Asianet News MalayalamAsianet News Malayalam

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ സൗദി സന്ദർശനം പൂർത്തിയായി; മടങ്ങുന്നത് നയതന്ത്ര ബന്ധം ഊട്ടിയുറപ്പിച്ച്

വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ചരിത്രപരമായ സൗഹൃദം അവലോകനം ചെയ്തു.

Foreign minister S Jaishankar completes his three day official visit in Saudi Arabia
Author
First Published Sep 12, 2022, 10:34 AM IST

റിയാദ്: ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന്റെ ത്രിദിന സൗദി സന്ദർശനം പൂർത്തിയായി. ശനിയാഴ്ച്ച റിയാദിലെത്തിയ അദ്ദേഹം സൗദി ഭരണാധികാരികളുമായി സുപ്രധാന കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. തന്ത്രപരമായ പങ്കാളികൾ എന്ന നിലയിൽ സൗദി അറേബ്യയുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ചാണ് എസ്. ജയ്ശങ്കറിന്റെ മടക്കം. ഞായറാഴ്ച ഉച്ചക്ക് റിയാദിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ലയുമായും വൈകീട്ടോടെ ജിദ്ദയിലെത്തി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായും കൂടിക്കാഴ്ചകൾ നടത്തിയ അദ്ദേഹം തിങ്കളാഴ്ച്ച രാവിലെ ഇന്ത്യയിലേക്ക് മടങ്ങും.
 

സന്ദര്‍ശനത്തിന്റെ ആദ്യദിനമായ ശനിയാഴ്ച റിയാദിൽ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ആസ്ഥാനത്തെത്തി സെക്രട്ടറി ജനറൽ ഡോ. നാഇഫ് ഫലാഹ് അൽ ഹജ്റഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗൾഫ് രാജ്യങ്ങളും ഇന്ത്യയും തമ്മിൽ സഹകരണം മെച്ചപ്പെടുത്തേണ്ടതിന്റെ വിവിധ വശങ്ങൾ ചർച്ചയില്‍ ഇടം പിടിച്ചു.

Read also: സൗദിയില്‍ ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് ഡോ. എസ്. ജയശങ്കര്‍

വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ചരിത്രപരമായ സൗഹൃദം അവലോകനം ചെയ്തു.
കൂടിക്കാഴ്ചയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ സെക്രട്ടറിയും സൗദിയിലെ മുൻ ഇന്ത്യൻ അംബാസഡറുമായ ഡോ. ഔസാഫ് സഈദ്, സൗദി വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറിയും ഇന്ത്യയിലെ മുൻ സൗദി അംബാസഡറുമായ ഡോ. സഊദ് അൽ - സാത്തി, നിലവിലെ അംബാസഡർ സാലെഹ് അൽ-ഹുസൈനി എന്നിവർ പങ്കെടുത്തു. 

രാഷ്ട്രീയ - സുരക്ഷാ - സാമൂഹിക - സാംസ്കാരിക സഹകരണത്തിനുള്ള സംയുക്ത സമിതിയുടെയും (പി.എസ്.എസ്.സി) അതിനുകീഴിലെ രാഷ്ട്രീയ വിഷയങ്ങൾ, സുരക്ഷ, സാമൂഹിക - സാംസ്കാരിക ബന്ധം, പ്രതിരോധ സഹകരണം എന്നിവക്കായുള്ള വർക്കിങ് ഗ്രൂപ്പുകളുടെയും യോഗങ്ങളിലും ഇരു വിദേശകാര്യമന്ത്രിമാരും പങ്കെടുത്തു. ശനിയാഴ്ച്ച വൈകുന്നേരം റിയാദിലെ ഇന്ത്യൻ എംബസിയിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്‍ത മന്ത്രി, സാമൂഹിക പ്രതിനിധികൾ ഉന്നയിച്ച നിരവധി പരാതികൾക്കും ആവശ്യങ്ങൾക്കും പരിഹാരം കാണാമെന്ന് ഉറപ്പ് നൽകി.

Read also: വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍ സൗദി അറേബ്യയുടെ പൗരാണിക തലസ്ഥാന നഗരം സന്ദര്‍ശിച്ചു

Follow Us:
Download App:
  • android
  • ios