ആറ് യാചകരെ ഇന്നലെ അറസ്റ്റ് ചെയ്തു. ഒരാഴ്ചക്കിടെ വിവിധ രാജ്യക്കാരായ 21 യാചകരാണ് പിടിയിലായത്.

കുവൈത്ത് സിറ്റി: ഭിക്ഷാടനത്തിനെതിരെയുള്ള സുരക്ഷാ ക്യാമ്പയിന്‍ ശക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. റമദാന് മുന്നോടിയായാണ് പരിശോധനകള്‍ ശക്തമാക്കുന്നത്. 

ആറ് യാചകരെ ഇന്നലെ അറസ്റ്റ് ചെയ്തു. ഒരാഴ്ചക്കിടെ വിവിധ രാജ്യക്കാരായ 21 യാചകരാണ് പിടിയിലായത്. രാജ്യത്ത് ഭിക്ഷാടനം ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്പരില്‍ വിളിച്ച് അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ഇ-ഭിക്ഷാടകരെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ദുബൈ പൊലീസ്

ദുബൈ: റമദാനില്‍ ഇ-ഭിക്ഷാടകര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ദുബൈ പൊലീസ്. സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് ഇ-മെയിലുകള്‍ അയച്ചും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇട്ടുമാണ് ഇ-ഭിക്ഷാടകര്‍ തട്ടിപ്പ് നടത്തുന്നത്. 

റമദാന് മുന്നോടിയായി ഭിക്ഷാടനത്തിനെതിരായ പൊലീസിന്റെ വാര്‍ഷിക ക്യാമ്പയിനുമായി ബന്ധപ്പെട്ടാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. സഹതാപം പിടിച്ചു പറ്റുന്ന രീതിയിലുള്ള കഥകള്‍ ഉള്‍പ്പെടെ പോസ്റ്റ് ചെയ്താണ് ഭിക്ഷാടക സംഘം തട്ടിപ്പ് നടത്തുന്നത്. ഇത്തരം പോസ്റ്റുകളോ ഇ-മെയിലുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇ-ക്രൈം (www.ecrime.ae) പ്ലാറ്റ്‌ഫോമില്‍ ബന്ധപ്പെട്ട് പൊലീസില്‍ വിവരം അറിയിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. റമദാനില്‍ ആളുകളുടെ ദാനമനോഭാവം മുതലെടുക്കുകയാണ് ഇത്തരം ഭിക്ഷാടകര്‍ ചെയ്യുന്നതെന്നും ഭിക്ഷാടനം ശ്രദ്ധയില്‍പ്പെട്ടാല്‍ 901 എന്ന നമ്പരില്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം വാര്‍ഷിക ക്യാമ്പയിനിലൂടെ 458 ഭിക്ഷാടകരെയാണ് അറസ്റ്റ് ചെയ്തത്.

അതേസമയം സംഘടിത ഭിക്ഷാടനത്തിനെതിരെ യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 100,000 ദിര്‍ഹവും (20 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) പിഴയും ആറുമാസം വരെ തടവു ശിക്ഷയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. ഒന്നില്‍ കൂടുതല്‍ ആളുകള്‍ പരസ്പരം അറിഞ്ഞു കൊണ്ട് നടത്തുന്ന ഏത് ഭിക്ഷാടനവും സംഘടിത ഭിക്ഷാടനമായി കണക്കാക്കും. സംഘാംഗങ്ങളെ യുഎഇയിലേക്ക് കൊണ്ടുവന്നവര്‍ക്കും സമാനമായ ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.