തുറമുഖത്തെത്തിയ ഷിപ്പ്മെന്‍റില്‍ സംശയം തോന്നിയ അധികൃതര്‍ നടത്തിയ പരിശോധനയില്‍ 2962.5 കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്.

ദോഹ: ഖത്തറിലേക്ക് വന്‍തോതില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. ഹമദ് തുറമുഖത്തെ മാരിടൈം കസ്റ്റംസ് വിഭാഗം അധികൃതരാണ് തമ്പാക്ക്, സുപാരി ഉള്‍പ്പെടെയുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. 

തുറമുഖത്തെത്തിയ ഷിപ്പ്മെന്‍റില്‍ സംശയം തോന്നിയ അധികൃതര്‍ നടത്തിയ പരിശോധനയില്‍ 2962.5 കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. 118.800 കിലോഗ്രാം സുപാരിയും 220 കിലോഗ്രാം മറ്റ് നിരോധിത പുകയില ഉല്‍പ്പന്നവുമാണ് പിടിച്ചെടുത്തത്. 

കഴിഞ്ഞ ദിവസം ഒമാനിലും വന്‍തോതില്‍ ലഹരി ഗുളികകള്‍ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയിരുന്നു. 18 ലക്ഷം മയക്കുമരുന്ന് ഗുളികകളുമായെത്തിയ പ്രതികളെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നിന്നാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് ഏഷ്യന്‍ ലഹരി കള്ളക്കടത്തുകാരാണ് പിടിയിലായത്. സമുദ്രമാര്‍ഗമാണ് ഇവര്‍ എത്തിയത്. ഇവരുടെ പക്കല്‍ നിന്ന് 1,822,000 ക്യാപ്റ്റഗണ്‍ ഗുളികകളാണ് പിടിച്ചെടുത്തത്. പ്രതികള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. 

Read More -  സൗദിയില്‍ 19 ലക്ഷം ലഹരി ഗുളികകള്‍ പിടികൂടി; മയക്കമരുന്ന് ഒളിപ്പിച്ചത് അതിവിദഗ്ധമായി

അതേസമയം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വന്‍ ലഹരിമരുന്ന് കടത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ദുബൈ പൊലീസ് പരാജയപ്പെടുത്തിയിരുന്നു. രഹസ്യവിവരം ലഭിച്ച് ഏഴ് മണിക്കൂറിനുള്ളിലാണ് 436 കിലോഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തത്. 'ഓപ്പറേഷന്‍ ലെഗ്യൂംസ്' എന്ന് പേരിട്ട അന്വേഷണത്തില്‍ ആറു പ്രതികളെയും പിടികൂടി. യഥാര്‍ത്ഥ പയറു വര്‍ഗങ്ങള്‍ക്കൊപ്പം പ്ലാസ്റ്റിക് പയറും ചേര്‍ത്ത് ഇതിനുള്ളിലാക്കി വിദഗ്ധമായാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയിലെ ആറ് പ്രതികളെയാണ് ദുബൈ പൊലീസ് പിടികൂടിയത്.

Read More -  കായിക ഉപകരണങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്ത്; കയ്യോടെ പിടികൂടി കസ്റ്റംസ്

280 ബാഗുകളിലായി 5.6 ടണ്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമിക്കുന്നതായി ദുബൈ പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതികളെ പിന്തുടരുകയും അവരുടെ സങ്കേതത്തില്‍ റെയ്ഡ് നടത്തുകയുമായിരുന്നു.