Asianet News MalayalamAsianet News Malayalam

ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ രണ്ട് ബംഗ്ലാദേശികള്‍ക്ക് വധശിക്ഷ നടപ്പാക്കി

ഇന്ത്യക്കാരന്‍ മുഹമ്മദ് അര്‍സൂഖാനെ കാറില്‍ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി തുണിക്കഷണം ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചും വായില്‍ കീടനാശിനി സ്പ്രേ ചെയ്തുമാണ് കൊലപ്പെടുത്തിയത്.

two Bangladeshis executed for murdering indian man
Author
First Published Dec 22, 2023, 10:27 PM IST

റിയാദ്: സൗദി അറേബ്യയില്‍ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ രണ്ട് ബംഗ്ലാദേശികള്‍ക്ക് വധശിക്ഷ നടപ്പാക്കി. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. 

മദ്‌സിറാജുല്‍ മദ്ജലാല്‍ ബീഫാരി, മുഫസല്‍ മൗജൂന്‍ അലി എന്നിവരുടെ വധശിക്ഷയാണ് ജിസാനില്‍ നടപ്പാക്കിയത്. ഇന്ത്യക്കാരന്‍ മുഹമ്മദ് അര്‍സൂഖാനെ കാറില്‍ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി തുണിക്കഷണം ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചും വായില്‍ കീടനാശിനി സ്പ്രേ ചെയ്തുമാണ് കൊലപ്പെടുത്തിയത്. പ്രതികള്‍ ലഹരി ഗുളികകളും ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു. 

Read Also - ദുബൈയില്‍ ഇസ്രയേല്‍ സ്വദേശി കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതിക്ക് ജീവപര്യന്തം, അഞ്ചു പ്രതികള്‍ക്ക് 10 വര്‍ഷം തടവ്

കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ മൂന്നു പേരെ കൊലപ്പെടുത്തിയ ബംഗ്ലാദേശുകാരന്റെ വധശിക്ഷ നടപ്പാക്കിയിരുന്നു. ബംഗ്ലാദേശുകാരന്‍ മുഹമ്മദ് അബുല്‍ഖാസിം റുസ്തം അലി, ഇന്തോനേഷ്യക്കാരികളായ ഖദീജ മുനീര്‍, കാര്‍ത്തീനി എന്നിവരെ കൊലപ്പെടുത്തുകയും മറ്റൊരാളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത അബുല്‍കലാം അശ്‌റഫ് അലിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്. 

മക്ക പ്രവിശ്യയില്‍ ആണ് വധശിക്ഷ നടപ്പാക്കിയത്. കത്തിയും കത്രികയും ഉപയോഗിച്ചാണ് പ്രതി കൃത്യം നടത്തിയത്. പ്രതികാരം ചെയ്യാനായി കൊലപാതകങ്ങള്‍ നടത്തിയ പ്രതി കൊല്ലപ്പെട്ടവരുടെ പണവും ആഭരണങ്ങളും കവരുകയും ചെയ്തു.

അടുത്തിടെ വിവിധ കൊലപാതക കേസുകളിൽ പ്രതികളെന്ന് കണ്ടെത്തിയ നാലു പേർക്ക് സൗദി അറേബ്യയിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. സഹോദര ഭാര്യയെയും പിഞ്ചു മകളെയും കാർ കയറ്റി കൊലപ്പെടുത്തിയ സൗദി പൗരന് മക്കയിൽ ഇന്ന് വധശിക്ഷ നടപ്പാക്കി. സൗദി വനിത ഹംദ ബിൻത് അഹ്മദ് ബിൻ മുഹമ്മദ് അൽഹർബിയെയും നാലു വയസുകാരിയായ മകൾ ജൂദ് ബിൻത് ഹുസൈൻ ബിൻ ദഖീൽ അൽഹർബിയെയും കാർ കയറ്റി കൊലപ്പെടുത്തുകയും ഒരു വയസുകാരിയായ മകളെ കാർ കയറ്റി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത നായിഫ് ബിൻ ദഖീൽ ബിൻ അമൂർ അൽഹർബിക്ക് മക്ക പ്രവിശ്യയിലാണ് ശിക്ഷ നടപ്പാക്കിയത്.

കവർച്ച ലക്ഷ്യത്തോടെ സുഡാനിയെ ശിരസ്സിന് അടിച്ച് കൊലപ്പെടുത്തിയ രണ്ടു പേർക്ക് കിഴക്കൻ പ്രവിശ്യയിലും വധശിക്ഷ നടപ്പാക്കി. സുഡാനി അബ്ദുൽമന്നാൻ അബ്ദുല്ല നൂറിനെ ഉറങ്ങിക്കിടക്കുന്നതിനിടെ മുട്ടൻവടി ഉപയോഗിച്ച് ശിരസ്സിന് അടിച്ചുകൊലപ്പെടുത്തുകയും കവർച്ചക്ക് ശ്രമിച്ച് തങ്ങളുടെ മറ്റു രണ്ടു കൂട്ടുകാരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ഏതാനും വിദേശ തൊഴിലാളികളുടെ പണം പിടിച്ചുപറിക്കുകയും ഒരു വെയർഹൗസിൽ കവർച്ച നടത്താൻ ശ്രമിക്കുകയും ചെയ്ത സൗദി പൗരൻ അലി ബിൻ ഖാലിദ് ബിൻ നാസിർ അൽഹുവയാൻ അൽബൈശി, സുഡാനി ദുൽകിഫ്ൽ അഹ്മദ് ബഖീത്ത് അൽഹാജ് എന്നിവർക്ക് കിഴക്കൻ പ്രവിശ്യയിലാണ് ശിക്ഷ നടപ്പാക്കിയത്.

കൊലക്കേസ് പ്രതിയായ മറ്റൊരു സൗദി പൗരന് ദക്ഷിണ പ്രവിശ്യയായ അസീറിലും വധശിക്ഷ നടപ്പാക്കി. സൗദി പൗരൻ ഖബ്ലാൻ ബിൻ അബ്ദുല്ല ബിൻ ഖബ്ലാൻ അൽഖഹ്താനിയെ വെടിവെച്ചു കൊലപ്പെടുത്തിയ മുഹമ്മദ് ബിൻ ഹമദ് ബിൻ ശദീദ് അൽഹബാബിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios