റിയാദിൽ സൗദി-യുഎസ് നിക്ഷേപ ഉച്ചകോടിയിൽ സംസാരിക്കവേയാണ് ലോകത്തെ അമ്പരിപ്പിച്ച പ്രഖ്യാപനം

റിയാദ്: സിറിയക്കെതിരായ എല്ലാ ഉപരോധങ്ങളും നീക്കുമെന്നും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ അഭ്യർഥന മാനിച്ചാണിതെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അധികാരത്തിൽ തിരിച്ചെത്തിയശേഷം നടത്തുന്ന ആദ്യ വിദേശ സന്ദർശനത്തിനിടെ റിയാദിൽ സൗദി-യുഎസ് നിക്ഷേപ ഉച്ചകോടിയിൽ സംസാരിക്കവേയാണ് ലോകത്തെ അമ്പരിപ്പിച്ച പ്രഖ്യാപനം. സിറിയന്‍ സാഹചര്യം മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ചര്‍ച്ച ചെയ്ത ശേഷം യുഎസ് വിദേശകാര്യ സെക്രട്ടറി സിറിയന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. 

ഞാന്‍ ഇപ്പോള്‍ ചെയ്യുന്നതെല്ലാം മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുവേണ്ടിയാണ്. സിറിയക്കെതിരായ ഉപരോധങ്ങള്‍ ഞാന്‍ പിന്‍വലിക്കും. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ എന്നോട് ആവശ്യപ്പെടുന്നതെന്തും ഞാന്‍ ചെയ്യും. ലോകമെമ്പാടും അമേരിക്കക്ക് മികച്ച സഖ്യകക്ഷികളുണ്ട്. പക്ഷേ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനേക്കാള്‍ ശക്തരായ ആരും ഇല്ല. സൗദി അറേബ്യക്ക് പ്രതിരോധ സഹായം നൽകാൻ ഞാന്‍ മടിക്കില്ല. സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയുടെയും നേതൃത്വത്തില്‍ സൗദി അറേബ്യ കൈവരിച്ച വികസനവും പരിവര്‍ത്തനവും അത്ഭുതകരമാണ്. സിറിയൻ ഉപരോധം നീക്കുമെന്ന പ്രഖ്യാപനത്തെ സൗദി കിരീടാവകാശിയും മന്ത്രിമാരും ലോകത്തെ പ്രമുഖ വ്യക്തികളും ബിസിനസ് പ്രമുഖരും ഉന്നതോദ്യോഗസ്ഥരും അടങ്ങിയ സദസ് എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കി സ്വീകരിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം