ജിദ്ദയിൽ അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി. 24 രാജ്യങ്ങളിൽ നിന്ന് ആയിരത്തിലേറെ പ്രസാധകർ തങ്ങളുടെ പുസ്തകങ്ങളുമായി മേളനഗരിയിലെ 400 പവലിയനുകളിലായി അണിനിരന്നിരിക്കുകയാണ്.
റിയാദ്: വായന മരിക്കുന്നില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതാണ് സൗദി അറേബ്യയിൽ നടക്കാറുള്ള അന്താരാഷ്ട്ര പുസ്തകമേളകൾ. രാജ്യത്തെ വിവിധയിടങ്ങളിൽ നടക്കുന്ന മേളകൾ അക്ഷരാർത്ഥത്തിൽ ലക്ഷക്കണക്കിനാളുകൾ പങ്കെടുക്കുന്ന ഉത്സവങ്ങളായാണ് അരങ്ങേറുന്നത്. ധാരാളമാളുകൾ സന്ദർശിക്കുകയും പുസ്തകങ്ങൾ വാങ്ങുകയും ചെയ്ത റിയാദിലെയും മദനീയിലെയും പുസ്തകമേളകൾക്ക് ശേഷം ജിദ്ദയിൽ അന്താരാഷ്ട്ര പുസ്തകമേള ജിദ്ദ സൂപ്പർ ഡോമിൽ കഴിഞ്ഞ ദിവസം ആരംഭിച്ചു.
24 രാജ്യങ്ങളിൽ നിന്ന് ആയിരത്തിലേറെ പ്രസാധകർ തങ്ങളുടെ പുസ്തകങ്ങളുമായി മേളനഗരിയിലെ 400 പവലിയനുകളിലായി അണിനിരന്നിരിക്കുകയാണ്. ‘ജിദ്ദ വായിക്കുന്നു’ എന്ന തലക്കെട്ടിലാണ് ഇത്തവണ പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്. വിലക്കിഴിവുള്ള പുസ്തകങ്ങളുടെ വിഭാഗം സന്ദർശകരിൽ നിന്നും വായനാപ്രേമികളിൽ നിന്നും മികച്ച പ്രതികരണമാണ് നേടിയത്.
ഇത് വായനാ ഓപ്ഷനുകൾ വികസിപ്പിക്കാനും വിവിധ വിഭാഗക്കാർക്ക് പുസ്തകങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശനം നൽകാനും സഹായിക്കുന്ന ഒരു സവിശേഷമായ സാംസ്കാരികാനുഭവമാണ് നൽകുന്നത്. ‘ജിദ്ദ വായിക്കുന്നു’ എന്ന മുദ്രാവാക്യമുയർത്തി സാഹിത്യ പ്രസിദ്ധീകരണ വിവർത്തന ജനറൽ അതോറിറ്റിയാണ് പുസ്തകമേള സംഘടിപ്പിക്കുന്നത്. പുസ്തകങ്ങൾ അഞ്ച് റിയാൽ മുതൽ 25 റിയാൽ വരെയുള്ള കുറഞ്ഞ വിലകളിലാണ് പുസ്തകങ്ങൾ ലഭിക്കുന്നത്. പുസ്തകമേള ഡിസംബർ 20ന് സമാപിക്കും.


