കുവൈത്തിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് ജഹ്റ ഫയർ ബ്രിഗേഡിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി.

കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ അൽ-സുബിയ റോഡിലാണ് വാഹനാപകടം ഉണ്ടായത്. രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് എമർജൻസി സർവീസസ് അറിയിച്ചു.

അപകടത്തെ തുടർന്ന് ജഹ്റ ഫയർ ബ്രിഗേഡിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി. കൂട്ടിയിടിയുടെ ആഘാതം കാരണം വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. രക്ഷാപ്രവർത്തനങ്ങൾക്കായി ടീമുകൾ ഉടൻ തന്നെ രംഗത്തിറങ്ങുകയും പരിക്കേറ്റവരെ വാഹനങ്ങളിൽ നിന്ന് പുറത്തെടുക്കുകയും ചെയ്തു. അവർക്ക് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ബന്ധപ്പെട്ട മെഡിക്കൽ അധികാരികൾക്ക് കൈമാറി. തുടർന്ന് അപകടത്തിന്‍റെ കാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതിനായി ഫയർ ഉദ്യോഗസ്ഥർ അപകടസ്ഥലം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.