിരിച്ചെത്തുകയായിരുന്നു. മൂന്ന് വർഷക്കാലത്തെ കോൺസുൽ ജനറൽ സേവനം അവസാനിപ്പിച്ചു മുഹമ്മദ് ഷാഹിദ് ആലം ഉടൻ ഡൽഹിയിലേക്ക് മടങ്ങും. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം