ഡീസൽ കള്ളക്കടത്ത് നടത്തിയ പ്രവാസികളുൾപ്പടെ 9 പേർ അറസ്റ്റിൽ. ഫാമിൽ കണ്ടെയ്‌നറുകളിൽ ഡീസൽ സൂക്ഷിച്ചിട്ടുണ്ട് എന്ന വിവരത്തെ തുടർന്ന്, റെയ്ഡ് നടത്താനുള്ള വാറണ്ട് നേടിയ ശേഷമാണ് മന്ത്രാലയ ഉദ്യോഗസ്ഥർ എത്തിയത്.

കുവൈത്ത് സിറ്റി: കുവൈത്തിൽ ഡീസൽ കള്ളക്കടത്ത് നടത്തിയ പ്രവാസികളുൾപ്പടെ 9 പേർ അറസ്റ്റിൽ. രാജ്യത്ത് നിന്ന് ഡീസൽ കടത്താനും ശേഖരിക്കാനും ഉപയോഗിച്ചിരുന്ന അൽ അബ്ദലിയിലെ ഒരു ഫാമിൽ റെയ്ഡ് നടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഈ ഓപ്പറേഷൻ നടന്നത്. പബ്ലിക് സെക്യൂരിറ്റി കാര്യങ്ങളുടെ അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹാമെദ് അൽ ദവാസ് റെയ്ഡിൽ പങ്കെടുത്തു.

ഫാമിൽ കണ്ടെയ്‌നറുകളിൽ ഡീസൽ സൂക്ഷിച്ചിട്ടുണ്ട് എന്ന വിവരത്തെ തുടർന്ന്, റെയ്ഡ് നടത്താനുള്ള വാറണ്ട് നേടിയ ശേഷമാണ് മന്ത്രാലയ ഉദ്യോഗസ്ഥർ എത്തിയത്. ഡീസൽ നിറച്ച 33 കണ്ടെയ്‌നറുകൾ റെയ്ഡിൽ പിടിച്ചെടുത്തു. പമ്പുകളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തതിന് പുറമെ, ഈ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ സൂത്രധാരനായതായി സംശയിക്കുന്ന ഒരു കുവൈത്തി പൗരൻ ഉൾപ്പെടെ ഒൻപത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.