ഇന്തോനേഷ്യൻ വംശജയായ ഒരു സ്ത്രീയാണ് മരിച്ചത്.

റിയാദ്: സൗദി അറേബ്യയിലേക്ക് ഹജ്ജ് തീർത്ഥാടനത്തിനുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് തീർത്ഥാടക മരിച്ചു. ഇന്തോനേഷ്യൻ വംശജയായ ഒരു സ്ത്രീയാണ് മരിച്ചത്. ഇന്തോനേഷ്യയിൽ നിന്നും സൗദിയിലെ മദീനയിലേക്കുള്ള വിമാനത്തിലായിരുന്നു മരിച്ച സ്ത്രീ ഉൾപ്പെട്ട ഇന്തോനേഷ്യൻ ഹജ്ജ് സംഘം ഉണ്ടായിരുന്നത്. മരണ കാരണം വ്യക്തമല്ല. 

സംഭവവുമായി ബന്ധപ്പെട്ട ഒരു വീഡിയോ പ്രചരിക്കുന്നുണ്ടായിരുന്നു. മരിച്ച സ്ത്രീയുടെ ബന്ധുവാണെന്ന് തോന്നിപ്പിക്കുന്ന ഒരാളെ വിമാനത്തിലുള്ള മറ്റ് യാത്രക്കാർ ആശ്വസിപ്പിക്കുന്നത് വീഡിയോയിൽ കാണാം. വിമാനം ലാൻഡ് ചെയ്യുന്നതിന് മുൻപ് മരിച്ച സ്ത്രീയുടെ മൃതദേഹം പൊതിഞ്ഞ നിലയിൽ കിടക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാൻ കഴിയും. വിമാനം സൗദിയിൽ എത്തുന്നതിന് മുൻപ് തന്നെ സ്ത്രീ മരിച്ചിരുന്നെന്നും പിന്നീട് മദീനയിൽ ഖബറടക്കം നടത്തിയതായുമാണ് റിപ്പോർട്ടുകൾ. 

കഴിഞ്ഞ മാസം അവസാനത്തോടെയാണ് ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകരുമായുള്ള വിമാന സർവീസുകൾ ഇന്തോനേഷ്യയിൽ നിന്നും ആരംഭിച്ചിരുന്നത്. മദീനയിലെ പ്രിൻസ് അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് ഈ വിമാനങ്ങൾ സർവീസ് നടത്തുന്നത്. ഇന്തോനേഷ്യയിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസുകൾ മെയ് 16 വരെ തുടരും. ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യയിൽ നിന്ന് ഏകദേശം 221,000 തീർത്ഥാടകർ ഈ വർഷം ഹജ്ജ് നിർവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം