അണ്ടർ 17 ലോകകപ്പ് ടിക്കറ്റുകൾ വാങ്ങുന്നതിന് ആരാധകർക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം

ദോഹ: ഈ വർഷം ഖത്തർ വേദിയാകുന്ന രണ്ട് പ്രധാന ഫുട്ബോൾ ടൂർണമെന്റുകളായ ഫിഫ അറബ് കപ്പിന്റെയും ഫിഫ അണ്ടർ 17 ലോകകപ്പിന്റെയും നറുക്കെടുപ്പ് പൂർത്തിയായി. ഞായറാഴ്ച്ച ലുസൈലിലെ റാഫിൾസ് ഹോട്ടലിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ടൂർണമെന്റുകളുടെ മത്സര ചിത്രം തെളിഞ്ഞു.

ഫിഫ അറബ് കപ്പ് ഖത്തർ 2025

ഖത്തർ അറബ് കപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഇത് രണ്ടാം തവണയാണ്. ഡിസംബർ 1 മുതൽ 18 വരെയാണ് ടൂർണമെന്റ്. യോഗ്യതാ മത്സരങ്ങൾ നവംബർ 25നും 26നും നടക്കും. യോഗ്യതാ ഘട്ടത്തിൽ ഏഴ് നോക്കൗട്ട് മത്സരങ്ങൾ ഉണ്ടാകും. വിജയികൾ ഫൈനൽ ഘട്ടത്തിൽ ഗ്രൂപ്പുകളിലെ മറ്റ് ടീമുകളുമായി ചേരും. നാല് ഗ്രൂപ്പുകളിലായി 16 ദേശീയ ടീമുകളാണ് അറബ് കപ്പിന്റെ ഫൈനൽ ഘട്ടത്തിൽ മത്സരിക്കുന്നത്. 
ഗ്രൂപ്പ് 'എ'യിൽ ആതിഥേയരായ ഖത്തറിനൊപ്പം, തുനീഷ്യയും പ്ലേ ഓഫ് വഴിയെത്തുന്ന രണ്ട് ടീമുകളുമാണ് കളിക്കുക. 2022 ഫിഫ ലോകകപ്പിൽ സെമിയിലെത്തി വിസ്മയിപ്പിച്ച മൊറോക്കോ, സൗദി അറേബ്യ ഉൾപ്പെടുന്ന ഗ്രൂപ്പ് 'ബി'യിൽ കളിക്കും. ശക്തരായ ഈജിപ്ത്, ജോർഡൻ, യു.എ.ഇ ടീമുകൾ 'ഗ്രൂപ്പ് സി' യിൽ അണിനിരക്കും. അൽജീരിയ, ഇറാഖ് ടീമുകൾ ഗ്രൂപ്പ് 'ഡി'യിൽ മത്സരിക്കും. ഖത്തർ ദേശീയ ടീം മുൻ ക്യാപ്റ്റൻ ഹസ്സൻ അൽ ഹൈദോസ്, മുൻ അൽജീരിയൻ താരം റാബഹ് മജർ, മുൻ സൗദി താരം യാസർ അൽ ഖഹ്താനി എന്നിവർ നറുക്കെടുപ്പിന് നേതൃത്വം നൽകി.

ഫിഫ അണ്ടർ 17 ലോകകപ്പ് ഖത്തർ 2025

നവംബർ 3 മുതൽ 27 വരെ നടക്കുന്ന കൗമാര ലോകകപ്പിൽ ഇത്തവണത്തെ ആദ്യമായി 48 ടീമുകൾ 12 ഗ്രൂപ്പുകളായി മാറ്റുരക്കും. ഫിഫ യൂത്ത് ടൂർണമെന്റുകളുടെ തലവൻ റോബർട്ടോ ഗ്രാസിയാണ് അണ്ടർ 17 ലോകകപ്പ് നറുക്കെടുപ്പിന് നേതൃത്വം നൽകിയത്. ഖത്തർ അണ്ടർ 17 കളിക്കാരനായ അബ്ദുൽ അസീസ് അൽ സുലൈത്തിയും 2014ൽ ജർമ്മനിക്കൊപ്പം ലോകകപ്പ് ജേതാവായ ജൂലിയൻ ഡ്രാക്സ്ലറും ചടങ്ങിൽ ഉണ്ടായിരുന്നു. നറുക്കെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ്, ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ വീഡിയോ സന്ദേശത്തിലൂടെ ചടങ്ങിനെത്തിയവരെ സ്വാഗതം ചെയ്‌തു.

