Asianet News MalayalamAsianet News Malayalam

മദീനയിലെത്തുന്ന തീർത്ഥാടകരെ സേവിച്ച് നാല് പതിറ്റാണ്ട്; 96-ാം വയസിൽ അബൂ അൽ സബാ വിടവാങ്ങി

പ്രായത്തിന്റെ അവശത ഒട്ടും വകവെക്കാതെ കഴിഞ്ഞ റമദാനിൽ പോലും അബൂ അൽ സബാ മദീനയിൽ എത്തിയ സന്ദർശകർക്ക് ഭക്ഷണം വിതരണം ചെയ്യാൻ എത്തിയിരുന്നു.

Old aged man who served pilgrims in holy mosque madinah died at 96
Author
First Published Apr 18, 2024, 10:13 PM IST

റിയാദ്: മദീനയിലെത്തുന്ന തീർഥാടകർക്ക് നാലു പതിറ്റാണ്ടു കാലം ചായയും കഹ്‌വയും ഈത്തപ്പഴവുമെല്ലാം സൗജന്യമായി വിതരണം ചെയ്ത് ഏറെ ശ്രദ്ധേനായ ജീവകാരുണ്യ പ്രവർത്തകൻ നിര്യാതനായി. അബൂ അൽ സബാ എന്ന പേരിൽ അറിയപ്പെടുന്ന ശൈഖ് ഇസ്മാഈൽ അൽ സൈം (96) ആണ് ചൊവ്വാഴ്ച വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് അന്തരിച്ചത്. 

പ്രായത്തിന്റെ അവശത ഒട്ടും വകവെക്കാതെ കഴിഞ്ഞ റമദാനിൽ പോലും അബൂ അൽ സബാ മദീനയിൽ എത്തിയ സന്ദർശകർക്ക് ഭക്ഷണം വിതരണം ചെയ്യാൻ എത്തിയിരുന്നു. ഇസ്‌ലാമിക ചരിത്രത്തിൽ മദീനയിലെത്തിയ വിശ്വാസികൾക്ക് പ്രവാചക കാലത്ത് മഹിതമായ സേവനം ചെയ്തിരുന്ന 'അൻസാറുകൾ' എന്ന പേരിലറിയപ്പെട്ടിരുന്ന സേവന സന്നദ്ധരായ വിശ്വാസികളെക്കുറിച്ച് പരമർശിക്കുന്നുണ്ട്. ഈ അൻസാറുകളുടെ 'പ്രതിനിധി' യെന്നുപോലും ആളുകൾ വിശേഷിപ്പിച്ചിരുന്ന സാത്വികനായിരുന്നു ശൈഖ് ഇസ്മാഈൽ അൽ സൈം. 

ഇദ്ദേഹത്തിന്റെ ആതിഥ്യ മര്യാദയും സ്നേഹവും നിറഞ്ഞ ഭക്ഷണ വിതരണത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ കുറിപ്പുകളും വിവരണങ്ങളൂം പ്രാദേശിക പത്രങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രാധാന്യപൂർവം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. 'സിറിയൻ ശൈഖ്' എന്നും അറിയപ്പെട്ടിരുന്ന അബൂ അൽ സബാ 50 വർഷങ്ങൾക്ക് മുമ്പാണ് മദീനയിൽ സ്ഥിരതാമസം ആരംഭിച്ചത്. മദീനയിലെത്തിയത് മുതൽ മസ്ജിദുന്നബവി കേന്ദ്രമാക്കി അദ്ദേഹം നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. 40 വർഷം മുടക്കമില്ലാതെ ചായ, കാപ്പി, പാൽ, കഹ്‌വ, ഈത്തപ്പഴം തുടങ്ങി വിവിധ ഭക്ഷ്യവിഭവങ്ങൾ സ്വന്തം കരങ്ങൾ കൊണ്ട് തന്നെ അദ്ദേഹം വിതരണം ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios