കുവൈത്തില്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അൽ-അർദിയ കോഓപറേറ്റിവ് സൊസൈറ്റി സ്റ്റോറിലെ തൊഴിലാളികളാണ് പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യൻ ഉല്‍പന്നങ്ങള്‍ ഒഴിവാക്കിയത്. 

കുവൈത്ത് സിറ്റി: പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച് കുവൈത്തിലെ പ്രാദേശിക സൂപ്പര്‍മാര്‍ക്കറ്റ് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിച്ചു. കുവൈത്തില്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അൽ-അർദിയ കോഓപറേറ്റിവ് സൊസൈറ്റി സ്റ്റോറിലെ തൊഴിലാളികളാണ് പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യൻ ഉല്‍പന്നങ്ങള്‍ ഒഴിവാക്കിയത്. 

സൂപ്പര്‍ മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ വില്‍പനയ്ക്ക് വച്ച അലമാരകള്‍ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മറച്ചുവച്ചശേഷം ഞങ്ങൾ ഇന്ത്യൻ ഉൽപന്നങ്ങൾ നീക്കം ചെയ്തു എന്ന് അറബിയിൽ കുറിപ്പും വെച്ചിട്ടുണ്ട്. കുവൈത്ത് മുസ്‍ലിം ജനതയെന്ന നിലയിൽ പ്രവാചകനെ അപമാനിക്കുന്നത് അംഗീകരികരിക്കാനാവില്ലെന്ന് സൂപ്പര്‍മാര്‍ക്കറ്റ് ഉടമ പ്രതികരിച്ചു.

നബി വിരുദ്ധ പ്രസ്താവനയെ അപലപിച്ച് യുഎഇ: അനുനയ നീക്കങ്ങളുമായി കേന്ദ്രസ‍ര്‍ക്കാര്‍
ദുബായ്: പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിച്ച കൊണ്ടുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനയിൽ പ്രതികരണവുമായി യുഎഇ. വിവാദ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നതായി യുഎഇ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. 

Read more: പ്രവാചകനെതിരായ അധിക്ഷേപം സംഘപരിവാർ അജണ്ടയുടെ ഭാഗമെന്ന് മുഖ്യമന്ത്രി

മാനുഷിക മൂല്യങ്ങൾക്കും തത്ത്വങ്ങൾക്കും വിരുദ്ധമായിട്ടുള്ള എല്ലാത്തരം ആശയങ്ങളേയും പ്രസ്താവനകളേയും പ്രവൃത്തികളേയും യുഎഇ തള്ളിക്കളയുന്നതായും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. മതവിശ്വാസങ്ങളെ ആക്രമിക്കാനും വിദ്വേഷ പ്രസംഗങ്ങൾ നടത്താനുള്ള ശ്രമങ്ങൾ ഒന്നിച്ചു നിന്ന് നേരിടണമെന്നും സഹിഷ്ണുതയുടേയും മാനുഷിക സഹവര്‍ത്തിത്വത്തിൻ്റേയും മൂല്യങ്ങൾ പ്രചരിപ്പിക്കാനുള്ള ലോകരാഷ്ട്രങ്ങൾ ഒന്നിച്ചു വരണമെന്നും പ്രസ്താവനയിൽ യുഎഇ വ്യക്തമാക്കി. 

വിവാദപ്രസ്താവനയിൽ കേന്ദ്രസ‍ര്‍ക്കാര്‍ സമ്മര്‍ദ്ദത്തിൽ 
ദില്ലി: ഇന്ത്യക്കെതിരെ അറബ് രാഷ്ട്രങ്ങളില്‍ പ്രതിഷേധമുയരുമ്പോള്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും കൂടുതല്‍ പ്രതിരോധത്തിലേക്ക്. പ്രധാനമന്ത്രി കടുത്ത അതൃപ്തിയിലാണ്. മോദിയുടെ 8 വര്‍ഷത്തെ ഭരണത്തില്‍ ഭാരതമാതാവ് അപമാനഭാരത്താല്‍ തലകുനിച്ചെന്ന് മുന്‍ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി വിമര്‍ശിച്ചു.

പാര്‍ട്ടി വക്താക്കളുണ്ടാക്കിയ പുകിലില്‍ ബിജെപിയും കേന്ദ്രസര്‍ക്കാരും നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. നുപുര്‍ ശര്‍മ്മയുടെ വിവാദ പ്രസ്താവനയില്‍ കാണ്‍പൂരില്‍ സംഘര്‍ഷം ശക്തമായപ്പോള്‍ മിണ്ടാതിരുന്ന നേതൃത്വം അറബ് രാഷ്ട്രങ്ങള്‍ നിലപാട് കടുപ്പിച്ചതിന് ശേഷം മാത്രമാണ് ഇത്തരം പ്രസ്താവനകളെ അംഗീകരിക്കില്ലെന്ന നിലപാട് വ്യക്തമാക്കിയത്. ഉഭയകക്ഷി ബന്ധം തുലാസിലാകും വിധം അറബ് രാഷ്ട്രങ്ങള്‍ ഒന്നിച്ചപ്പോള്‍ വക്താക്കള്‍ക്കെതിരെ പാര്‍ട്ടിക്ക് നടപടിയെടുക്കേണ്ടിയും വന്നു. 

അറബ് രാജ്യങ്ങളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്, രാജ്യത്തിന്‍റെ പ്രതിഛായയ്ക്ക് മങ്ങലേല്‍പിച്ച നടപടി കടുത്ത ക്ഷീണമായി. ലോക രാജ്യങ്ങളുമായി കൂടുതല്‍ അടുക്കാനും മോദിയുടെ ഭരണ നേട്ടങ്ങള്‍ ഇന്ത്യക്ക് പുറത്തേക്ക് എത്തിക്കാനുമായി അടുത്തിടെ പാര്‍ട്ടി തുടങ്ങി വച്ച ബിജെപിയെ അറിയുക എന്ന പ്രചാരണ പരിപാടിക്കും തിരിച്ചടിയായി. ചില വിദേശ രാജ്യ പ്രതിനിധികളുമായി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ചര്‍ച്ച നടത്തി വരുമ്പോഴാണ് പാര്‍ട്ടി വക്താക്കളുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ ഇരുട്ടടിയായത്.