റെസിഡൻസ് പെർമിറ്റിന്‍റെയോ തൊഴിൽ വിസയുടെയോ കാലാവധി കഴിഞ്ഞിട്ടും ഒമാനില്‍ തുടരുന്നവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. 

മസ്കറ്റ്: ഒമാനില്‍ റെസിഡൻസ് പെർമിറ്റിന്‍റെയോ തൊഴിൽ വിസയുടെയോ കാലാവധി കഴിഞ്ഞിട്ടും ഒമാനിൽ തുടരുന്നവർക്ക് പിഴയൊന്നുമില്ലാതെ അത് പുതുക്കാനും, അതല്ലെങ്കിൽ പിഴയില്ലാതെ രാജ്യം വിടാനും അനുമതി നൽകി തൊഴിൽ മന്ത്രാലയത്തിന്‍റെ പുതിയ തീരുമാനം. ഈ തീരുമാനത്തെ പിന്തുണച്ച് പ്രവർത്തിക്കുകയാണെന്ന് റോയല്‍ ഒമാന്‍ പൊലീസും സ്ഥിരീകരിച്ചു. മന്ത്രാലയത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിട്ടുള്ള പ്രത്യേക കാറ്റഗറികള്‍ക്ക് കീഴില്‍ വരുന്നവര്‍ക്കാണ് ഈ പിഴ ഇളവ് ആനുകൂല്യം ലഭിക്കുക. 

പ്രധാനമായും രണ്ട് കേസുകളിലാണ് ഈ ആനുകൂല്യം ലഭിക്കുക. റെസിഡന്‍സി പുതുക്കാനോ രാജ്യത്തിനകത്ത് തന്നെ തൊഴില്‍ മാറ്റത്തിനോ ശ്രമിക്കുന്ന വിദേശികള്‍ക്ക്, കാലഹരണപ്പെട്ട തൊഴിൽ വിസ അല്ലെങ്കില്‍ റെസിഡന്‍സി കാര്‍ഡുമായി ബന്ധപ്പെട്ട എല്ലാ പിഴകളും ഒഴിവാക്കി നല്‍കും. തൊഴില്‍ മന്ത്രാലയം അവരുടെ നിലവിലെ സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പാക്കിയ ശേഷം മാത്രമാണ് ഈ ആനുകൂല്യത്തിന് യോഗ്യത തീരുമാനിക്കുക.

രണ്ടാമത്തെ കേസില്‍, സ്ഥിരമായി ഒമാന്‍ വിടാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്കും ഇളവ് ലഭിക്കും. ഇവര്‍ രാജ്യത്ത് നിന്ന് സ്ഥിരമായി പോകാന്‍ ഒരുങ്ങുകയാണെങ്കില്‍ അവരുടെ പേരില്‍ കാലഹരണപ്പെട്ട നോൺ വര്‍ക്ക് വിസയുമായി ബന്ധപ്പെട്ടുള്ള എല്ലാ പിഴകളും ഒഴിവാക്കും. 

Read Also -  അന്തരീക്ഷത്തെ വിഴുങ്ങി തിരമാല പോലെ ഉയർന്നു പൊങ്ങി പൊടിപടലങ്ങൾ, അപൂർവ്വ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് സൗദി

ഇതിനായുള്ള അപേക്ഷകളില്‍ തടസ്സരഹിതമായും സമയബന്ധിതമായും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ആവശ്യമായ എല്ലാ സാങ്കേതിക സംവിധാനങ്ങളും ഉറപ്പാക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. ഈ ആനുകൂല്യത്തിന് യോഗ്യരായ എല്ലാ വ്യക്തികളും തൊഴിലുടമകളും ഗ്രേസ് പീരീഡ് പ്രയോജനപ്പെടുത്തണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. 2025 ജൂലൈ 31 വരെയാണ് സമയപരിധി അനുവദിച്ചിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം