അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. സ്‌ഫോടനത്തില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു. അജ്മാനിലെ അല്‍ ഹമീദിയ ഏരിയയിലെ കെട്ടിടത്തില്‍ ശനിയാഴ്ചയാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അകടമുണ്ടായത്. 

അപ്പാര്‍ട്ട്‌മെന്റിലെ അടുക്കളയില്‍ രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. അപകടത്തെ തുടര്‍ന്ന് അടുക്കളയില്‍ സാരമായ നാശനഷ്ടങ്ങളുണ്ടായി. എന്നാല്‍ തീപ്പിടുത്തമുണ്ടായില്ലെന്നാണ് വിവരം. പരിക്കേറ്റ രണ്ട് ഇന്ത്യക്കാരെ ഉടന്‍ തന്നെ ഷാര്‍ജയിലെ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചു. നിസ്സാര പരിക്കേറ്റ 21 കാരനെ പിന്നീട് ചികിത്സയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു. ഇടത് കയ്യിലും കാലുകളിലും പരിക്കേറ്റ 47കാരന് രണ്ട് ശസ്ത്രക്രിയകള്‍ വേണ്ടിവന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 

ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിക്കുന്നതിലും ഉപയോഗിക്കുന്നതിലും അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് അജ്മാന്‍ സിവില്‍ ഡിഫന്‍സ് അധികൃതര്‍ ജനങ്ങളോട് നിര്‍ദ്ദേശച്ചു. ഏതെങ്കിലും രീതിയിലുള്ള ലീക്കേജോ മറ്റ് തകരാറോ ഉണ്ടോയെന്ന് ഇടക്കിടെ പരിശോധിക്കണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.