കുവൈത്തിൽ ഇതുവരെ 1400ലധികം ഭൂചലനങ്ങൾ രേഖപ്പെടുത്തിയതായി റിപ്പോർട്ട്. കുവൈത്തിലെ വിവിധ ഭാഗങ്ങളിലായി ഒമ്പത് ഫീൽഡ് സ്റ്റേഷനുകൾ കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിനുണ്ട്. 

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇതുവരെ രേഖപ്പെടുത്തിയത് 1,400-ലധികം ഭൂചലനങ്ങൾ. 1997ൽ സ്ഥാപിതമായത് മുതൽ കുവൈത്ത് നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് രാജ്യത്ത് ചെറുതും ഇടത്തരവുമായ 1,400-ലധികം ഭൂചലനങ്ങൾ രേഖപ്പെടുത്തിയതായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് (KISR) ഡയറക്ടർ ഡോ. ഫൈസൽ അൽ-ഹുമൈദാൻ വെളിപ്പെടുത്തി. പ്രാദേശിക ഭൂചലനങ്ങൾക്ക് പുറമെ ആഗോള തലത്തിലുള്ള പ്രകമ്പനങ്ങളും ഈ ശൃംഖല 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ടെന്ന് അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. കുവൈത്തിലെ വിവിധ ഭാഗങ്ങളിലായി ഒമ്പത് ഫീൽഡ് സ്റ്റേഷനുകൾ ഈ ശൃംഖലയ്ക്ക് കീഴിലുണ്ട്. ഷുവൈഖിലെ ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനത്തുള്ള സെൻട്രൽ സീസ്മിക് ഡാറ്റ അനാലിസിസ് സെന്ററിലാണ് ഈ വിവരങ്ങൾ വിശകലനം ചെയ്യുന്നത്.

ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമീപകാല നേട്ടങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, 2024-25 കാലയളവിൽ ശാസ്ത്ര ഗവേഷണ രംഗത്ത് വലിയ മുന്നേറ്റം നടത്താൻ KISRന് സാധിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു. പരിസ്ഥിതി, ഊർജ്ജം, ജലം, ഭക്ഷ്യസുരക്ഷ, നവീകരണം എന്നീ മേഖലകളിൽ നിരവധി പ്രായോഗിക പദ്ധതികളാണ് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്നത്. ഗവേഷണ രംഗത്തെ മികവിനുള്ള 'സിമാഗോ' റാങ്കിംഗിൽ 322 ഗവേഷണ കേന്ദ്രങ്ങൾക്കിടയിൽ ഗൾഫ് മേഖലയിൽ രണ്ടാം സ്ഥാനവും പ്രാദേശിക തലത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കാൻ KISRന് സാധിച്ചു. രാജ്യത്തെ മുൻനിര ഗവേഷണ സ്ഥാപനമെന്ന നിലയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ ഈ നേട്ടം സഹായിച്ചുവെന്ന് ഡോ. ഫൈസൽ അൽ-ഹുമൈദാൻ കൂട്ടിച്ചേർത്തു.