2025ൽ കുവൈത്തിൽ നിന്ന് നാടുകടത്തിയത് 39,487 പ്രവാസികളെ. താമസ നിയമലംഘനം, മയക്കുമരുന്ന് കേസുകൾ, പൊതുതാൽപ്പര്യത്തിന് വിരുദ്ധമായ പ്രവർത്തനങ്ങൾ എന്നിവയിലാണ് നടപടി. കുടുംബത്തോടൊപ്പം താമസിച്ചിരുന്നവർ നാടുകടത്തപ്പെട്ടപ്പോൾ കുടുംബാംഗങ്ങളും രാജ്യം വിട്ടു.
കുവൈത്ത് സിറ്റി: രാജ്യത്തെ നിയമവ്യവസ്ഥ കൂടുതൽ കർശനമാക്കുന്നതിന്‍റെ ഭാഗമായി 2025ൽ കുവൈത്തിൽ നിന്ന് നാടുകടത്തിയത് 39,487 പ്രവാസികളെ. താമസ നിയമലംഘനം, മയക്കുമരുന്ന് കേസുകൾ, പൊതുതാൽപ്പര്യത്തിന് വിരുദ്ധമായ പ്രവർത്തനങ്ങൾ തുടങ്ങിയ കാരണങ്ങളാലാണ് ഇത്രയും പേർക്കെതിരെ നടപടി സ്വീകരിച്ചതെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടന്ന സുരക്ഷാ പരിശോധനകളിലാണ് ഇവർ പിടിയിലായത്.
കുടുംബത്തോടൊപ്പം താമസിച്ചിരുന്നവർ നാടുകടത്തപ്പെട്ടപ്പോൾ, അവരുടെ വിസ സ്റ്റാറ്റസ് അനുസരിച്ച് കുടുംബാംഗങ്ങളും രാജ്യം വിടേണ്ടി വന്നു. എല്ലാ നിയമപരമായ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ് ഇവരെ നാടുകടത്തൽ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. റെസിഡൻസി നിയമങ്ങൾ ലംഘിക്കുന്നവർക്കും ക്രിമിനൽ കുറ്റങ്ങളിൽ ഏർപ്പെടുന്നവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. രാജ്യത്തെ നിയമങ്ങൾ കൃത്യമായി പാലിക്കുന്ന പ്രവാസികളെ കുവൈത്ത് എന്നും സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
നിലവിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ ക്യാമ്പയിനുകൾ തുടരുകയാണ്. രേഖകളില്ലാതെ താമസിക്കുന്നവരെയും സ്പോൺസർഷിപ്പ് നിയമങ്ങൾ ലംഘിക്കുന്നവരെയും കണ്ടെത്താനായി വിമാനത്താവളങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും പരിശോധനകൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. കുവൈത്തിലെ ജനസംഖ്യാ ക്രമീകരണത്തിന്റെയും ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടികൾ വിലയിരുത്തപ്പെടുന്നത്.