ഗ്രൂപ്പ് എയിൽ ആതിഥേയരായ ഖത്തറിനൊപ്പം ഇറ്റലി, ദക്ഷിണാഫ്രിക്ക, ബൊളീവിയ ടീമുകളാണ് ഉള്ളത്. ഗ്രൂപ്പ് ബിയിൽ പോർച്ചുഗലിനൊപ്പം ഏഷ്യൻ കരുത്തരായ ജപ്പാനും മൊറോക്കോയുമുണ്ട്. നവാഗതരായ ന്യൂകലെഡോണിയയാണ് നാലാമത്തെ ടീം. സി ഗ്രൂപ്പിൽ കോസ്റ്റാറിക്ക, ക്രൊയേഷ്യ, സെനഗൽ, യുഎഇ ടീമുകൾ മാറ്റുരയ്ക്കും. അർജന്റീന കളിക്കുന്ന ഡി ഗ്രൂപ്പിൽ ബെൽജിയവും ടുണീഷ്യയും ഫിജിയുമാണ് മറ്റു ടീമുകൾ. ഇ ഗ്രൂപ്പിൽ ഇംഗ്ലണ്ട്, ഈജിപ്ത്, വെനസ്വേല, ഹെയ്തി ടീമുകളാണ് ഇറങ്ങുന്നത്. എഫ് ഗ്രൂപ്പിൽ ഐവറി കോസ്റ്റ്, ദക്ഷിണ കൊറിയ, മെക്‌സിക്കോ, സ്വിറ്റ്‌സർലൻഡ് ടീമുകൾ നോക്കൗട്ട് ബെർത്തിനായി പോരാടും. 

നിലവിലെ ചാമ്പ്യൻമാരായ ജർമനി ഗ്രൂപ്പ് ജിയിലാണ്. കൊളംബിയ, എൽസാൽവദോർ, നോർത്ത് കൊറിയ ടീമുകളാണ് ഗ്രൂപ്പിലുള്ളത്. നാല് തവണ കിരീടം നേടിയിട്ടുള്ള ബ്രസീലിനൊപ്പം ഗ്രൂപ്പ് എച്ചിൽ ഹോണ്ടുറാസ്, ഇന്തോനേഷ്യ. സാംബിയ ടീമുകളാണുള്ളത്. ഐ ഗ്രൂപ്പിൽ ചെക് റിപ്പബ്ലിക്കും അമേരിക്കയും തമ്മിലാകും പ്രധാന പോരാട്ടം. ഗ്രൂപ്പ് ജെയിൽ പരാഗ്വെ, അയർലൻഡ്, ഉസ്‌ബെകിസ്താൻ എന്നിവർക്കൊപ്പം പനാമയും പോരിനിറങ്ങും. കാനഡ, ചിലി, യുഗാണ്ട ടീമുകളാണ് കെ ഗ്രൂപ്പിൽ ഫ്രാൻസിനൊപ്പം കളിക്കാനിറങ്ങുന്നത്. ഗ്രൂപ്പ് എല്ലിൽ ഏഷ്യൻ വമ്പൻമാരായ സൗദിക്കൊപ്പം ഓസ്ട്രിയയും ന്യൂസിലൻഡും മാലിയുമാണ് മറ്റു ടീമുകൾ. 

12 ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച 8 മൂന്നാം സ്ഥാനക്കാരും നോക്കൗട്ടിലേക്ക് യോഗ്യത നേടും. ആകെ 104 മത്സരങ്ങളാണ് ടൂർണമെന്റിൽ ഉള്ളത്. ആസ്പയർ സോൺ കോംപ്ലക്സിലാണ് മത്സരങ്ങൾ നടക്കുക. നവംബർ 27ന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ഫൈനൽ. അണ്ടർ 17 ലോകകപ്പ് ടിക്കറ്റുകൾ വാങ്ങുന്നതിന് ആരാധകർക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം