യാംബുവിലെ മുനാസബാത്ത് ഗ്രൗണ്ടിലാണ് പുഷ്പമേള സംഘടിപ്പിക്കുന്നത്.
റിയാദ്: സൗദിയിലെ രണ്ടാമത്തെ വ്യവസായ നഗരമായ യാംബുവിൽ 15ാമത് പുഷ്‌പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി. മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് ഔപചാരികമായ ഉദ്ഘാടനം ചെയ്തു. യാംബുവിലെ മുനാസബാത്ത് ഗ്രൗണ്ടിലാണ് മേള നടക്കുന്നത്. എല്ലാദിവസവും വൈകീട്ട് നാല് മുതൽ രാത്രി 12 വരെയാണ് സന്ദർശന സമയം. മേള ഫെബ്രുവരി 27 വരെ നീണ്ടുനിൽക്കും.
വിവിധ പവിലിയനുകൾ, ഫുഡ് കോർട്ടുകൾ, റീ സൈക്കിൾ ഗാർഡൻ, ചിൽഡ്രൻസ് പാർക്ക്, ഉല്ലാസകേന്ദ്രങ്ങൾ, പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും പാർക്കുകൾ, പൂക്കളുടെ മനോഹരമായ അലങ്കാരത്തോടെ നിർമിച്ച കുന്നുകളും വിശാലമായ പൂ പരവതാനികളും സന്ദർശകരെ ആകർഷിക്കുന്നതാണ്.
https://window.rcjy.gov.sa/RCJYReservation/ എന്ന പോർട്ടിൽ ടിക്കറ്റ് എടുത്താണ് മേളയിലെത്തേണ്ടത്. നഗരിയിൽ ഒരുക്കിയ പൂച്ചെടികളുടെയും വിത്തു തൈകളുടെയും പ്രദർശനവും വില്പനയും അറബി കുടുംബങ്ങളെ ഏറെ ആകർഷിക്കുന്നു. മേളയിലെ പുഷ്പ സാഗര ദൃശ്യം സന്ദർശകരുടെ മനം കുളിർപ്പിക്കുന്ന കാഴ്ച തന്നെയാണ്. വാണിജ്യ വിനോദ പരിപാടികൾ സജീവമാക്കുന്നതിെൻറ ഭാഗമായും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം മുൻ നിർത്തിയുമാണ് അധികൃതർ യാംബു പുഷ്പമേള സംഘടിപ്പിച്ചുവരുന്നത്.
Read Also - പ്രവാസികൾക്ക് വൻ തിരിച്ചടി, 269 ജോലികളിൽ സ്വദേശിവത്കരണം ഉയർത്തും; 30 മുതൽ 70 ശതമാനം വരെ വർധന
താത്കാലികമാണെങ്കിലും സൗദി യുവതീയുവാക്കൾക്ക് ധാരാളം തൊഴിലവസരങ്ങൾ നൽകാനും ഇത്തരം മേളകളിലൂടെ അധികൃതർ ലക്ഷ്യം വെക്കുന്നു. അതിവിശാലമായ പൂ പരവതാനിക്ക് രണ്ടുതവണ നേരത്തേ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ യാംബു പുഷ്പമേളക്ക് കഴിഞ്ഞ വർഷം മൂന്ന് ഗിന്നസ് റെക്കോർഡുകൾ കൂടി നേടി ആഗോള ശ്രദ്ധനേടിയിരുന്നു. ദേശീയ, അന്തർ ദേശീയതലങ്ങളിൽ പ്രശസ്തമായ മേളയായി യാംബു പുഷ്‌പോത്സവം ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്.
