പിടിവലിക്കിടയിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് പിടികൂടി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഇരുകാലുകളും അടിച്ചൊടിച്ചു. ശേഷം പഴ്സും മൊബൈൽ ഫോണും കവർന്നു.
റിയാദ്: സൗദി അറേബ്യയില്‍ കവർച്ചക്കാരുടെ ആക്രമണത്തിൽ മലയാളിക്ക് ഗുരുതര പരിക്കേറ്റു. തിരുവനന്തപുരം പട്ടം സ്വദേശി ബിനു (53) ആണ് ആറുപേരടങ്ങിയ കവർച്ചാ സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. ജോലി കഴിഞ്ഞ് രാത്രി എട്ടോടെ ബത്ഹയിലെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന ബിനുവിനെ മോഷ്ടാക്കള്‍ പിന്തുടരുകയും ആക്രമിക്കുകയുമായിരുന്നു.
പിടിവലിക്കിടയിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് പിടികൂടി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഇരുകാലുകളും അടിച്ചൊടിച്ചു. ശേഷം പഴ്സും മൊബൈൽ ഫോണും കവർന്നു. ബത്ഹ ശാര റെയിലിലെ മലയാളി റെസ്റ്റാറന്റിന് പിന്നിൽ വെച്ചായിരുന്നു ആക്രമണം. ഇരുകാലുകൾക്കും ഗുരുതര പരിക്കേറ്റ ബിനു ചികിത്സ തേടി. പ്ലാസ്റ്ററിട്ട കാലുകളുമായി റൂമിൽ കഴിയുകയാണ്. ജോലിക്ക് പോകാൻ കഴിയുന്നില്ല. ദൈനംദിന ആവശ്യങ്ങൾക്ക് പോലും പരസഹായമില്ലാതെ കഴിയില്ലെന്ന അവസ്ഥയില്‍ സുമനസ്സുകളുടെ സഹായം തേടുകയാണ് വെൽഡിങ് ജോലിക്കാരനായ ബിനു. ചികിത്സക്കായി നാട്ടിൽ പോകണമെന്നാണ് കരുതുകയാണ്. ഇതിനായി സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയെ സമീപിക്കും.
