ഇന്ത്യ - ഒമാൻ സംയുക്ത സമിതി പതിനൊന്നാമത് സെഷൻ സംഘടിപ്പിച്ചു. ഇരു രാജ്യങ്ങളുടെയും വാണിജ്യ,വ്യവസായ മന്ത്രിമാരുടെ നേതൃത്വത്തിലാണ് സെഷൻ നടന്നത്.
മസ്കത്ത്: വ്യാപാര, നിക്ഷേപ ബന്ധം അവലോകനം ചെയ്യുന്നതിനായി ഇന്ത്യ - ഒമാൻ സംയുക്ത സമിതി പതിനൊന്നാമത് സെഷൻ സംഘടിപ്പിച്ചു. ഒമാൻ വാണിജ്യ,വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് മുഹമ്മദ് അൽ യൂസഫിന്റെയും ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഘോയലിന്റെയും നേതൃത്വത്തിലാണ് സെഷൻ സംഘടിപ്പിച്ചത്.
പുനരുപയോഗ ഊർജം, ടെക്നോളജി, ഹെൽത്ത്കെയർ, ടൂറിസം എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതകളെക്കുറിച്ച് ഇരു രാജ്യങ്ങളും ചർച്ച ചെയ്തു. കൂടാതെ, 2023ൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് നടത്തിയ ഇന്ത്യ സന്ദർശനത്തെ തുടർന്നുണ്ടായ പരസ്പര സഹകരണത്തിലെ പുരോഗതിയെക്കുറിച്ചും യോഗം വിലയിരുത്തി. 2023 വരെ ഒമാനിലുള്ള ഇന്ത്യൻ കമ്പനികളുടെ നിക്ഷേപം 750 മില്ല്യൺ റിയാൽ കവിഞ്ഞിരുന്നു. അതേസമയം, 2024 വരെ ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള നിക്ഷേപം 600 മില്ല്യൺ റിയാൽ കവിയുകയും ചെയ്തു.
read also: ഇന്ത്യൻ നിക്ഷേപകർക്കും അവസരം; മക്ക, മദീന റിയൽ എസ്റ്റേറ്റ് കമ്പനികളിൽ വിദേശ നിക്ഷപത്തിന് അനുമതി
ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധം വികസിപ്പിക്കുന്നത് സംബന്ധിച്ച സാധ്യതകൾ കൂടുതലാണെന്ന് ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഘോയൽ പറഞ്ഞു. കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള നിർദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിൻ്റെ ചർച്ച അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
