ക്രൂരമായ ആക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം

കുവൈറ്റ് സിറ്റി: ഇസ്രയേൽ സൈന്യം ഖത്തറിനെതിരെ നടത്തിയ ആക്രമണത്തെ കുവൈറ്റ് ശക്തമായി അപലപിച്ചു. ഈ ക്രൂരമായ ഇസ്രയേലി ആക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയാണിത്. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ട് തുരങ്കം വയ്ക്കുന്നതാണ് ആക്രമണമെന്നും വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു. ഖത്തർ എന്ന സഹോദര രാഷ്ട്രം അതിന്റെ സുരക്ഷ, സ്ഥിരത, പരമാധികാരം എന്നിവ നിലനിർത്തുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ സംരക്ഷിക്കുന്നതിനും സ്വീകരിച്ച നടപടികൾക്ക് കുവൈറ്റ് പൂർണ പിന്തുണ അറിയിച്ചു.

കുവൈറ്റ് അമീർ ഖത്തർ അമീറിനെ ഫോണിൽ ബന്ധപ്പെട്ടു

കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ ഫോണിൽ വിളിച്ചു. സഹോദര രാഷ്ട്രമായ ഖത്തറിനെതിരായ ഇസ്രയേൽ ആക്രമണത്തെ കുവൈറ്റ് ശക്തമായി അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു. സഹോദര രാഷ്ട്രമായ ഖത്തർ, അതിന്റെ നേതൃത്വം, സർക്കാർ, ജനങ്ങൾ എന്നിവയ്ക്ക് കുവൈത്തിന്റെ പൂർണ പിന്തുണയും വാഗ്ദാനം ചെയ്തു. പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ നിലനിർത്താൻ സ്വീകരിച്ച എല്ലാ നടപടികളും തീരുമാനങ്ങളും പൂർണമായി പിന്തുണയ്ക്കുന്നതായും അദ്ദേഹം അറിയിച്ചു. ഖത്തറിനെ പിന്തുണയ്ക്കുന്നതിന് കുവൈത്തിന്റെ എല്ലാ കഴിവുകളും ഊർജ്ജവും പ്രയോജനപ്പെടുത്താനുള്ള സന്നദ്ധതയും അമീർ അറിയിച്ചു.