ജലീബ് അല്‍ ഷുയൂഖ്, ഫര്‍വാനിയ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ നടത്തിയ പരിശോധനകളില്‍ നിയമലംഘകരായ 68 പ്രവാസികളെ അറസ്റ്റ് ചെയ്തു. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്റ്‌സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ് ആണ് താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് വിവിധ രാജ്യക്കാരായ ഇവരെ അറസ്റ്റ് ചെയ്തത്. 

ജലീബ് അല്‍ ഷുയൂഖ്, ഫര്‍വാനിയ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. റാഖ മേഖലയില്‍ നടന്ന പരിശോധനയില്‍ അറബ് പൗരനായ ഒരു യാചകനെയും സുരക്ഷാസേന പിടികൂടി. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. താമസ നിയമലംഘനങ്ങള്‍ക്കും ഭിക്ഷാടനത്തിനുമെതിരെ പരിശോധന തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

കുവൈത്തില്‍ തൊഴില്‍, താമസ നിയമലംഘകരായ പ്രവാസികള്‍ക്കായി നടത്തിവരുന്ന പരിശോധനകള്‍ തുടരുകയാണ്. മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുടെ നേതൃത്വത്തില്‍ റെസിഡന്‍സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിന്റെ സഹകരണത്തോടെ ജൂണ്‍ മാസം നടന്ന പരിശോധനകളില്‍ ആകെ 922 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ രാജ്യത്തു നിന്ന് നാടുകടത്താനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

Read Also - വൈദ്യുതി കേബിളുകളും ഉപകരണങ്ങളും മോഷ്ടിച്ചു; അഞ്ച് പ്രവാസികൾ ചേര്‍ന്ന് നടത്തിയത് നൂറോളം മോഷണങ്ങൾ

കുവൈത്തില്‍ മസാജ് കേന്ദ്രങ്ങളില്‍ സദാചാര വിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടെന്ന കേസില്‍ 15 പ്രവാസികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മോറല്‍സ് പ്രൊട്ടക്ഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് വിവിധ രാജ്യക്കാരായ 15 പേര്‍ പിടിയിലായത്.

സാല്‍മിയ, ഹവല്ലി എന്നിവിടങ്ങളിലെ മൂന്ന് മസാജ് കേന്ദ്രങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കുറ്റാന്വേഷണ വിഭാഗം, പ്രത്യേകിച്ച് പബ്ലിക് മോറല്‍സ് പ്രൊട്ടക്ഷന്‍ വിഭാഗം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് വരികയാണ്. പണം നല്‍കി സദാചാര വിരുദ്ധ പ്രവൃത്തികളില്‍ എര്‍പ്പെട്ടെന്ന കുറ്റം ചുമത്തിയാണ് 15 പേരെയും പിടികൂടിയത്. അറസ്റ്റിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

സമാനമായ രീതിയില്‍ സദാചാരവിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ടെന്ന കേസില്‍ അഞ്ച് പ്രവാസികളെ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. സാല്‍മിയയിലെ ഒരു മസാജ് കേന്ദ്രത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കുറ്റാന്വേഷണ വകുപ്പ്, പൊതുമര്യാദ സംരക്ഷണ വിഭാഗം എന്നിവയുമായി ചേര്‍ന്ന് രാജ്യത്തെ നിയമലംഘകരെ പിടികൂടാന്‍ നടത്തിയ പരിശോധനകളിലാണ് ഇവരെ പിടികൂടിയത്. ഏഷ്യക്കാരാണ് അറസ്റ്റിലായത്. പണം നല്‍കി സദാചാരവിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ടെന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരുന്നു. 

Read Also - പ്രവാസികളുടെ വിസ അഞ്ച് വര്‍ഷത്തേക്ക് പരിമിതപ്പെടുത്താന്‍ നീക്കം? താമസനിയമം പുഃനപരിശോധിക്കുമെന്ന് റിപ്പോര്‍ട്ട്

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബില്‍ കാണാം...