ജൂൺ ആറ് മുതൽ ജൂൺ 10 വരെയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.
ദോഹ: വൈവിധ്യമാർന്ന ആഘോഷങ്ങളോടെ പെരുന്നാളിനെ വരവേൽക്കാൻ ഖത്തറിലെ മുശൈരിബ് ഡൗൺടൗൺ. ബലിപെരുന്നാൾ ദിനമായ ജൂൺ ആറു മുതൽ 10 വരെയായി അഞ്ചുദിവസങ്ങളിൽ വൈവിധ്യമാർന്ന ഈദ് ആഘോഷ പരിപാടികൾ ഒരുക്കിയതായി മുശൈരിബ് പ്രോപ്പർട്ടീസ് അധികൃതർ അറിയിച്ചു. തത്സമയ വിനോദ പരിപാടികൾ, സ്റ്റേജ് ഷോ, കുട്ടികൾക്ക് ആസ്വദിക്കാവുന്ന ഒരുപിടി വിനോദങ്ങൾ തുടങ്ങിയ പരിപാടികളാണ് മുശൈരിബിൽ ഒരുങ്ങുന്നത്. പെരുന്നാൾ ദിനമായ വെള്ളിയാഴ്ച വൈകുന്നേരം മുതൽ ആഘോഷ പരിപാടികൾ തുടങ്ങും.
വൈകിട്ട് നാലു മുതൽ രാത്രി 11 വരെയാണ് മുശൈരിബ് ഗലേറിയയിൽ ആഘോഷ പരിപാടികൾ അരങ്ങേറുന്നത്. എന്റർടെയ്ൻമെന്റ് സ്റ്റേജാണ് പ്രധാന വിനോദ കേന്ദ്രം. കലാ പ്രകടനങ്ങൾ, സംഗീത-നാടക പരിപാടികൾ ഉൾപ്പെടെ ഉത്സവ പ്രതീതിയായിരിക്കും സന്ദർശകർക്കായി ഒരുക്കുന്നത്. കുട്ടികൾക്കായി പ്രത്യേക ഏരിയകൾ തന്നെ പെരുന്നാളിനോടനുബന്ധിച്ച് സജ്ജമാക്കിയതായി അധികൃതർ അറിയിച്ചു. മാജിക് ഷോ, ബബ്ൾ ഷോ, ഫേസ് പെയിന്റിങ്, ക്രിയേറ്റിവ് ശിൽപശാലകൾ, കുട്ടികൾക്കായി ശാസ്ത്രീയ പരീക്ഷണങ്ങൾ എന്നിവ ഈ മേഖലയിലുണ്ടാകും. കുട്ടികൾക്കും കുടുംബങ്ങൾക്കും ആസ്വാദ്യകരമായ പ്രത്യേക ഷോകളും പെരുന്നാൾ ദിനങ്ങളിൽ ഒരുക്കും. സംഗീത പരിപാടികൾക്കൊപ്പം സമ്മാനങ്ങൾ നേടാനും അവസരമുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.
മുശൈരിബിനോടനുബന്ധിച്ച് പ്രദേശത്തെ പ്രധാന ഹോട്ടലുകളും ഈദ് പാക്കേജുകൾ അവതരിപ്പിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ മുശൈരിബ് മ്യൂസിയം അവധിയായിരിക്കും. ശനി മുതൽ തിങ്കൾ വരെ രാവിലെ 11 മുതൽ രാത്രി ഏഴു വരെയാകും പ്രവേശനം. ചൊവ്വാഴ്ച മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും. മുശൈരിബിലെ പെരുന്നാൾ ആഘോഷ വേദികളിലേക്ക് പ്രവേശനം സൗജന്യമാണ്.


